....Unwinding reels of Our Cinema...

....Unwinding reels of Our Cinema...

Saturday, January 15, 2011

പാഥേയം -malayalam web

പാഥേയം എന്ന ചിത്രത്തിന്‌, ആ ചിത്രം പുറത്തിറങ്ങുമ്പോള്‍ ഇല്ലാതിരുന്ന ഒരു പ്രത്യേകത ഇന്നുണ്ട്‌. ദുഃഖകരമായ ഒരു പ്രത്യേകത. എന്താണെന്നോ, പ്രതിഭാധനനായ സംവിധായകന്‍ ഭരതനും മമ്മൂട്ടിയും അവസാനമായി ഒന്നിച്ച ചിത്രമാണ്‌ പാഥേയം. ഒപ്പം ലോഹിതദാസും. അതിനു പുറമേ, മലയാളം കണ്ട ഏറ്റവും മഹാനായ നടന്മാരിലൊരാളായ ഭരത്‌ഗോപി നീണ്ട കാലത്തെ ഇടവേളയ്‌ക്കു ശേഷം അഭ്രപാളികളില്‍ തിരിച്ചെത്തിയ സിനിമ കൂടിയായിരുന്നു, പാഥേയം. പാഥേയം നിര്‍മിച്ചതും ഗോപിയായിരുന്നു.

പാഥേയത്തിനു ശേഷം പലതരത്തില്‍ നിലനില്‌പിനായുള്ള ചാഞ്ചാട്ടങ്ങള്‍ നടത്തേണ്ടി വന്ന ഭരതന്‌ മമ്മൂട്ടിയുമൊത്തൊരു ചിത്രം ഒരുക്കാന്‍ കഴിഞ്ഞില്ല. പാഥേയം കഴിഞ്ഞ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ ഭരതന്‍ അന്തരിക്കുന്നതെങ്കിലും ആ വര്‍ഷങ്ങള്‍ മുഴുവന്‍ ദൗര്‍ഭാഗ്യമെന്നു പറയട്ടെ, മമ്മൂട്ടി എന്ന നടനു വേണ്ടി ഒരു ഉജ്വലകഥാപാത്രത്തെക്കൂടി ഒരുക്കാന്‍ ആ സംവിധായകപ്രതിഭയ്‌ക്കു കഴിഞ്ഞില്ല. എങ്കിലും, വലിയൊരു നഷ്‌ടബോധത്തിനു കാരണമില്ല. എന്തെന്നാല്‍, പത്തോ ഇരുപതോ വര്‍ഷത്തിലൊരിക്കല്‍ മാത്രം ഉണ്ടാകുന്നത്ര മികവാര്‍ന്ന, പണിക്കുറ തീര്‍ന്ന കഥാപാത്രമായിരുന്നു പാഥേയത്തിലെ ചന്ദ്രദാസ്‌.

1991ല്‍ പുറത്തുവന്ന അമരമാണ്‌ ഭരതനും മമ്മൂട്ടിയും ലോഹിതദാസും ഒരുമിച്ച ആദ്യചിത്രം. ആ ചിത്രത്തിലെ അച്ചൂട്ടി എന്ന കഥാപാത്രത്തെ മലയാളി നെഞ്ചേറ്റി. ഇരുന്നൂറു ദിവസം പിന്നിട്ട്‌ അമരം വന്‍വിജയമായിത്തീര്‍ന്നു. അതോടെ മമ്മൂട്ടി-ഭരതന്‍-ലോഹിടീമിന്റെ മറ്റൊരു ചിത്രം മലയാളി കാത്തിരിക്കാനും തുടങ്ങി.

ഇതിനിടെയാണ്‌, ശാരീരികതളര്‍ച്ച മൂലം വര്‍ഷങ്ങളായി സിനിമാരംഗം വിട്ടുനിന്നതിനാലും, ചികിത്സകള്‍ക്കായി ഏറെ പണം മുടക്കേണ്ടിവന്നതിനാലും സാമ്പത്തികമായി ആകെ തളര്‍ന്ന ഭരത്‌ഗോപിയെ രക്ഷപ്പെടുത്താനും വീണ്ടും രംഗത്തുകൊണ്ടുവരാനും ചില സ്‌നേഹിതര്‍ ശ്രമം തുടങ്ങിയത്‌. ആ ചിന്ത ഒടുവില്‍ അവസാനിച്ചത്‌, ഭരത്‌ഗോപി ഒരു സിനിമ നിര്‍മിക്കുക എന്ന ആശയത്തിലാണ്‌. സാമ്പത്തികമായി പലരും സഹായിക്കാനുണ്ടായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള നടന്മാര്‍ ഡേറ്റ്‌ നല്‍കാന്‍ തയ്യാറും. സാമ്പത്തികവിജയം ഏറെക്കുറെ ഉറപ്പിക്കാന്‍ പറ്റുന്ന ഒരു ടീമായിരുന്നു പിന്നെ വേണ്ടിയിരുന്നത്‌. അക്കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമായിരുന്നു, മമ്മൂട്ടി-ലോഹി-ഭരതന്‍. അങ്ങനെയാണ്‌ പാഥേയം എന്ന ചിത്രത്തിന്റെ പിറവി.

എഴുത്തുകാരനായ ചന്ദ്രദാസായാണ്‌ മമ്മൂട്ടി പാഥേയത്തില്‍ അഭിനയിച്ചത്‌. യൗവ്വനത്തില്‍ കല്‍ക്കട്ടയില്‍ താമസിച്ചിരുന്ന അയാള്‍ അവിടെ വച്ച്‌, ഒരു കാമുകീകാമുകന്മാരെ പരിചയപ്പെട്ടു. ബംഗാളിന്റെ ക്രൂരതകളിലൊന്നായ ഒരു പേമാരിനാളില്‍ അവരിലെ കാമുകിക്ക്‌ നിവൃത്തിയില്ലാതെ ചന്ദ്രദാസിന്റെ വസതിയില്‍ അഭയം പ്രാപിക്കേണ്ടി വരുന്നു. അവര്‍ തമ്മില്‍ ശാരീരികബന്ധമുണ്ടായി. കാമുകനെ ഉപേക്ഷിച്ച്‌, അവര്‍ ചന്ദ്രദാസിനെ വിവാഹം ചെയ്‌തു. എന്നാല്‍, ഒരു കുഞ്ഞുണ്ടായ ശേഷം ഈഗോക്ലാഷില്‍ അയാളുമായുള്ള ബന്ധം അവസാനിപ്പിച്ച്‌ അവര്‍ പഴയ കാമുകനെ തേടിപ്പോയി. അയാള്‍ അവരെ സ്വീകരിക്കുകയും ചെയ്‌തു.

പിന്നീട്‌ നാം കാണുന്നത്‌ വലിയ എഴുത്തുകാരനായ ചന്ദ്രദാസിനെയാണ്‌. അയാള്‍ ഊട്ടിയില്‍ ഒരു സ്‌കൂള്‍ ഫങ്‌ഷന്‌ ഉല്‍ഘാടകനായി എത്തുന്നു. അവിടെ വച്ച്‌ അയാളുടെ തന്നെ പ്രൊമിത്യൂസ്‌ എന്ന കവിത നാടകമാക്കിയ ഹരിത എന്ന പെണ്‍കുട്ടിയെ അയാള്‍ പരിചയപ്പെടുന്നു. അവര്‍ തമ്മിലുള്ള ബന്ധം വളര്‍ന്നുവരുമ്പോള്‍ അയാളറിയുന്നു, അയാളുടെ തന്നെ മകളാണ്‌ ഹരിതയെന്ന്‌.

അയാളുടെ പഴയ ഭാര്യയും ഭര്‍ത്താവും രംഗത്തെത്തുന്നു. അവര്‍ ബലമായി മകളെ കൂട്ടിക്കൊണ്ടുപോകുന്നു. ചന്ദ്രദാസ്‌ മകളുടെ പേരില്‍ അവകാശമുന്നയിച്ച്‌ കോടതിയില്‍ കേസ്‌ കൊടുക്കുന്നു. കോടതി മകളോടു ചോദിച്ചു, ആരെ വേണം. സ്വന്തം അച്ഛനെ വേണോ, അതോ ഉയിരും ഉടലും നല്‍കി വളര്‍ത്തിയ വളര്‍ത്തച്ഛനെ വേണോ. അവള്‍ തെരഞ്ഞെടുക്കുന്നത്‌ സ്വന്തം അച്ഛനെയാണ്‌. എന്നാല്‍, തന്റെ പ്രവൃത്തി എത്രയോ ജീവിതങ്ങള്‍ക്കു മേലുള്ള ആഘാതമാണെന്നു തിരിച്ചറിയുന്ന ചന്ദ്രദാസ്‌ മകളെ അവളുടെ വളര്‍ത്തച്ഛനു തന്നെ തിരികെ നല്‍കാന്‍ തീരുമാനിക്കുന്നിടത്ത്‌ ചിത്രം അവസാനിക്കുന്നു.

1993ലാണ്‌ പാഥേയം ഇറങ്ങിയത്‌. ബന്ധങ്ങളിലെ വൈചിത്ര്യങ്ങളിലും ശക്തികളിലും ഊന്നുന്ന പ്രമേയമായിരുന്നു പാഥേയത്തിന്റേത്‌. അതിലെ ചന്ദ്രദാസ്‌ ജീവിതത്തില്‍ പല വിരുദ്ധഘട്ടങ്ങളെ അഭിമുഖീകരിച്ചയാളാണ്‌. അതുതന്നെയാണ്‌ ആ കഥാപാത്രത്തിന്റെ പ്രത്യേകതയും. അയാളുടെ ഗുരുതുല്യനായ കവി വന്ന്‌ ഒരിക്കല്‍ ചോദിക്കുന്നുണ്ട്‌, നീ വിപ്ലവം പാടിയവനല്ലേ, ഇന്നെന്തുപറ്റി എന്ന്‌.

ഈയൊരു വൈരുദ്ധ്യത്തിന്റെ സംഘര്‍ഷമാണ്‌ ആ കഥാപാത്രത്തിന്റെ ജീവന്‍. ഏകാകിയായിരിക്കുമ്പോഴും ഓര്‍മകളിലെ കൂട്ടിന്റെ ഭാരം താങ്ങേണ്ടിവരുന്ന, നിസ്സംഗനായിരിക്കുമ്പോഴും പണ്ട്‌ വിപ്ലവകവിയായിരുന്നതിന്റെ സംഘര്‍ഷം പേറേണ്ടിവരുന്ന, അച്ഛനായിരിക്കുമ്പോഴും അനപത്യതാദുഃഖം അനുഭവിക്കേണ്ടിവരുന്ന ദ്വന്ദ്വമനസ്സ്‌. ഈ ഇരട്ടമുഖത്തിന്റെ വ്യഥാപരിതാപങ്ങളും സംഘര്‍ഷങ്ങളും മമ്മൂട്ടിയുടെ മുഖവും ശരീരവും പകര്‍ത്തിക്കാട്ടി.

സൗമ്യമായ ചലനങ്ങളാണ്‌ പ്രശസ്‌തനായ ചന്ദ്രദാസിലുടനീളം കാണാവുന്നത്‌. അദ്ദേഹം പൊതുവെ നിസ്സംഗനാണ്‌. ആ നിസ്സംഗത ചലനങ്ങളില്‍ മമ്മൂട്ടി സ്വാംശീകരിച്ചു. ഉള്ളിലെ ക്ഷോഭം വാക്കുകളായി ഇടയ്‌ക്കിടെ പുറത്തു ചാടും. അപ്പോഴും ശരീരം ഇളകിയാടുകയല്ല, വാക്കുകളിലും അവ വരുന്ന രീതിയിലുമാണ്‌ ആ ക്ഷോഭം പ്രകടമാകുക. ചന്ദ്രദാസിനെ ഉള്ളറിഞ്ഞ മമ്മൂട്ടി അതീവഭദ്രമായി ആ കഥാപാത്രത്തിനു ജീവന്‍ നല്‍കി.

