തൂവാനത്തുമ്പികളില്‍ നിന്ന് ഒരു രംഗം.
സീന്‍-29
രാത്രി
ബീച്ച്
കടലിലേയ്ക്കു ചെരിച്ചുകെട്ടിയിരിക്കുന്ന പാറക്കെട്ടുകളിലോ, മണലിലോ, ക്ലാരയും ജയകൃഷ്ണനും- രണ്ടാളും അടുത്തടുത്തായി
ഇരിക്കുകയാണ്.
ക്ലാര: എന്തിനാ എപ്പഴും ഈ പറഞ്ഞതുതന്നെ പറഞ്ഞോണ്ടിരിയ്ക്കുന്നത്?
ജയകൃഷ്ണന്‍: അതിനു നീ ശരിയായിട്ടൊരു മറുപടി പറയാത്തോണ്ട്.
ക്ലാര: എന്നെക്കൊണ്ടുവയ്യാ, മോലാളിയുടെ വെപ്പാട്ടിയായിട്ടിരിയ്ക്കാന്‍. എന്താ കഴിഞ്ഞില്ലേ?
ജയകൃഷ്ണന് വീണ്ടും അതൊരടിയാണ്. രാധയില്‍ നിന്നു കിട്ടിയതുപോലെ വേറൊന്ന്.
serious ആയി ജയകൃഷ്ണന്‍: കാരണം?
ഓര്‍ത്തെടുത്ത് ക്ലാര: കാരണം? എനിക്കറിയാം. എന്നെ വെപ്പാട്ടിയാക്കാന്‍ ഇപ്പൊ ഒരുപാടു പേരുകാണുമെന്ന്. അതാര്‍ക്കൊക്കെ തോന്നുന്നൂന്ന്
ഞാനാദ്യമൊരു കണക്കെടുക്കട്ടെ.
ജയകൃഷ്ണന്‍ പകച്ചിരിക്കുമ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ട്
ക്ലാര: അങ്ങനെയാവണമെങ്കീത്തന്നെ ഒരു തടിക്കണ്‍ട്രാക്ടറുടെ വെപ്പാട്ടിയാകണോ? കുറെക്കൂടെ കാശും സൗകര്യോം ഉള്ള ആരെയെങ്കിലും
കിട്ടുമോന്ന് എനിക്കു തെരക്കി കൂടേ?
അവള്‍ പൊട്ടിച്ചിരിച്ചു.
ജയകൃഷ്ണനും ചിരിച്ചുപോയി. ആ തമാശയില്‍ പങ്കുചേര്‍ന്നുകൊണ്ട്.
ജയകൃഷ്ണന്‍: ആര്‍ത്തിപ്പഞ്ച!
ക്ലാര: എന്താ? ഒന്നൂടെ വിളിച്ചേ!
ജയകൃഷ്ണന്‍: (തറപ്പിച്ച്) ആര്‍ത്തിപ്പഞ്ച!
അവള്‍ വീണ്ടും ചിരിച്ചു. അയാളവളുടെ അരികിലേക്കു നീങ്ങിയിരുന്ന്, അവളുടെ ചുറ്റുമായി കൈ പരത്തിയിട്ട് അവളുടെ കണ്ണുകളിലേക്കു നോക്കി.
ക്ലാര. ജയകൃഷ്ണന്‍ അവനെല്ലാം തുറന്നുപറയണമെന്നുണ്ട്.
ക്ലാര അവനെ മെല്ലെ പിടിച്ച് മടിയിലേക്കു കിടത്തി.
അല്ലെങ്കിലവനങ്ങോട്ടണഞ്ഞു. അവന്റെ മുഖം പിടിച്ചുയര്‍ത്തി കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കി. ഒരു പ്രത്യേക വാത്സല്യത്തോടെ.
ക്ലാര: മോനേ, തടിക്കണ്‍ട്രാക്ടറേ, നീ ആരാ.
ജയകൃഷ്ണന്‍ ഞെട്ടിപ്പോയി.
ക്ലാര: ഉള്ളതുപറ-മ്!
ജയകൃഷ്ണന്‍.
ക്ലാര: ഇന്നുച്ചയ്ക്കു പന്ത്രണ്ടുമണിമുതല്‍ ഈ നേരംവരെ മോലാളി എന്നോടു പറഞ്ഞതു മുഴുവന്‍ ഗുണ്ടാന്ന് എനിയ്ക്കറിയാം. അതറിഞ്ഞോണ്ടുതന്നെയാ
ഞാനെന്റെ എല്ലാം നേരുതന്നെ പറഞ്ഞത്. പക്ഷേ, നമ്മളു രണ്ടുപേരും ചേരാന്‍ പറ്റിയവരാ. നേരുപറഞ്ഞാല്‍, നാളെയും പരസ്പരം ഉതകിയേക്കും.