എഴുത്തുകാരന്റെ ഭാവചലനങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ വല്ലാത്തൊരു കൃത്യത മമ്മൂട്ടി എന്നും പാലിക്കാറുണ്ട്‌. അത്‌ അക്ഷരങ്ങളിലെ ജയദേവനും കരിയിലക്കാറ്റുപോലെയിലെ ഹരികൃഷ്‌ണനും ശ്യാമയിലെ വിശ്വനാഥനും മതിലുകളിലെ ബഷീറും ഒക്കെ തെളിയിച്ചിട്ടുമുണ്ട്‌. പാഥേയത്തിനു മുമ്പ്‌ മമ്മൂട്ടി അവതരിപ്പിച്ച എഴുത്തുകാരൊക്കെ ഗദ്യകാരന്മാരായിരുന്നു. എന്നാല്‍, പാഥേയത്തില്‍ മമ്മൂട്ടി കവിയായി. കവിയുടേതായ രൂപഭാവഗരിമകള്‍ മേക്കപ്പിലൂടെ കൈവരിച്ച മമ്മൂട്ടിയുടെ കഥാപാത്രം കവിയുടെ പെരുമാറ്റം ആ നടന്റെ നിരീക്ഷണസമര്‍ഥമായ ചലനങ്ങളിലൂടെ ഉള്‍ക്കൊണ്ടു.

പാഥേയത്തിന്‌ മറ്റ്‌ ചില പ്രത്യേകതകള്‍ കൂടി ഉണ്ടായിരുന്നു. കൈതപ്രം- രവി ബോംബെ ടീമിന്റെ ഉജ്വലഗാനങ്ങള്‍, ചിപ്പി എന്ന നടിയുടെ അരങ്ങേറ്റം, ഒടുവിലാന്റെ മികച്ച പ്രകടനം. ഏറെക്കാലത്തെ ഇടവേളയ്‌ക്കു ശേഷം മമ്മൂട്ടിയും നെടുമുടി വേണുവും ഒന്നിച്ച ചിത്രം തുടങ്ങിയ പ്രത്യേകതകള്‍. ടൈപ്പ്‌ വേഷങ്ങളില്‍ മനംമടുത്ത്‌ ചലച്ചിത്രജീവിതം തന്നെ ഉപേക്ഷിച്ച്‌ പിറവത്തെ വീട്ടില്‍ ഒതുങ്ങിക്കൂടിയ ലാലു അലക്‌സ്‌ എന്ന നടന്‍ അത്യുജ്വലമായ അഭിനയം കാഴ്‌ചവച്ച്‌ തന്റെ തിരിച്ചുവന്ന, ആ വരവ്‌ ആഘോഷമാക്കി മാറ്റിയ സിനിമ കൂടിയാണ്‌ പാഥേയം. മമ്മൂട്ടി നേരിട്ടുവിളിച്ച്‌, ലാലൂ, നിനക്കു മാത്രമേ ഈ കഥാപാത്രത്തെ അവതരിപ്പിക്കാനാവൂ എന്ന്‌ പറഞ്ഞ്‌ നിര്‍ബന്ധിച്ച്‌ അഭിനയിപ്പിക്കുകയായിരുന്നു ലാലു അലക്‌സിനെ.

ഭരതനെ ഓര്‍ക്കുമ്പോള്‍ -malayalam web

അദ്ദേഹത്തെ ഓര്‍മിക്കുകയെന്നു പറഞ്ഞാല്‍, അദ്ദേഹം പ്രതിനിധാനം ചെയ്ത ചലച്ചിത്രപ്രസ്ഥാനത്തെ ഓര്‍ക്കുകയെന്നും, അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളെ ഓര്‍ക്കുകയെന്നും തന്നെയാണ് അര്‍ത്ഥം. ഒരു ചലച്ചിത്രകാരനെന്നുള്ള നിലയില്‍ മലയാള സിനിമയില്‍ ഭരതനുള്ള സവിശേഷ സ്ഥാനമെന്താണ്‌?

ഈ ചോദ്യത്തിന്‌ പല വീക്ഷണകോണുകളില്‍ നിന്ന്‌ ഉത്തരം പറയാനായേക്കും. തില്‍ക്കാലം മലയാള ചലച്ചിത്രചരിത്രത്തെത്തന്നെ ഒരു പ്രത്യേകതരത്തില്‍ ഒന്നു സംഗ്രഹിച്ചുകൊണ്ട്‌ മേല്‍ച്ചോദ്യത്തിന്‌ ഒരുത്തരമുണ്ടാക്കുകയാണിവിടെ:


മലയാള സിനിമയുടെ ഇതഃപര്യന്തമുള്ള ചലച്ചിത്രകാരന്മാരെ മൂന്നു വിഭാഗങ്ങളായി തിരിക്കാം.

  • ഒന്ന്‌, കച്ചവടഘടകങ്ങളെ പരമാവധി നിഷേധിച്ചുക്കൊണ്ട്‌ സിനിമയെടുത്ത/ എടുക്കുന്ന അടൂര്‍, അരവിന്ദന്‍, എം.പി. സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍.
  • രണ്ട്‌, കച്ചവടഘടകങ്ങളില്‍ പലതിനെയും സമര്‍ത്ഥമായി വിനിയോഗിക്കവേതന്നെ കച്ചവടസിനിമയ്‌ക്ക്‌ അപരിചിതമായ പ്രമേയ - ശില്‌പഘടനകളെ സ്വീകരിച്ച ഭരതന്‍, പത്മരാജന്‍, കെ.ജി. ജോര്‍ജ്ജ്‌, ഐ.വി. ശശി തുടങ്ങിയവര്‍.
  • മൂന്ന്‌, കച്ചവടഘടകങ്ങളില്‍ മാത്രം ഊന്നിനിന്നുകൊണ്ട്‌ നല്ലതോ ചീത്തയോ ആയ സിനിമകളെടുക്കുന്ന മറ്റുള്ളവര്‍.

തരമേതായാലും മലയാള സിനിമയിലെ സംവിധായകര്‍ തിരക്കഥയോട്‌ പൊതുവേ കടുത്ത ആധമര്‍ണ്യം പുലര്‍ത്തുന്നതായി തോന്നിക്കുന്നു. പഴയകാലചിത്രങ്ങള്‍ മുതല്‍ക്കുതന്നെ ചിലപ്പോള്‍ സംവിധായകന്റെ അതീത സാമര്‍ത്ഥ്യത്തിന്റെ മിന്നലാട്ടം കാണാമെന്നുള്ളത്‌ മറ്റൊരു കാര്യം. സ്‌ത്രീയിലെ (സംവിധാനം: പി. ഭാസ്‌ക്കരന്‍) ബലാത്സംഗരംഗം, യക്ഷിയിലെ (സംവിധാനം : സേതുമാധവന്‍) നായികയുടെ കാലുകള്‍ നിലത്തുപതിയാത്ത രംഗം, ഭാര്‍ഗ്ഗവീനിലയത്തില്‍ (സംവിധാനം : എ. വിന്‍സന്റ്‌) മതില്‍ സ്വീക്വന്‍സിലെ ആംഗിളുകള്‍ എന്നിങ്ങനെ ഏറെത്തെളിവുകളും കാണാം. അതേപോലെ, തിരക്കഥയില്‍ ആവശ്യത്തില്‍ കവിഞ്ഞ രചനാഭദ്രത പാലിക്കുന്ന എം.ടി. വാസുദേവന്‍ നായരുടെ തന്നെ തിരക്കഥയെ കവിഞ്ഞുമുന്നേറിയ ഓളവും തീരവും (പി.എന്‍. മേനോന്‍) ഏകാകിനി (ജി.എന്‍. പണിക്കര്‍) തുടങ്ങിയ മുഴുനീള ദൃഷ്‌ടാന്തങ്ങളുണ്ട്‌.

എങ്കിലും പൊതുവില്‍, നിരന്തരമായി, തിരക്കഥയില്‍ നിന്നു സിനിമയിലേക്ക്‌ നേരിട്ടുള്ളതല്ലാത്ത രണ്ടാം വഴി തേടുകയും അതിന്റെ ദൂരം അടയാളപ്പെടുത്തുകയും ചെയ്യാന്‍ ശ്രമിച്ച സംവിധായകര്‍ തുലോം തുച്ഛമാണ്‌. ശ്രമം വിജയമോ, പരാജയമോ ആകട്ടെ, അവര്‍ അരവിന്ദന്‍, കെ.ജി. ജോര്‍ജ്ജ്‌, ഭരതന്‍ തുടങ്ങിയവരാണ്‌. രചനാശാലികളെന്നു വിശേഷിപ്പിക്കാവുന്ന എം.ടി. പത്മരാജന്‍, ജോണ്‍പോള്‍, ലോഹിതദാസ്‌ തുടങ്ങിയവരുടെ തിരക്കഥകള്‍ ചലച്ചിത്രമാക്കുമ്പോഴും തിരക്കഥയെ, മലയാളത്തിന്റെ ഗതാനുഗതിക പ്രയാണത്തില്‍ നിന്നു വ്യത്യസ്‌തമായി, സംവിധായകന്റെ മുന്നിലെ ചലച്ചിത്രവല്‍ക്കരണത്തിനുള്ള പ്രശ്‌നപാഠമായി സമീപിച്ചു എന്നതാണ്‌ ഭരതനെന്ന സംവിധായകന്റെ സുപ്രധാനവും സവിശേഷവുമായ സ്ഥാനം.

ഭരതന്റെ രണ്ടാമത്തെ സവിശേഷത, മധ്യവര്‍ത്തി സിനിമാക്കാരിലെ മറ്റു പലരുമായും പങ്കുവെയ്‌ക്കുന്നതേ ആകുന്നുള്ളൂ; പ്രമേയത്തിലും ശില്‌പത്തിലും ദീക്ഷിക്കാന്‍ ശ്രമിച്ച പുതുമയും വിഗ്രഹ ഭഞ്‌ജുകത്വവുമാണത്‌.

ഒന്നാമത്തെ സവിശേഷതയെ വെളിപ്പെടുത്തുന്ന ചില സൂചനകള്‍ മാത്രമൊന്ന്‌ തലോടിക്കടന്നുപോകാം. തിരക്കഥയില്‍ സുഗ്രാഹ്യമാംവിധം വിശദീകരിക്കപ്പെടുന്ന ഭാഗങ്ങളോട്‌ മിക്കവാറും കേവലോദാരസമീപനം പുലര്‍ത്തുന്ന ഭരതന്‍ ചിലേടത്തെങ്കിലും അലംഭാവമെന്നു പോലും തോന്നിപ്പിക്കുന്ന ഉദാസീനത ഭാവിച്ചെന്നുവരെ വരാം. എന്നാല്‍ തിരക്കഥയില്‍ ഏതുന്നത സാഹിത്യകാരനും ഒരു സൂചനമാത്രം നല്‍കാന്‍ കഴിയുന്നിടങ്ങളെ ഭരതനു വെറുതെ വിടാനാകില്ല. അതു പ്രത്യേകമായും തെളിയുക ചലച്ചിത്രങ്ങളുടെ അന്ത്യരംഗങ്ങളിലാണ്‌.
കാതോടു കാതോരത്തില്‍ ക്ലൈമാക്‌സ്‌ ശ്രദ്ധിക്കാം. ഒരു ചെറുസീന്‍ വിവരണം മാത്രമാണത്‌. ആ ലഘുവിവരണത്തെയാണ്‌ ഭരതന്‍ പ്രകൃതിയുടേയും വെളിച്ചത്തിന്റെയും ഛായാപേടകത്തിന്റെയും മനുഷ്യമുഖഭാവങ്ങളുടേയും വന്യമായ ഉത്സവമാക്കിച്ചമയ്‌ക്കുന്നത്‌. ഇതേ സംഗതിയാണ്‌ ചാമരത്തിന്റെ ക്ലൈമാക്‌സും.

വിശദമായി പ്രതിപാദിക്കുന്ന തിരക്കഥ ക്ലൈമാക്‌സിലെത്തിച്ചേര്‍ന്ന്‌ അവസാനിക്കുന്നത്‌ മൂന്നോ നാലോ വാക്യങ്ങളിലാണ്‌. തിരക്കഥ വായിക്കുന്ന ഒരാള്‍ക്ക്‌ ആ ഭാഗം മാത്രമാണ്‌ തന്നെ സ്‌പര്‍ശിക്കാത്തതായി തോന്നുക. സിനിമയിലോ, ആ സീക്വന്‍സാണ്‌ സര്‍വ്വോജ്ജ്വലം. തിരക്കഥയില്‍ നിന്ന്‌ നഷ്‌ട(mis- in scene?)മായിരിക്കുന്ന ഒന്നാണ്‌ വിനോദിന്റെ മരണത്തിന്‌ കാരണക്കാരനായ പ്രദീപ്‌ എന്ന കഥാപാത്രത്തിന്റെ മനോനില. അത്‌ ചലച്ചിത്രകാരന്റെ ഭാവഭാഷ്യമായി മാറുന്നതുകാണാം ചാമരത്തിന്റെ ദൃശ്യവത്‌ക്കരണത്തില്‍.

മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലും ഈ പരിണതി കാണാം. മൂന്നു ലഘുസീനുകളുള്ള ഒരു സീക്വന്‍സാണ്‌ അതിന്റെ ടെയ്‌ല്‍ എന്‍ഡ്‌ എന്ന്‌ വിശേഷിപ്പിക്കാവുന്ന അന്ത്യഭാഗം. വൃദ്ധനായകര്‍ പക്ഷികളെ തുറന്നുവിടുന്നതും മണല്‍പ്പരപ്പില്‍ നടക്കുന്നതും മറ്റും. അവിടെ പ്രകാശവിധാനങ്ങള്‍ കൊണ്ടും കാഴ്‌ച നിശ്ചയിക്കുന്ന ദൂരപരിധികളുടെ വിന്യാസം കൊണ്ടും ഭരതന്‍ ഭാവപ്രപഞ്ചം തീര്‍ക്കുന്നു.

പരിണാമഗുപ്‌തികള്‍ വിടുക. എങ്കിലും അന്തരീക്ഷം സിനിമയില്‍ സൃഷ്‌ടിക്കുന്നത്‌ പ്രധാനഘടകം തന്നെയാണ്‌. അതിന്റെ ഉത്തരവാദിത്തം തിരക്കഥാകൃത്തിനല്ല, സംവിധായകനാണുതാനും. തിരക്കഥയില്‍ പരാമര്‍ശിക്കാനാവാത്തതും സഹജാവബോധപരവുമായ ആംഗിളുകളും ഷോട്ടുകളുമാണ്‌ ചലച്ചിത്രസ്വരൂപത്തിന്റെ പ്രകൃതി നിശ്ചയിക്കുക.

കാതോടു കാതോരത്തില്‍ താണ്ഡവമാടിയ മഴയ്‌ക്കു ശേഷമുള്ള ഷോട്ട്‌ ശ്രദ്ധിക്കുക:

നിശ്ശബ്‌ദമായ അന്തരീക്ഷം. തളംകെട്ടിയ ഒരിത്തിരിവെള്ളപ്പരപ്പിനു സമീപം കൊത്തിച്ചിനക്കി നില്‍ക്കുന്നൊരു തൂവെള്ളക്കോഴി. അതിന്റെ പ്രതിബിംബം താഴെ വെള്ളത്തില്‍ കാണാം. കഥാപാത്രങ്ങളുടെ ജീവിതങ്ങളെയാകെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം ഫ്രെയിം ബ്യൂട്ടിയുടെ ഉത്തുംഗതയുമായിത്തീരുന്നു, അത്‌. (മേല്‍പ്പറഞ്ഞ രംഗങ്ങള്‍ക്ക്‌ ജോണ്‍പോളിന്റെ എന്റെ ഭരതന്‍ തിരക്കഥകള്‍ എന്ന പുസ്‌തകം നോക്കുക) ഇതുപോലെ തന്നെയാണ്‌ കാറ്റത്തെ കിളിക്കൂടിലെ മത്സരിച്ചുള്ള വാഹനയോട്ടവും. പ്രയാണത്തിലും വെങ്കലത്തിലും മറ്റും പ്രകൃതിയുടെ രൂപഭാവങ്ങളെയും അവയുടെ മാറ്റങ്ങളെയും മനുഷ്യരുടെ ദൈനംദിന ജീവിതചര്യകളുമായും, ഒപ്പം തന്നെ ആത്മീയസംഘര്‍ഷങ്ങളുമായും കൂട്ടിയിണക്കുന്ന ധ്വനിസാന്ദ്രതയും ഭരതന്റെ സാക്ഷാത്‌ക്കാരസാമര്‍ത്ഥ്യങ്ങളാകുന്നു.

അനേകം സിനിമകള്‍ സംവിധാനം ചെയ്‌തയാളാണ്‌ ഭരതന്‍. പ്രമേയപരമായ വൈജാത്യം, ശില്‌പമൊരുക്കുന്നതിലെ സാഹിത്യനിഷേധി കൂടിയായ അവധാനത... ഇവ രണ്ടും ഭരതന്റെ കാര്യത്തില്‍ പ്രധാനമാണ്‌. സാഹിത്യത്തിന്റെ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ ഭരതനെ സഹായിച്ചത്‌ ചിത്രകലാധാരണകളായിരിക്കാം. ഇത്‌ വൈശാലിയിലും, താഴ്‌വാരത്തിലും തെളിഞ്ഞുകാണാം.

വെസ്റ്റേണ്‍ ഴാനറില്‍പ്പെട്ട സിനിമകളുടെ പ്രമേയസ്‌മരണയുണര്‍ത്തുന്ന താഴ്‌വാരം ഒരുപക്ഷേ, എം.ടിയുടെ ഏറ്റവും സംഭാഷണം കുറഞ്ഞ സിനിമയായിരിക്കും. താഴ്‌വാരത്തില്‍ ഭരതന്‍ നാടകീയത സൃഷ്‌ടിക്കുന്നത്‌ മൗനത്തിലൂടെയും നിറങ്ങളിലൂടെയും കാഴ്‌ചയുടെ കോണുകള്‍ ഉപയോഗിക്കുന്നതിലൂടെയുമാണ്‌. സന്ധ്യമയങ്ങും നേരം, വെങ്കലം, കാറ്റത്തെ കിളിക്കൂട്‌, മര്‍മ്മരം, പാളങ്ങള്‍, ലോറി... ഭരതന്‍ ആഖ്യാനത്തിനുപയോഗിക്കുന്ന മാര്‍ഗ്ഗത്തിലൂടെയാണ്‌ സഘര്‍ഷവും നാടകീയതയും രസച്ചരടും സൃഷ്‌ടിക്കുന്നത്‌.

രതിയും പകയുമാണ്‌ മനുഷ്യമനോഘടനയുടെ അടിസ്ഥാനമെന്ന വീക്ഷണത്തിലാണ്‌ ഭരതന്റെ പ്രമേയങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത്‌. ഇത്‌ മിക്കവാറും മുന്‍പ്‌ പലതവണ തന്നെ നിരീക്ഷിക്കപ്പെട്ടിട്ടുള്ള കാര്യമാണ്‌. ഒരു വാക്കുകൂടി ആ രണ്ടുവാക്കുകളോട്‌ ചേരുന്നിടത്താവണം ഭരതന്‍ ചിത്രങ്ങളുടെ പ്രമേയപരിസരം പൂര്‍ണ്ണമാകുന്നത്‌. കുറ്റബോധം എന്നതാണ്‌ ആ വാക്ക്‌. രതിനിര്‍വ്വേദവും തകരയും പാഥേയവും വെങ്കലവും താഴ്‌വാരവും ലോറിയും ഓര്‍മ്മയ്‌ക്കായിയും എന്റെ ഉപാസയുമൊക്കെ ഈ മൂന്നു പദങ്ങളുടെ അര്‍ത്ഥവ്യാപ്‌തികളും ഭാവവിപുലനങ്ങളുമായിത്തീരുന്നു. മലയാളത്തിലെ പ്രധാനപ്പെട്ടൊരു തമാശനടനായ ഇന്നസെന്റിനെ രണ്ടുതവണ ചിരിപ്പിക്കുന്ന വില്ലന്‍കഥാപാത്രങ്ങളാക്കിയതിലൂടെ (കേളി, കാതോടു കാതോരം) ഭരതന്‍ മനുഷ്യന്‍ എന്ന ശരിരൂപത്തെപ്പറ്റി തനിക്കുള്ള അഭിപ്രായം പരോക്ഷമായി പ്രഖ്യാപിക്കുകയായിരിരുന്നിരിക്കണം.

ഇന്നിപ്പോള്‍ പുതിയ പഠനോപാദികള്‍വെച്ച്‌ നമുക്ക്‌ പലരീതികളില്‍ ഭരതനെ പുനര്‍വായിക്കാനാവും. പലപ്പോഴും ഭരതന്റെ നിലപാടുകള്‍ നിഷേധാത്മകങ്ങളായി വിലയിരുത്താനും എളുപ്പത്തില്‍ കഴിഞ്ഞേക്കും. എങ്കിലും പ്രമേയസ്വീകരണത്തില്‍ പുലര്‍ത്തിയ സാഹസികമായ അപഥസഞ്ചാരപ്രവണത, തിരക്കഥയെ അതിശയിക്കുന്നതില്‍ കാട്ടിയ നിര്‍ണ്ണായകമായ മുന്നേറലുകള്‍, പ്രകൃതിയുടേയും മനുഷ്യഭാവങ്ങളുടേയും പ്രകാശത്തിന്റെയും സംഗീതവിന്യാസത്തിന്റെയും സാമഞ്‌ജസ്യത്തില്‍ വരുത്തിയ ഉജ്ജ്വലത തുടങ്ങിയ അനേകം കാര്യങ്ങളാല്‍ ഭരതന്‍ മലയാളത്തിലെ വ്യതിരിക്തനായ ചലച്ചിത്രകാരനായി തലപ്പൊക്കത്തോടെ നില്‍ക്കുന്നു

പത്മരാജന്റെ സിനിമകള്‍ -malayalam web

മലയാളസിനിമയില്‍ ഒരു ഭാവുകത്വപരിണാമത്തിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നത്‌ 1970 മുതലാണെന്നു പറയാം. എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥ എഴുതി, പി.എന്‍.മേനോന്‍ സംവിധാനം ചെയ്‌ത ഓളവും തീരവും പുറത്തിറങ്ങുന്നത്‌ ആ കാലത്താണ്‌. തുടര്‍ന്ന്‌ കച്ചവടസിനിമയുടെ രൂക്ഷമായ എതിര്‍പ്പിനെ പ്രതിരോധിച്ചുകൊണ്ട്‌, കൂടുതല്‍ മെച്ചപ്പെട്ട സിനിമയ്‌ക്കായുള്ള ശ്രമം പുതുതായി രംഗത്തെത്തിയ ഏതാനും എഴുത്തുകാരും സംവിധായകരും കൂടി ആരംഭിച്ചു. പ്രിയ (മധു -70), വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ (ജോണ്‍ ഏബ്രഹാം -72), സ്വയംവരം (അടൂര്‍ ഗോപാലകൃഷ്‌ണന്‍ -72), നിര്‍മാല്യം (എം.ടി.വാസുദേവന്‍ നായര്‍ -73), സ്വപ്‌നം (ശിവന്‍ -73), ഉത്തരായനം (അരവിന്ദന്‍ -74) അതിഥി (കെ.പി.കുമാരന്‍ -75) തുടങ്ങിയ സിനിമകള്‍ മുഖ്യധാരാസിനിമയുടെ സുരക്ഷിതവഴിയില്‍ കലഹത്തിന്റെ വ്യക്തമായ സ്വരങ്ങള്‍ കേള്‍പ്പിച്ചു. ഇത്തരമൊരു ഗതിനിര്‍ണയശ്രമത്തിന്റെ കാലത്താണ്‌ പി.പത്മരാജന്‍ സിനിമയില്‍ പ്രവേശിക്കുന്നത്‌. ഭരതന്റെ ആദ്യചിത്രമായ പ്രയാണത്തിന്‌ (1975) തിരക്കഥയെഴുതിക്കൊണ്ട്‌.