ജയകൃഷ്ണന്‍ ആകെ വല്ലാതെയായി.
ക്ലാര: (മാതൃസഹജമായ വാത്സല്യത്തോടെ) ഒള്ളതു പറഞ്ഞോ. ഗുണമേ വരൂ!
ജയകൃഷ്ണന്‍. അവന്‍ അവളെത്തന്നെ നോക്കികിടന്നു.
ക്ലാരയുടെ മുഖത്തെ ചിരി മാഞ്ഞു തുടങ്ങി.
ഒരിടവേളക്കു ശേഷം ജയകൃഷ്ണന്‍: ഞാനാ മദര്‍ സുപ്പീരിയര്‍!
ക്ലാരയുടെ ചുണ്ടുകളുടെ കോണില്‍, ഒരു കറുത്ത മന്ദസ്മിതം.
ക്ലാര (മന്ത്രം പോലെ): ഞാനൂഹിച്ചു.
അയാളുടെ കൈകള്‍ അവളുടെ തോളിനു മേലേയ്ക്കു വന്നു. അതവളുടെ മുഖത്തെ അയാളുടെ മുഖത്തിനു നേരെ കൊണ്ടുപോയി. അവളുടെ ഭാഗത്ത് ഇപ്പോള്‍ ചെറുക്കലില്ല. അവള്‍ അത് ആസ്വദിക്കുന്നുണ്ട്.
സീന്‍ 30
രാത്രി/എക്‌സ്റ്റീരിയര്‍
ബീച്ച്
വേറൊരു ഭാഗം-ചൊരിമണലില്‍ ചേര്‍ന്നുകിടക്കുന്ന ജയകൃഷ്ണനും ക്ലാരയും. രണ്ടാളുടെയും ദേഹത്തും കഴുത്തിലും മണല്‍ത്തരികളുടെ തിളക്കമുണ്ട്.
ജയകൃഷ്ണന്‍: ആ നേരത്ത് രാധയങ്ങനെ പറഞ്ഞില്ലാരുന്നെങ്കീ, ഞാന്‍ ക്ലാരേക്കാണുകില്ലാരുന്നു….ചെലപ്പോ കണ്ടേനേ…പക്ഷേ എന്തായാലും ഇങ്ങനെ കാണുകില്ലായിരുന്നു. ഇത്രേം കാലോം ഒരു പെണ്ണിനേം കാണാന്‍ കൂട്ടാക്കാതെ ഞാന്‍ പിടിച്ചു നിന്നത്….
ക്ലാര അയാളെ ശ്രദ്ധിച്ചു. അയാള്‍ ലേശം ഇമോഷണല്‍ ആയിട്ടുണ്ടെന്നവള്‍ക്കും മനസ്സിലായി.
ജയകൃഷ്ണന്‍: എനിക്ക് ഉള്ളീത്തട്ടി മോഹം തോന്നുന്ന ഒരു പെണ്‍കുട്ടിക്കു കൊടുക്കാന്‍വേണ്ടി, ഞാനെന്നെത്തന്നെ സൂക്ഷിച്ച് വച്ചത്….
ഒരു സ്വയംനിന്ദപോലെ (സ്വയം) ഇനീപ്പോ ഞാനെല്ലാരേം കാണാന്‍ തൊടങ്ങുമോ ന്നാ, ഇപ്പഴന്റെ പേടി.
ക്ലാര: അതൊന്നുമില്ല. രാധേയായിട്ട് ഒന്നൂടെ കാണ്. (ചിരിച്ച്) ഇനി കോളേജീപ്പോയിട്ടു വേണ്ടാ. വേറെ എവിടെയെങ്കിലും വച്ച്.
അയാള്‍ അതു നടപ്പില്ല എന്ന ടോണില്‍ ഒന്നു തലയാട്ടി. എഴുന്നേറ്റിരുന്നു.
അയാളെ പിടിച്ചെഴുന്നേല്പിച്ചുകൊണ്ട്.
ക്ലാര:അതൊക്കെ വരും. ഒരു ദിവസം കാണാം രാധ മണ്ണാറത്തൊടീലിരിക്കുന്നതു മൂന്നാല് ബൊമ്മയ്ക്കന്‍ തമ്പ്‌രാന്‍ കുഞ്ഞുങ്ങളുമായിട്ട്.