മലയാളത്തില്‍ പില്‍ക്കാലത്ത്‌ മധ്യവര്‍ത്തിസിനിമാക്കാരെന്ന്‌ വിളിക്കപ്പെട്ട ഒരു കൂട്ടം സംവിധായകരുടെ അരങ്ങേറ്റവേളയായിരുന്നെന്ന പ്രത്യേകത കൂടി 1975നുണ്ട്‌. അതിഥിയുടെ കാര്യം പറഞ്ഞല്ലോ. ഐ.വി.ശശി തന്റെ ആദ്യചിത്രമായ ഉത്സവത്തിന്റെയും കെ.ജി.ജോര്‍ജ്‌ തന്റെ ആദ്യചിത്രമായ സ്വപ്‌നാടനത്തിന്റെയും പണിപ്പുരയിലായിരുന്നു അന്ന്‌. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മണിമുഴക്കം (പി.എ.ബക്കര്‍ - 78), കൊടിയേറ്റം (അടൂര്‍ -78) തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളസിനിമ മുന്നേറി. പക്ഷേ, അക്കാലത്ത്‌ തന്നെ ഒരങ്കലാപ്പ്‌ പ്രകടമായിരുന്നു. അടൂരും മറ്റും ചെയ്‌തതുപോലെ, വളരെ കൃത്യമായി, വിട്ടുവീഴ്‌ചകളില്ലാത്ത സിനിമ എന്ന സങ്കല്‌പത്തിന്റെ പിന്നാലെ പോകണോ അതോ ബക്കറിനെ പോലെ മാധ്യമബോധത്തിന്റെ അപര്യാപ്‌തതയെ, പ്രമേയരൂക്ഷത കൊണ്ട്‌ പരിഹരിക്കുന്നതായി നടിക്കണോ എന്ന ശങ്ക ഒരുവശത്ത്‌. മറുവശത്ത്‌, കലാസിനിമയെന്നു വിളിക്കപ്പെട്ട സിനിമ പ്രേക്ഷകരുടെ ഭാഗത്തുനിന്ന്‌ നേരിട്ട തിരിച്ചടി കണക്കിലെടുത്ത്‌ ഒരു മധ്യമാര്‍ഗം സ്വീകരിക്കണമോ എന്ന സന്ദേഹം.

ഇത്‌ എഴുപതുകളുടെ അവസാനം ആകുമ്പോഴേക്കും വളരെ ശക്തമാകുന്നുണ്ട്‌. സ്വപ്‌നാടനത്തില്‍ നിന്നും വ്യാമോഹത്തില്‍ നിന്നും ഉള്‍ക്കടലിലേക്കും (79) രാപ്പാടികളുടെ ഗാഥയിലേക്കും മേളയിലേക്കും വീണ്ടും കോലങ്ങളിലേക്കും (81) അതിനുശേഷം യവനികയിലേക്കും (82) തെന്നിനീങ്ങുന്ന കെ.ജി.ജോര്‍ജ്‌ ഈ ആശയക്കുഴപ്പത്തിന്‌ നല്ല ഒരുദാഹരണമാണ്‌. ഇതേ അങ്കലാപ്പ്‌, ജോര്‍ജിന്‌ വേണ്ടി രാപ്പാടികളുടെ ഗാഥയ്‌ക്ക്‌ തിരക്കഥയെഴുതിക്കൊണ്ട്‌ പത്മരാജന്‍ പങ്കുവയ്‌ക്കുന്നത്‌ ഇപ്പോള്‍ പിന്തിരിഞ്ഞുനോക്കുമ്പോള്‍ കൗതുകരമായ ഒരു കാഴ്‌ചയായി കാണാവുന്നതാണ്‌. പ്രയാണത്തിനു ശേഷം രതിനിര്‍വേദത്തിലേക്കും (78) തകരയിലേക്കും (80) ചാഞ്ഞ ഭരതന്റെയൊപ്പവും ഇതാ ഇവിടെ വരെയിലേക്കും (77) വാടകയ്‌ക്ക്‌ ഒരു ഹൃദയത്തിലേക്കും (78) നീങ്ങുന്ന ഐ.വി.ശശിക്കൊപ്പവും, ആ ചിത്രങ്ങളുടെ തിരക്കഥാകൃത്തെന്ന നിലയില്‍, പത്മരാജനും തന്റെ സിനിമയുടെ വഴിയെന്ത്‌ എന്ന ആശയക്കുഴപ്പം പങ്കുവയ്‌ക്കുന്നുണ്ട്‌. ഇങ്ങനെയൊരു ആശയക്കുഴപ്പത്തിന്റെ ഒത്തനടുക്കാണ്‌, 1979ല്‍ പെരുവഴിയമ്പലം എന്ന സിനിമയുമായി, സംവിധായകനെന്ന നിലയില്‍ പത്മരാജന്റെ രംഗപ്രവേശം.

എഴുപതുകള്‍ എന്ന ദശകം മുഴുവന്‍ കച്ചവടസിനിമയിലെ ഭേഭപ്പെട്ട സിനിമകള്‍ ഉണ്ടായത്‌ മലയാളത്തിലെ പ്രമുഖസാഹിത്യകൃതികളില്‍ നിന്നായിരുന്നു. ഉമ്മാച്ചു, പണിതീരാത്ത വീട്‌, അരനാഴികനേരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കരകാണാക്കടല്‍, ചട്ടക്കാരി, നെല്ല്‌ തുടങ്ങിയവ. പത്മരാജനും ഇങ്ങനെയൊരു സുരക്ഷിതത്വം ആദ്യചിത്രത്തിനായി സ്വീകരിക്കുന്നതു കാണാം. തന്റെ നോവല്‍ തന്നെയാണ്‌ വലിയ മാറ്റങ്ങളൊന്നും കൂടാതെ സിനിമയ്‌ക്കായി സ്വീകരിച്ചത്‌.

വളരെ ശക്തമായ ചില പ്രതിരോധമുറകളാണ്‌ ആദ്യചിത്രത്തില്‍ പത്മരാജന്‍ മുഖ്യധാരയിലെ കച്ചവടസിനിമകളോട്‌ പ്രയോഗിച്ചുകാണുന്നത്‌. കൊട്ടകകള്‍ തകര്‍ത്തോടുന്ന സിനിമകളില്‍ കാണാത്ത പ്രമേയവും കഥാപാത്രങ്ങളും അതിനൊത്ത അഭിനേതാക്കളും ആണ്‌ അതില്‍ പ്രധാനം. വാണിയന്മാരുടെ ജീവിതവും, അശോകനെയും കൃഷ്‌ണന്‍കുട്ടിനായരെയും പോലുള്ള നടന്മാരും. എന്നാല്‍ ഒപ്പം തന്നെ ചില അപകടകരമല്ലാത്ത വിട്ടുവീഴ്‌ചകള്‍ക്ക്‌ അദ്ദേഹം തയ്യാറാകുന്നത്‌ സൂക്ഷ്‌മമായി പരിശോധിച്ചാല്‍ കാണാം. അന്നത്തെ കച്ചവടസിനിമകളിലെ സ്ഥിരം പോസ്റ്റര്‍ മുഖമായ ജോസ്‌പ്രകാശിന്റെയും മറ്റും സാന്നിധ്യം (പെരുവഴിയമ്പലത്തിന്റെ നിര്‍മാതാവായ പ്രേംപ്രകാശിന്റെ ബന്ധു കൂടിയാണ്‌ ജോസ്‌പ്രകാശ്‌) അത്തരമൊരു സൂചനയാണ്‌.

ആ കാലത്ത്‌ തിയറ്ററുകളില്‍ ജനസമുദ്രം സൃഷ്‌ടിച്ചിരുന്ന സിനിമകള്‍ ഏതൊക്കെ ജനുസ്സില്‍ പെട്ടിരുന്നവയാണെന്ന്‌ വെറുതെ, പേരെങ്കിലും ഒന്നോടിച്ചുനോക്കേണ്ടതാണ്‌. പിച്ചാത്തിക്കുട്ടപ്പന്‍, കള്ളിയങ്കാട്ടുനീലി, വെള്ളായണി പരമു, അലാവുദ്ദീനും അദ്‌ഭുതവിളക്കും, മാണി കോയ കുറുപ്പ്‌, അവനോ അതോ അവളോ, യക്ഷിപ്പാറു, വീരഭദ്രന്‍, വാളെടുത്തവന്‍ വാളാല്‍ എന്നിങ്ങനെയുള്ള സിനിമകള്‍ ഒരു വശത്ത്‌. മറ്റൊരു വശത്ത്‌ പ്രേംനസീറെന്ന സ്‌ത്രൈണസ്വഭാവിയായ ജനപ്രിയനായകന്റെ സ്ഥാനത്ത്‌ ഒരു വീരപുരുഷനായകസ്വരൂപം പ്രതിഷ്‌ഠിക്കപ്പെടുകയാണ്‌, മറ്റൊരു തരം സിനിമകളിലൂടെ. മൂര്‍ഖന്‍, കരിമ്പന, ചാകര, അന്തപ്പുരം, നായാട്ട്‌, മനുഷ്യമൃഗം തുടങ്ങിയ സിനിമകളും ജയന്‍ എന്ന നടന്‌ ലഭിച്ച വമ്പിച്ച പ്രേക്ഷകപ്രീതിയുമാണ്‌ വിവക്ഷ (പിച്ചാത്തിക്കുട്ടപ്പന്‍ മുതല്‍ മനുഷ്യമൃഗം വരെ മേല്‍പ്പറഞ്ഞ സിനിമകളെല്ലാം 1979-80 കാലത്തിറങ്ങിയതാണ്‌).

ഇങ്ങനെയൊരു കാലഘട്ടത്തിലാണ്‌ നല്ല സിനിമ എന്ന വ്യഗ്രത പൂണ്ടുവന്ന ചെറുപ്പക്കാര്‍ ആശയക്കുഴപ്പത്തിലമര്‍ന്നു നിന്നുപോയത്‌. കരിമ്പനയും അലാവുദ്ദീനും അദ്‌ഭുതവിളക്കും പോലെ ഏതു ജനുസ്സു സിനിമയും തനിക്കു വഴങ്ങുമെന്ന്‌ കാട്ടിക്കൊണ്ട്‌ ഐ.വി.ശശി നയിച്ച പാതയുടെ പ്രലോഭനങ്ങളെ തീര്‍ത്തും കണ്ടില്ലെന്ന്‌ വയ്‌ക്കാന്‍ കെ.ജി.ജോര്‍ജിനോ ഭരതനോ മോഹനോ ഒന്നും കഴിഞ്ഞില്ലെന്നതാണ്‌ വാസ്‌തവം. അവര്‍ക്കിടയില്‍ എതിര്‍പ്പിന്റെ പ്രബലമായ സൂചനകള്‍ നല്‍കിക്കൊണ്ടാണ്‌ പത്മരാജന്‍ രണ്ടാമത്തെ സിനിമ ഒരുക്കുന്നത്‌. ഒരിടത്തൊരു ഫയല്‍വാന്‍.

പെരുവഴിയമ്പലത്തില്‍ കണ്ടതിനേക്കാള്‍ അപരിചിതമായ 'സിനിമാക്കഥ'യായിരുന്നു ഫയല്‍വാനില്‍ പത്മരാജന്‍ സ്വീകരിച്ചത്‌. മുഖ്യവേഷം ചെയ്‌ത റഷീദ്‌ എന്ന പുതുമുഖം കച്ചവടസിനിമയിലായിരുന്നെങ്കില്‍, വില്ലന്റെ ഒരു സഹായി എന്നതിലപ്പുറം ഒരു വേഷത്തിന്‌ അര്‍ഹനാകുമായിരുന്നില്ല. താരസാന്നിധ്യം തീര്‍ത്തും ഉപേക്ഷിച്ച പത്മരാജന്‍ ആ ചിത്രത്തിലൂടെ രാജ്യാന്തരസിനിമാമേളകളില്‍ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ പത്മരാജന്‍ എന്ന സംവിധായകന്‍ കേരളത്തിലെ തിയറ്ററുകളില്‍ ഏറ്റവും ഭീകരമായി നിരസിക്കപ്പെട്ടത്‌ ഫയല്‍വാന്‍ എന്ന ചിത്രത്തിന്റെ പേരിലായിരുന്നു.

തുടര്‍ന്നുവന്ന കള്ളന്‍ പവിത്രനില്‍ കലാസിനിമകളിലും കച്ചവടസിനിമകളിലും മാറിമാറി അഭിനയിച്ചിരുന്ന നെടുമുടി വേണു, ഭരത്‌ ഗോപി എന്നീ നടന്മാരെയും, നവംബറിന്റെ നഷ്‌ടത്തില്‍ താരയോഗ്യതകളുള്ള ഒരു പുതുമുഖത്തെയും തെന്നിന്ത്യയിലെ സൂപ്പര്‍താരമായിരുന്ന മാധവിയെയും ഉപയോഗിച്ചുകൊണ്ട്‌ ഒത്തുതീര്‍പ്പിന്‌ തയ്യാറാവാന്‍ പത്മരാജന്‍ നിര്‍ബന്ധിതനായി. ആ ചിത്രങ്ങളും വമ്പിച്ച കമേഴ്‌സ്യല്‍ വിജയങ്ങള്‍ നല്‍കാത്തതിനാലാവാം, തന്റെ അഞ്ചാമത്തെ സിനിമയായ കൂടെവിടെയില്‍ താരപരിവേഷം ഉള്ള മമ്മൂട്ടിയെ നായകനും സുഹാസിനിയെ നായികയും ആക്കിക്കൊണ്ട്‌ പത്മരാജന്‍ തന്റെ കളംമാറ്റിച്ചവിട്ടിയത്‌. പിന്നീട്‌ ഒരിക്കലും സൂപ്പര്‍താരങ്ങളില്ലാതെ പത്മരാജന്‍ സിനിമയെടുത്തിട്ടില്ല.

അപരനിലൂടെ ജയറാം, ഞാന്‍ ഗന്ധര്‍വനിലൂടെ നിതീഷ്‌ ഭരദ്വാജ്‌ എന്നീ പുതുമുഖങ്ങളെ പത്മരാജന്‍ പരീക്ഷിച്ചു എന്നത്‌ നേര്‌. എന്നാല്‍, ജയറാം മിമിക്രിയിലൂടെയും നിതീഷ്‌ മഹാഭാരതത്തിലെ ശ്രീകൃഷ്‌ണവേഷത്തിലൂടെയും പേരെടുത്തുകഴിഞ്ഞവരായിരുന്നു. മാത്രമല്ല, ജയറാമിനെ പില്‍ക്കാലത്ത്‌ താരമാക്കിമാറ്റാന്‍ പോന്ന കച്ചവടസിനിമാഘടകങ്ങള്‍ അപരനിലുണ്ടായിരുന്നു എന്നതും ഓര്‍ക്കണം. ഇടക്കാലത്ത്‌ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും റഹ്‌മാനെയും പോലുള്ളവരെ വച്ച് ബഹുതാരചിത്രങ്ങള്‍ ഒരുക്കാനും പത്മരാജന്‌ കഴിഞ്ഞത്‌, തന്റെ ചിത്രങ്ങളെ താരപ്പരുവമുള്ള കഥാപാത്രങ്ങളാല്‍ സുസജ്ജമാക്കാന്‍ കഴിഞ്ഞതു കൊണ്ടാണ്‌.

ഇവിടെ, മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. ഒരിടത്തൊരു ഫയല്‍വാനില്‍ നായകനായ റഷീദ്‌ പല പില്‍ക്കാലസിനിമകളിലും (പത്മരാജന്‍ സിനിമകളിലടക്കം), കച്ചവടസിനിമാതാരമായിരുന്നെങ്കില്‍ തന്റെ സ്ഥാനവും വേഷവും എന്താകുമായിരുന്നോ, അതായിത്തന്നെ രംഗത്തുവരുന്നുണ്ട്‌ എന്ന വസ്‌തുതയാണത്‌; വില്ലന്റെ സഹായിയായ ഗുണ്ടയുടെ വേഷത്തില്‍.

നവംബറിന്റെ നഷ്‌ടം എന്ന സിനിമ മുതല്‍ ഇങ്ങോട്ട്‌ പത്മരാജന്‍ സിനിമയില്‍ പാട്ടുകള്‍ ഉള്‍പ്പെടുത്തുന്ന രീതിയും അവലംബിച്ചു. നവംബറിന്റെ നഷ്‌ടത്തില്‍ ഒരു പരീക്ഷണത്തിനു പോലും മുതിരാതെ അന്നത്തെ നിലവാരമില്ലാത്ത ഹിറ്റുപാട്ടുകളുടെ രചയിതാവായി തിളങ്ങിനിന്നിരുന്ന പൂവച്ചല്‍ഖാദറിനെക്കൊണ്ട്‌ തന്നെ പാട്ടെഴുതിക്കുകയും ചെയ്‌തൂ, അദ്ദേഹം.

ഇങ്ങനെ, മലയാളസിനിമയില്‍ ഏറെ ശക്തവും നിര്‍ണായകവുമായി മാറേണ്ടിയിരുന്ന ഒരു ചലച്ചിത്രപ്രസ്ഥാനം സ്വയം ദുര്‍ബലപ്പെട്ട്‌ മധ്യവര്‍ത്തിസിനിമ എന്ന മട്ടില്‍ മാറുമ്പോള്‍, അതിന്റെ പ്രയോക്താക്കളില്‍ പ്രമുഖനെന്ന്‌ തന്നെത്തന്നെ ചെത്തിക്കുറയ്‌ക്കാന്‍ തയ്യാറാകുകയാണ്‌ പത്മരാജന്‍ ചെയ്‌തത്‌. എങ്കിലും, പ്രമേയപരമായ സവിശേഷത, ആഖ്യാനത്തിലെ പുതുമ, സാര്‍വലൗകികമായ ചില മാനുഷികഭാവങ്ങളുടെയും അവസ്ഥകളുടെയും തികച്ചും പ്രാദേശികസൗകുമാര്യത്തോടെയുള്ള ആവിഷ്‌കാരം, സ്‌ത്രീജീവിതാനുഭവങ്ങളെ അടുത്തുനിന്നു നിരീക്ഷിക്കാന്‍ കാട്ടിയ വ്യഗ്രത തുടങ്ങിയ നിരവധി കാരണങ്ങളാല്‍ പത്മരാജന്റെ ചലച്ചിത്രങ്ങളെ മലയാളത്തിലെ പ്രധാനപ്പെട്ട ഒരു കൂട്ടം സിനിമകളായും, അദ്ദേഹത്തെ മലയാളത്തിലെ ഒരു പ്രധാനസംവിധായകനായും എണ്ണാതെ വയ്യ. അദ്ദേഹത്തിന്റെ സിനിമകളില്‍ അടയാളപ്പെട്ടുകിടക്കുന്ന അത്തരം ചില അനന്യസവിശേഷതകള്‍ ശ്രദ്ധേയം തന്നെയാണ്‌.

സ്‌മൃതി, മൃതി

കഥാകൃത്ത്‌ എന്ന നിലയില്‍ത്തന്നെ പത്മരാജനെ വേട്ടയാടിയിരുന്ന രണ്ട്‌ വാക്കുകളായിരുന്നു ഓര്‍മ, മരണം എന്നിവ. ഓര്‍മ എന്ന കഥ ഇതിനുദാഹരണമാണ്‌. മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറുവര്‍ഷങ്ങളിലെ മറവി പോലെ, ഫോണ്‍നമ്പരുകളും ടൂത്ത്‌ ബ്രഷിന്റെ നിറവും താക്കോലുകളുമൊക്കെ മറന്നുപോകുന്ന ഒരാളാണ്‌ ആ കഥയില്‍ നായകന്‍. അയാളുടെ മൃതിസൂചനയില്‍ കഥ അവസാനിക്കുന്നു.

ഇങ്ങനെ ഓര്‍മയെയും മരണത്തെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടു ചൂഴ്‌ന്നുനില്‍ക്കുന്ന ഒരു മനോനില ചലച്ചിത്രകാരനെന്ന നിലയിലും അദ്ദേഹത്തിന്റെ കലയെയും ജീവിതത്തെയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകസ്വാധീനം ചെലുത്തുന്നുണ്ട്‌. ഇന്നലെ എന്ന ചിത്രത്തിലെ നായികയായ മായ ഓര്‍മയുടെ നഷ്‌ടവും അതുവഴി തന്റെ ഭൂതകാലസ്വത്വത്തിന്റെ മരണവും അനുഭവിക്കുന്നവളാണ്‌. പ്രബലമായ ഒരു മൃത്യുഭീതി മായയെ ചുഴന്നുനില്‍ക്കുന്നുണ്ട്‌. മായ കാണുന്ന സ്വപ്‌നങ്ങള്‍ മൃതിദേവതയെ സൂചിപ്പിക്കുന്ന ഒന്നാണ്‌. അവളുടെ ആകെയുള്ള ഓര്‍മയും ഈ സ്വപ്‌നമാണെന്ന്‌ പറയാം.

വാസന്തി എഴുതിയ പുനര്‍ജന്മം എന്ന കഥയാണ്‌ പത്മരാജന്‍ ഇന്നലെയില്‍ സ്വീകരിച്ചത്‌ (വാസന്തിയുടെ തമിഴ്‌കഥയുടെ പേര്‌ ജനനം എന്നാണ്‌). പുനര്‍ജന്മം എന്ന വാക്ക്‌ ഭാവിയെയും പ്രതീക്ഷയെയും കുറിക്കുന്നു. ആ വാക്കുപേക്ഷിച്ച്‌ ഭൂതകാലത്തെയും ഓര്‍മയെയും കുറിക്കുന്ന ഇന്നലെ എന്ന വാക്ക്‌ പത്മരാജന്‍ സ്വീകരിക്കുന്നത്‌ തീര്‍ത്തും അബോധപൂര്‍വമല്ല. അത്‌ അദ്ദേഹത്തിന്റെ സിനിമകളുടെ മൊത്തം ആത്മാവിനെ കുറിക്കുന്നതു കൊണ്ടാണ്‌.