(അയാളും അവളുടെ ചിരിയില്‍ പങ്കുചേര്‍ന്നുപോയി.)
ക്ലാര: അതുകാണാന്‍ ഞാനൊരു ദിവസം അവിടെ വരുന്നുണ്ട്.
രണ്ടടി നടന്ന് പെട്ടെന്നവളെ പിടിച്ചുനിര്‍ത്തി സീരിയസ് ആയി.
ജയകൃഷ്ണന്‍: കൊറെ കൊച്ചുവാശികളും കൊറച്ച് അന്ധവിശ്വാസങ്ങളും, കൊച്ചു ദുശ്ശീലങ്ങളും അതാ ഞാന്‍.
ക്ലാര: തോന്നി
ജയകൃഷ്ണന്‍: എന്റെ രണ്ടാമതൊരു വാശി കൂടി ക്ലാര ഇന്നു തകര്‍ത്തു.
ക്ലാര (what toneല്‍): മ്?
ജയകൃഷ്ണന്‍: ഒരു പെണ്‍കുട്ടീടേം നാശത്തിന്റെ തുടക്കം എന്നിലൂടാവരുതേ-എന്നെനിക്കൊരു പ്രാര്‍ത്ഥനയുമുണ്ടായിരുന്നു.
ക്ലാര മനസ്സിലാകാതെ നില്ക്കുമ്പോള്‍-
ജയകൃഷ്ണന്‍: ഒരു പെണ്‍കുട്ടീടേം വിര്‍ജിനിറ്റി ഞാന്‍ കാരണം ഇല്ലാതാവരുത് എന്നെനിക്കൊരു നിര്‍ബന്ധമുണ്ടായിരുന്നു.
ക്ലാര സീരിയസ്.
ജയകൃഷ്ണന്‍: അങ്ങനെയൊന്നു സംഭവിച്ചാല്‍, ആ പെണ്‍കുട്ടിയാവും പിന്നെയങ്ങോട്ട് അന്ത്യം വരേയ്ക്കും എന്റെയൊപ്പം ഉണ്ടാവുകാ എന്നും ഞാനൊരു
ശപഥം എടുത്തിരുന്നു.
ക്ലാര അവളുടെ ചിരി മാഞ്ഞു.
ജയകൃഷ്ണന്‍: ഞാന്‍ ക്ലാരേ…..കല്യാണം ചെയ്‌തോട്ടെ?
അയാളതു പൂര്‍ണ്ണഗൗരവത്തിലാണു ചോദിച്ചത്.
ക്ലാര അവള്‍ക്കതു മനസ്സിലായി. പഴയൊരു സംഭവത്തിന്റെ അനുസ്മരണംപോലെ
പ്രത്യാശയുടെ നിറം പകര്‍ന്ന ഒരു മന്ദഹാസവുമായി.
ജയകൃഷ്ണന്‍: വിരോധം ഒന്നുംല്ലാല്ലോ?
പെട്ടെന്ന് തപ്പിയെടുത്ത വിടര്‍ന്ന ഒരു മന്ദഹാസവുമായി.
ക്ലാര:ഇല്ലാ!
ജയകൃഷ്ണന്‍ അവളെത്തന്നെ ശ്രദ്ധിച്ചിരുന്നു.
ക്ലാര: പക്ഷേ, ഞങ്ങടെ കൂട്ടത്തീച്ചേരണം.
ജയകൃഷ്ണന്‍: എന്നുവെച്ചാല്‍?
ക്ലാര: കടലീപ്പോവണം.
സംഗതി പിടികിട്ടിയ മന്ദഹാസത്തോടെ ജയകൃഷ്ണന്‍: പോവാം.
ക്ലാര: പോയാല്‍പോരാ. തിരിച്ചുവരുമ്പോ വലേല് എന്തെങ്കിലും ഉണ്ടാവണം.
ജയകൃഷ്ണന് (അവളെ പിടിച്ചിടുപ്പിച്ചുകൊണ്ട്): വലേല്, എന്തെങ്കിലുംണ്ടായാ മതിയോ?
ക്ലാര: പോരാ.
ജയകൃഷ്ണന്‍: പിന്നെ?
ക്ലാര: ഒരു വള്ളം നിറയെ. അയാള്‍ അവളെ ഗാഢമായി പുണര്‍ന്നു