ഇതുതന്നെയാണ്‌ മൂന്നാംപക്കം എന്ന സിനിമയിലും. ചെറുപ്പക്കാരനായ കൊച്ചുമകന്‍ നായകകഥാപാത്രമായ വൃദ്ധന്റെ ഭാവിപ്രതീക്ഷയല്ല, ഭൂതകാലസ്‌മൃതിയാണ്‌. അതാണ്‌ മരണമായി പരിണമിക്കുന്നത്‌. വാര്‍ധക്യത്തിലെ ഓര്‍മനഷ്‌ടമെന്ന അവസ്ഥയെ ഈ സിനിമ സൂചിപ്പിക്കുന്നു. (ഈയര്‍ഥത്തിലാണ്‌, പ്രമേയപരമായ സാദൃശ്യം പുലര്‍ത്തുന്ന ഇസ്‌ത്വാന്‍ ഗള്ളിന്റെ കറന്റ്‌ എന്ന ചിത്രത്തില്‍ നിന്ന്‌ മൂന്നാംപക്കം വ്യത്യസ്‌തമാകുന്നത്‌.) തിങ്കളാഴ്‌ച നല്ല ദിവസത്തിലും വൃദ്ധസദനത്തിലാക്കപ്പെടാന്‍ പോകുന്ന വൃദ്ധ മറയാന്‍ പോകുന്ന തന്റെ ഓര്‍മയെ ശേഖരിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ഏറെ പ്രാധാന്യത്തോടെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്‌ കാണാം.

അപരനിലെ നായകന്‍ തന്റെ ഭൂതകാലത്തെ ഉപേക്ഷിക്കുന്നു. അതിനു കാരണമാകുന്നത്‌ നായകന്റെ അപരന്റെ മരണവും. നവംബറിന്റെ നഷ്‌ടത്തിലെ മീരയ്‌ക്കും സ്‌മൃതിനഷ്‌ടം സംഭവിക്കുന്നുണ്ട്‌. ചൂണ്ടല്‍, മകന്‍ മരിച്ചത്‌ പിറ്റേന്നുപോകുന്ന അച്ഛന്റെ കഥയായ ഭദ്ര, മൃതി, പാര്‍വതിക്കുട്ടി തുടങ്ങിയ കഥകളില്‍ സമാനവിഷയം കൈകാര്യം ചെയ്‌തിട്ടുള്ള പത്മരാജന്റെ സിനിമകളെ മൃത്യു അതിന്റെ ക്രൂരഹസ്‌തത്താല്‍ അനുഗ്രഹിച്ചിരിക്കുന്നു എന്ന്‌ പറയാം. കള്ളന്‍ പവിത്രന്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, പറന്ന്‌ പറന്ന്‌ പറന്ന്‌, തൂവാനത്തുമ്പികള്‍ എന്നിവയൊഴിച്ചുള്ള എല്ലാ പത്മരാജന്‍ സിനിമകളിലും മൃത്യു പ്രത്യക്ഷത്തില്‍ തന്നെ വരുന്നുണ്ട്‌.

ദുരന്താഭിമുഖ്യം

മൃത്യുബോധത്തെ സജീവമാക്കുന്ന ഒരു ദുരന്താഭിദര്‍ശനവും പത്മരാജന്‍ സിനിമകള്‍ പങ്കുവയ്‌ക്കുന്നു. പെരുവഴിയമ്പലത്തിലെ കൗമാരക്കാരന്റെ ജീവിതവും മൂന്നാംപക്കത്തിലെ വൃദ്ധന്റെ ജീവിതവും വ്യത്യസ്‌തമായ മരണങ്ങളാല്‍ തകര്‍ന്നടിഞ്ഞുപോകുന്നു. ഇന്നലെ എന്ന ചിത്രം ആരംഭിക്കുന്നത്‌ തന്നെ ഒരു പ്രകാരത്തില്‍ ജീവിതദുരന്തം തന്നെയായി മാറുന്ന ബസ്സപകടത്തോടെയാണ്‌. ഇതേ മട്ടിലുള്ള ഒരു ബസ്സപകടമാണ്‌ നൊമ്പരത്തിപ്പൂവിലെ നായികയുടെ ജീവിതത്തെ മാറ്റിമാറിക്കുന്നത്‌. മുഖ്യകഥാപാത്രമായ ജിജിയുടെ അമ്മ ഇല്ലാതാകുന്നതും അവള്‍ നായികയുടെ സംരക്ഷണയിലാകുന്നതും അതേ ദുരന്തം കൊണ്ടു തന്നെ.

ഒരു ബൈക്കപകടത്തില്‍ കുട്ടികള്‍ മരിച്ചതാണ്‌ നായികയുടെ ജീവിതത്തിന്റെ ഗതിയെ മുന്‍പ്‌ നിര്‍ണ്ണയിച്ചത്‌. കൂടെവിടെയിലും ഒരു മരണത്തോടെ ഒരുപാട്‌ പേരുടെ ജീവിതങ്ങള്‍ ഇനി തിരുത്താനാവാത്ത വിധം മാറിപ്പോകുന്നു. നവംബറിന്റെ നഷ്‌ടത്തില്‍ കൊലപാതകം കൊണ്ടാണ്‌ മീര തന്റെ ജീവിതദുരന്തത്തോടു പകവീട്ടുന്നത്‌. അപരനിലെ നായകന്റെ ജീവിതത്തിനു മേല്‍ വീഴുന്ന അശനിപാതം മരണം കൊണ്ടുപോലും പരിഹരിക്കാനാവാത്തതായി നിലനില്‍ക്കുന്നു.

പലായനത്തിന്റെ പാത

മൃത്യുവും ജീവിതവും, ഭൂതകാലവും ഭാവികാലവും തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍, പത്മരാജന്റെ കഥാപാത്രങ്ങള്‍ അന്തിമമായി പലായനത്തിന്റെ പാത തെരഞ്ഞെടുക്കുന്നതു കാണാം. സാധാരണ, സിനിമയിലായാലും സാഹിത്യത്തിലായാലും, എത്ര വലിയ ദുരന്തത്തിനു ശേഷവും പ്രതീക്ഷയുടെ ഒരു കൈത്തിരിനാളം കൊളുത്തിവയ്‌ക്കണമെന്ന്‌ ഒരലിഖിതനിയമമുള്ളതു കാണാം. ബെര്‍ഗ്‌മാന്റെ സെവന്‍ത്‌ സീലില്‍ മരം വീണു കഴിഞ്ഞ്‌ അതിന്റെ കടയ്‌ക്കല്‍ ഒരു അണ്ണാര്‍ക്കണ്ണന്‍ വന്നിരിക്കുന്ന ഷോട്ട്‌ ഇതിനുദാഹരണമായി എടുത്തുപറയാറുമുണ്ട്‌. എന്നാല്‍, പത്മരാജന്റെ സിനിമകള്‍ ജീവിതത്തെ അന്തിമമായ ദുരന്തത്തിന്റെ മുന്നൊരുക്കം മാത്രമായേ കാണുന്നുള്ളൂ. ജീവിതത്തെ നേരിടാതെ പലായനം ചെയ്യുന്ന കഥാപാത്രങ്ങളാല്‍ സമ്പന്നമാണ്‌ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.

ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തില്‍ നിമ്മിയും സാലിയും അവര്‍ക്ക്‌ ജീവിതത്തിലേക്ക്‌ മടങ്ങാനാവുന്ന പാതയുടെ തുടക്കത്തില്‍ വച്ച്‌ മരണത്തിലേക്ക്‌ സ്ഥലം വിടുന്നു. മാത്രമല്ല, അവരുടെ മരണദൃശ്യത്തിലേക്ക്‌ പത്മരാജന്‍ എഴുതിച്ചേര്‍ക്കുന്ന വാക്കുകള്‍ ദൂരേക്ക്‌... സേഫ്‌ ആയ ദൂരേക്ക്‌ എന്നാണ്‌. മരണം ആണ്‌ സേഫ്‌ എന്നാവണമല്ലോ ഉദ്ദേശ്യം. കരിയിലക്കാറ്റു പോലെയില്‍, കുറ്റാന്വേഷകന്‍, താനാണ്‌ പ്രതിയെന്ന്‌ അനിയന്‍ കുമ്പസാരിക്കുന്ന കത്തിന്‌ തീകൊടുക്കുമ്പോള്‍ ജീവിതത്തിലേക്ക്‌ എന്ന തോന്നലുണ്ടാക്കുന്ന പത്മരാജന്‍, അടുത്ത നിമിഷം ഒരു വെടിയൊച്ച കൊണ്ട്‌ ആ പ്രതീക്ഷയെ ഭഞ്‌ജിക്കുകയാണ്‌. നൊമ്പരത്തിപ്പൂവിലെ ജിജി കാടിനുള്ളില്‍ ഓടിയോടി മറയുന്നു.

കൂടെവിടെയില്‍ നായകന്‍ കൊലപാതകത്തിന്റെ കുറ്റമേറ്റ്‌ ആലീസിന്റെ ജീവിതത്തില്‍ നിന്ന്‌ സ്ഥലം വിടുന്നു. നവംബറിന്റെ നഷ്‌ടത്തിലെ മീരയും ആത്മഹത്യ ചെയ്യുകയാണ്‌. അപരനിലെ നായകനും സത്യത്തെ നേരിടുന്നില്ല. പകരം, അവന്റേതല്ലാത്ത ഒരു ജീവിതത്തിലേക്ക്‌ പലായനം ചെയ്യുകയാണ്‌. പറന്ന്‌ പറന്ന്‌ പറന്ന്‌ എന്ന ചിത്രത്തില്‍ നായകനും നായികയും പറന്നുപറന്നുപറന്നു പൊയ്‌ക്കോണ്ടേയിരിക്കുന്നു. ഈ ശീര്‍ഷകവും കൂടെവിടെ എന്ന ശീര്‍ഷകവും ചേര്‍ത്തുവായിച്ചാല്‍ പത്മരാജന്‍സിനിമകള്‍ എന്താണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ ഏതാണ്ട്‌ വ്യക്തമാകും.

ദുരൂഹം, നിഗൂഢം

സിനിമ എന്ന കലയ്‌ക്ക്‌ ഒരു ആഭിചാരസൗന്ദര്യമുണ്ട്‌. ആവിഷ്‌കാരത്തിന്റെ കാര്യത്തില്‍, സിനിമയുടെ ആ സ്വഭാവത്തിന്റെ ഉപാസകനായി പത്മരാജന്‍ മാറുന്ന പല സന്ദര്‍ഭങ്ങളും കാണാം. നിഗൂഢതയുടെയും വിഹ്വലതയുടെയും അസാധാരണതലങ്ങളിലേക്ക്‌ വല്ലാതെ ആവേശിക്കപ്പെട്ട ചലച്ചിത്രകാരനാണ്‌ പത്മരാജന്‍. ഭീതിയുടേയും ഉദ്വേഗത്തിന്റെയും ഭാഷയാണ്‌ പലപ്പോഴും പത്മരാജന്റെ സിനിമകള്‍ക്കുള്ളത്‌. ആദ്യചിത്രമായ പെരുവഴിയമ്പലം മുതല്‍ തുടങ്ങുന്നു, ഇത്‌. ഉദ്വേഗഭരിതമായ ഒരു കുറ്റകൃത്യത്തിന്റെ കഥ കൂടിയാണ്‌ പെരുവഴിയമ്പലം.

ചലച്ചിത്രത്തിന്‌ സഹജമായ മാന്ത്രികതയാണ്‌ ആവിഷ്‌കാരത്തിന്‌ പത്മരാജന്‍ സ്വീകരിക്കുന്ന മാര്‍ഗം. വാണിയന്‍ രാമന്‍, പ്രഭാകരന്‍ പിള്ളയില്‍ നിന്നൊളിച്ച്‌ കാളവണ്ടിയുടെ അടിയില്‍ ഒളിക്കുന്നതുമുതല്‍ പ്രഭാകരന്‍ പിള്ളയുടെ വധത്തില്‍ കലാശിക്കുന്നതു വരെയുള്ള സീക്വന്‍സ്‌ ഇതിനുദാഹരണമാണ്‌. ഇരുട്ടില്‍ രാമന്റെ കണ്ണുകള്‍, ഒരു തീപ്പെട്ടിക്കൊള്ളി കൊളുത്തപ്പെടുന്നു, അതിന്റെ വെളിച്ചത്തില്‍ പ്രഭാകരന്‍ പിള്ളയുടെ വികൃതമായ മുഖം രാമന്റെ മുഖത്തിനു നേരേ... അങ്ങനെയങ്ങനെ...

അഭൗമശക്തികളുടെ സാന്നിധ്യം ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമയിലുടനീളം നിറഞ്ഞുനില്‍ക്കുന്നു. ഭീതിയിലേക്ക്‌ പ്രേക്ഷകനെ സജ്ജമാക്കാന്‍ പോന്നവിധം, വിളംബിതവും തരംഗിതവുമായ രീതിയുള്ള പശ്ചാത്തലസംഗീതമാണ്‌ ആ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്‌. പാലമരക്കൊമ്പുകളില്‍ കാറ്റുപിടിക്കുന്നതും ഇരുട്ടില്‍ മിന്നാമിനുങ്ങുകള്‍ പാറുന്നതും ജലാശയത്തില്‍ നിന്ന്‌ ഗന്ധര്‍വന്‍ ഉയരുന്നതും മറ്റും വിളംബിതകാലത്തിലും ചിത്രീകരിച്ചിരിക്കുന്നു. വിചിത്രരത്‌നം, പ്രജാപതിയുടെ ശബ്‌ദം, തീപ്രതിമകള്‍, അഗ്നികങ്കണം തുടങ്ങിയ ആഭിചാരചിഹ്നങ്ങളെ പ്രത്യക്ഷത്തില്‍ തന്നെ ഉപയോഗിക്കുന്നു.

അപരനിലെ നായകനും തമോശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്നു. അപരന്റെ ജഡം സംസ്‌കരിച്ചിടത്തെ കനലുകളുടെ സമീപവും വിദൂരവുമായ ഷോട്ടുകള്‍ മാറിമാറിക്കാണിച്ചുകൊണ്ട്‌ വിഭ്രാന്തി സൃഷ്‌ടിക്കുന്നുണ്ട്‌, ചലച്ചിത്രകാരന്‍.

തൂവാനത്തുമ്പികളിലെ ജയകൃഷ്‌ണന്‍ ക്ലാരയ്‌ക്ക്‌ കത്തെഴുതാനിരിക്കുന്ന രംഗത്തിലും അലൗകികശക്തികളുടെ ആഭിചാര ഇടപെടലുണ്ട്‌. കത്തിലെ ആദ്യവരിയെഴുതുമ്പോള്‍ മിന്നലും മഴയും ജയകൃഷ്‌ണന്റെ രഹസ്യഭയത്തെയും കുത്സിതമനോഭാവത്തെയും ഒരേപോലെ ഉത്തേജിപ്പിക്കുന്നു. അതേ സിനിമയില്‍, ജയകൃഷ്‌ണനും ക്ലാരയും കടപ്പുറത്ത്‌ രാത്രി ചെലവിടുന്ന രംഗത്തും തിരമാലകള്‍ ഒരുതരം നിഗൂഢ ഇടപെടലിനെ സൂചിപ്പിക്കുന്നുണ്ട്‌. ജയകൃഷ്‌ണന്‍ കേള്‍ക്കാത്ത ഒരു ഭ്രാന്തന്റെ ശബ്‌ദം തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി ക്ലാര പറയുകയും ചെയ്യുന്നു.

കൂടെവിടെയിലെ കൊലപാതകരംഗത്ത്‌ ക്യാപ്‌റ്റന്‍ തോമസിന്റെ ഇച്ഛ നടപ്പാക്കുന്നത്‌ അയാളല്ല, മറ്റേതോ ഗൂഢശക്തിയാണ്‌. കൊല്ലാന്‍ അയാള്‍ക്കാഗ്രഹമേയുള്ളൂ, അതിനുള്ള വാശിയില്ല. പക്ഷേ, ജീപ്പിന്റെ ബ്രേക്ക്‌ നഷ്‌ടമാകുന്നു. ആ സമയത്ത്‌ തോമസിന്റെ മുഖഗോഷ്‌ഠികള്‍, സണ്‍റൈസിലെ (എഫ്‌.ഡബ്ല്യൂ.മൂര്‍ണോ) കൊലപാതകശ്രമം നടത്തുന്ന ഭര്‍ത്താവിന്റേതു പോലെ, മനുഷ്യാതീതമാണെന്ന്‌ കാണാം.

കള്ളന്‍ പവിത്രനിലെ പാത്രങ്ങളുടെ ലോകവും മൂന്നാംപക്കത്തിലെ മരണാന്തരകര്‍മങ്ങളും നൊമ്പരത്തിപ്പൂവിലെ ജിജിയുടെ അപസ്‌മാരവും പെരുവഴിയമ്പലത്തിലെ മലഞ്ചെരിവിലെ വീടും അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ വേശ്യാലയവും മറ്റും ഭൂതാവിഷ്‌ടലോകത്തിന്റെ പ്രതീതികള്‍ ജനിപ്പിക്കുന്നവയാണ്‌. ഒരിടത്തൊരു ഫയല്‍വാനിലെയും കള്ളന്‍ പവിത്രനിലെയും തൂവാനത്തുമ്പികളിലെയും അസംബന്ധജീവിതങ്ങളും ഇതിന്റെ ബാക്കിപത്രങ്ങളാകുന്നു.

സ്വത്വവിചാരം

ആധുനികരുടെ അസ്തിത്വവിചാരത്തിന്റെ സജീവധാരകള്‍ പത്മരാജന്റെ സിനിമകളില്‍ നിഴല്‍വിരിച്ചു നില്‍ക്കുന്നു. ഇന്നലെയിലെ മായ തന്റെ സ്വത്വം തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ്‌. കമ്യു, സാര്‍ത്ര്‌, കാഫ്‌ക തുടങ്ങിയ എഴുത്തുകാര്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‍കിയിരുന്നിരിക്കാന്‍ സാധ്യതയുള്ള, ദസ്‌തയ്‌വ്‌സ്‌കിയുടെ ദ ഡബിളിലെ ഗോല്യാദ്‌കിന്‍ എന്ന കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്ന ഒരാളാണ്‌ അപരനിലെ നായകന്‍. ഇരുവരും തന്റെ അസ്തിത്വം നഷ്‌ടപ്പെടുന്നതിന്റെ ദുരന്തം അനുഭവിക്കുന്നു.

ഇരട്ടജീവിതത്തിന്റെ മറ്റൊരിരയാണ്‌ തൂവാനത്തുമ്പികളിലെ ജയകൃഷ്‌ണന്‍. അയാള്‍, ഗ്രാമത്തിലും നഗരത്തിലും രണ്ട്‌ വ്യക്തിത്വങ്ങളായി ജീവിക്കുന്നു. നഗരത്തിലെ ലോഡ്‌ജില്‍ വച്ച്‌ സുഹൃത്തായ ഋഷിക്ക്‌ സഹായമെല്ലാം ചെയ്‌ത ശേഷം മുറിവിട്ട്‌ ഇറങ്ങുന്ന ജയകൃഷ്‌ണന്റെ ചിരി പെട്ടെന്ന്‌ മായുന്നതും അവിടെ ഉത്തരം കിട്ടാത്ത ഏതോ ചോദ്യത്തിന്റെ ലാഞ്‌ഛന തെളിയുന്നതും പത്മരാജന്‍ പ്രാധാന്യത്തോടെ ചിത്രീകരിച്ചിരിക്കുന്നു.

ഒരിടത്തൊരു ഫയല്‍വാനിലെ ഫയല്‍വാനാകട്ടെ, ഈ ചോദ്യം താനറിയാതെ ചോദിച്ചുകൊണ്ടേയിരിക്കുന്നു. എവിടെ നിന്നോ വന്ന്‌ എവിടേക്കോ പോകുന്ന ഫയല്‍വാന്‍ എന്ന സങ്കല്‌പം തന്നെ ജീവിതാവസ്ഥയെക്കുറിച്ചുള്ള ഒരു സൂചനയല്ലേ. ഞാന്‍ ഗന്ധര്‍വനിലെ ഗന്ധര്‍വനും താന്‍ ഏതുതരം സ്വത്വമാണ്‌ പാലിക്കുന്നത്‌/പാലിക്കേണ്ടത്‌ എന്ന സന്ദിഗ്‌ധതയിലാണ്‌.

പക, ലൈംഗികത

പത്മരാജന്‍ സിനിമകളുടെ മുഖ്യലക്ഷണങ്ങളായി പറഞ്ഞുപതിഞ്ഞിരിക്കുന്ന രണ്ടു കാര്യങ്ങളാണ്‌ അവയിലെ ലൈംഗികസൂചനകളും പകയുടെ പകര്‍ന്നാട്ടവും. എന്നാല്‍, വിലയിരുത്തപ്പെടുന്നതില്‍ നിന്ന്‌ വ്യത്യസ്‌തമായി, പത്മരാജന്‍ സിനിമകളിലെ ലൈംഗികതയ്‌ക്കും വയലന്‍സിനും ഒരു മിതത്വമാണുള്ളതെന്നാണ്‌ സൂക്ഷ്‌മമായ നോട്ടത്തില്‍ കണ്ടെത്താനാകുക.

പത്മരാജന്‍ തിരക്കഥയെഴുതിയ കരിമ്പിന്‍പൂവിനക്കരെ (പാമ്പിനെക്കൊണ്ടു കൊത്തിക്കുക, പ്രതിയോഗിയുടെ പെങ്ങളെ വേശ്യാഗൃഹത്തില്‍ എത്തിക്കുക...), രതിനിര്‍വേദം (സര്‍പ്പക്കാവിലെ രതി...), ഈ തണുത്ത വെളുപ്പാന്‍ കാലത്ത്‌ (കൊന്ന ശേഷം ശവങ്ങളെ വികൃതമാക്കുക...), ഇതാ ഇവിടെ വരെ (താറാവുകളെ വിഷം കൊടുത്തുകൊല്ലുക, കോടാലിക്കു വെട്ടിക്കൊല്ലുക...), തകര (അര്‍ധനഗ്നാംഗിയുടെ അരിയാട്ട്‌...) പോലുള്ള സിനിമകളിലെ അതിരുവിട്ട രതിരംഗങ്ങളോ അക്രമരംഗങ്ങളോ പത്മരാജന്‍ സംവിധാനം ചെയ്‌ത സിനിമകളില്‍ കാണാനാവില്ലെന്നതാണ്‌ സത്യം. എന്നാല്‍, കൂടുതല്‍ ആഴമാര്‍ന്ന ചില സൂചനകളിലൂടെ, സാര്‍വലൗകികമായ ഈ രണ്ടു മാനസികഭാവങ്ങളുടെയും വിഭിന്നമാനങ്ങള്‍ അന്വേഷിക്കാന്‍ സംവിധായകനെന്ന നിലയില്‍ പത്മരാജന്‍ ഉത്സുകനാകുന്നതായി ആ സിനിമകളെ അപഗ്രഥിക്കുമ്പോള്‍ കാണാനാകും.

ഇന്നലെയിലെ മായയുടെ ഭൂതകാലജീവിതത്തെ ലൈംഗികാസംതൃപ്‌തിയുടേയും, ആ ഭൂതകാലത്തോടുള്ള അവളുടെ നിരാസത്തെ ലൈംഗികസംതൃപ്‌തിയുടേയും ജാരസംസര്‍ഗതൃഷ്‌ണയുടേയും മൊഴിമാറ്റങ്ങളായി വായിച്ചെടുക്കാനാകും. അതുകൊണ്ടാണ്‌ അവള്‍ ഭര്‍ത്താവിനെ തിരിച്ചറിയാത്തത്‌. ആ അവസാനരംഗത്തില്‍ നരേന്ദ്രനെ പുറത്തിരുത്തി അകത്തേക്ക്‌ പോകുന്ന ശരത്‌ മായയുമായി ശാരീരികബന്ധം പുലര്‍ത്തുന്ന സൂചനയാണ്‌ പ്രേക്ഷകന്‌ കിട്ടുന്നത്‌.

നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ ലൈംഗികസൂചനകളെ വായിക്കുമ്പോള്‍, സോഫിയും സോളമനും മുന്തിരിക്കുലകള്‍ക്കു മേല്‍ നഗ്നരായി കിടക്കുന്ന രംഗങ്ങളേക്കാള്‍ സോഫിയുടെ രണ്ടാനപ്പന്‌ അവളുടെ നേര്‍ക്കുള്ള താല്‌പര്യത്തിന്റെ നോട്ടങ്ങള്‍ക്കാണ്‌ പത്മരാജന്‍ കൂടുതല്‍ അര്‍ഥം പകരാന്‍ ശ്രമിച്ചിട്ടുള്ളതെന്നു കാണാം. ഒരിടത്തൊരു ഫയല്‍വാനിലെ ചക്കരയും കള്ളന്‍ പവിത്രനിലെ സ്‌ത്രീകഥാപാത്രങ്ങളും ഞാന്‍ ഗന്ധര്‍വനിലെ കന്യകയും ജാരസംസര്‍ഗതൃഷ്‌ണ പ്രകടിപ്പിക്കുന്നു. അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ ഗ്രാമത്തിന്റെ കേന്ദ്രമാകുന്നത്‌ ഒരു വേശ്യാലയമാണ്‌. അവിടുത്തെ മേല്‍ക്കൈക്കായാണ്‌ അവിടുത്തെ രണ്ടു വിഭാഗങ്ങള്‍ പോരാടുന്നത്‌. അവരുടെ ലൈംഗികവൈകൃതസ്വാതന്ത്ര്യത്തിനു മേലുള്ള പുറംലോകകടന്നുകയറ്റത്തെ പ്രതിരോധിക്കുമ്പോഴാണ്‌ കലാപം ഉണ്ടാകുന്നത്‌.

കൂടെവിടെയില്‍ ക്യാപ്‌റ്റന്‍ തോമസ്‌ അധികാരം സ്ഥാപിക്കുന്ന പുരുഷലൈംഗികതയുടെ പ്രതീകമാണ്‌. തന്റെ പെണ്ണിന്റെ മേല്‍ മറ്റൊരു പുരുഷന്റെ സ്വാധീനത്തെ ലൈംഗികഭാഷയില്‍ വായിക്കാനേ അയാള്‍ക്ക്‌ കഴിയുന്നുള്ളൂ. അതിനെ തന്റെ പുരുഷസ്വത്വത്തെ രൂപപ്പെടുത്തുന്ന കാഞ്ഞിരപ്പള്ളിക്കാരന്‍ നസ്രാണിത്തവുമായി ബന്ധപ്പെടുത്തിയാണ്‌ അയാള്‍ കാണുന്നതുപോലും. ദേശാടനക്കിളി കരയാറില്ലയില്‍ ലൈംഗികസ്വാതന്ത്ര്യം കൊതിക്കുന്ന പെണ്‍കുട്ടികളാണ്‌ നായികമാര്‍. സാലി വേഷത്തിലും ഭാവത്തിലും പുരുഷലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു. നിമ്മി തിരിച്ചും. അവസാനം മരിച്ചുകിടക്കുമ്പോഴും അവരുടെ ഉടല്‍ഭാഷയില്‍ ഈ വൈരുധ്യം കാണാം. പുരുഷനെന്ന മട്ടില്‍ കിടക്കുന്ന സാലി. നിമ്മി ആ മാറില്‍ തല ചായ്‌ച്‌ കിടക്കുന്നു.

ഹരിശങ്കര്‍ നിമ്മിയെ കുടുക്കുന്നത്‌ ഒരു ലൈംഗികക്ഷണസൂചനകള്‍ (പ്രേമത്തിന്റെ മട്ടില്‍) നല്‍കി, വഞ്ചിച്ചുകൊണ്ടാണ്‌. അയാള്‍ അവസാനനിമിഷം വരെ അയാളുടെ കാമുകിയെക്കുറിച്ചുള്ള സത്യം അവളില്‍ നിന്ന്‌ മറച്ചുവയ്‌ക്കുന്നു. പുരുഷലൈംഗികതയുടെ അധികാരഭാവത്തെയാണ്‌ നവംബറിന്റെ നഷ്‌ടത്തില്‍ മീര ലൈംഗികവഞ്ചനയിലൂടെത്തന്നെ കഴുത്തില്‍ കുടുക്കിട്ട്‌ അവസാനിപ്പിക്കുന്നത്‌. കരിയിലക്കാറ്റുപോലെയിലും കൊലപാതകി അതിനു മുതിരുന്നത്‌ തന്റെ കാമുകിയുടെ മേലുള്ള ലൈംഗികസ്വാതന്ത്ര്യത്തിനു വെല്ലുവിളിയുണ്ടാകുമ്പോഴാണ്‌.

പത്മരാജന്‍ സിനിമകള്‍ അതിന്റെ എല്ലാ പരിമിതികള്‍ക്കും പരാധീനകള്‍ക്കും ഉള്ളിലും സവിശേഷതയുടെ കൊടിയടയാളം വഹിക്കുന്നുണ്ട്‌. അതു തന്നെയാണ്‌ ആ ചിത്രങ്ങളുടെ പ്രൗഢിയും. സ്‌ത്രീവിരുദ്ധമായ പല ഘടകങ്ങളും എണ്ണിപ്പറയാന്‍ ഉണ്ടെങ്കിലും ചലച്ചിത്രഭാഷയുടേതായ ചില സൂചനകളിലൂടെയും, പ്രമേയപരമായും സ്‌ത്രീയനുഭവങ്ങളെ ആവിഷ്‌കരിക്കാന്‍ പത്മരാജന്‍ തുനിഞ്ഞിട്ടുണ്ട്‌. സ്‌ത്രീകളുടെ ചലച്ചിത്രകാരന്‍ എന്ന പേരിനര്‍ഹനായിട്ടുള്ള ബര്‍ഗ്മാന്റെ സിനിമകളില്‍, ഇന്റീരിയര്‍ ഷോട്ടുകളുടെ ക്രമാധികവിന്യാസമുണ്ടല്ലോ. സൈലന്‍സിലെ എസ്‌തേറിന്റെയും അന്നയുടേയും മുറികള്‍, കമ്പാര്‍ട്‌മെന്റുകള്‍, ക്രൈസ്‌ ആന്റ്‌ വിസ്‌പേഴ്‌സിലെ സ്‌ത്രീകളുടെ മുറികള്‍ തുടങ്ങിയവ. ഇതുപോലെയൊരു ദൃശ്യഭാഷ പത്മരാജനും സ്വീകരിച്ചുകാണാം.

ദേശാടനക്കിളി കരയാറില്ലയിലെ പെണ്‍കുട്ടികള്‍ തങ്ങുന്ന മുറികളെ ക്യാമറ ചിത്രീകരിക്കുന്നു. ദുരന്തവാര്‍ത്തകളറിയുമ്പോഴെല്ലാം മുറിയിലെ ചുമരിനോടു പറ്റിച്ചേരുകയാണ്‌ കൂടെവിടെയിലെ ആലീസ്‌, തൂവാനത്തുമ്പികളില്‍ ക്ലാരയെ നാം കാണുന്നതും ഏറെക്കുറെ മുറികളില്‍ മാത്രമാണ്‌, അവസാനം തീവണ്ടിമുറിയിലടക്കം. അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ വേശ്യാലയവും അതിലെ മുറികളുമാണ്‌ പ്രധാനരംഗം. ഞാന്‍ ഗന്ധര്‍വനില്‍ സകലമായാജാലവവും അരങ്ങേറുന്നത്‌ കന്യകയുടെ രഹസ്യാത്മകമുറിയിലാണ്‌. നവംബറിന്റെ നഷ്‌ടത്തിലും ക്യാമറ മീരയുടെ മുറികളെ പിന്തുടരുന്നു. അവള്‍ ആത്മഹത്യ ചെയ്യുന്ന 'സെല്ലു' വരെ.

ഇതുപോലെ, മറ്റൊരു പ്രത്യേകതയാണ്‌ മധ്യകേരളത്തിലെ ഗ്രാമീണാന്തരീക്ഷത്തിന്റെ ലാളിത്യസ്വച്ഛതകള്‍. ഫയല്‍വാനിലെ കുട്ടനാടന്‍ ഗ്രാമവും പെരുവഴിയമ്പലത്തിലെ ഓണാട്ടുകരഗ്രാമങ്ങളും അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ മായാഗ്രാമവും കള്ളന്‍ പവിത്രനിലെ ഗ്രാമവും മൂന്നാംപക്കത്തിലെയും അപരനിലെയും തീരദേശഗ്രാമങ്ങളും ഒക്കെ ഇതു തെളിയിക്കുന്നു.

പത്മരാജനിലെ ചലച്ചിത്രകാരന്‍ വഴങ്ങിക്കൊടുത്ത ഒത്തുതീര്‍പ്പുകളെ പെരുപ്പിച്ചുകാണിക്കുന്നതിലും ഉചിതം, ആ ഒത്തുതീര്‍പ്പുകള്‍ക്കുള്ളില്‍ നിന്ന്‌ സാധിച്ചെടുത്ത വിസ്‌മയത്തെ അഭിനന്ദിക്കുക എന്നതായിരിക്കും. മധ്യവര്‍ത്തിസിനിമാക്കാരില്‍ ഒപ്പമുണ്ടായിരുന്ന മറ്റ്‌ സംവിധായകരേക്കാള്‍ ആ അര്‍ഥത്തില്‍, പല കാര്യങ്ങളിലും കൂടുതല്‍ ഉയരവും വ്യത്യസ്‌തതയും പുലര്‍ത്തുന്നുണ്ട്‌ പത്മരാജന്‍.

ഭരതന്‍, ഐ.വി.ശശി, കെ.ജി.ജോര്‍ജ്‌, മോഹന്‍ തുടങ്ങിയ മറ്റുള്ളവര്‍ക്ക്‌ പറ്റിയ വലിയ പ്രശ്‌നം അവര്‍ക്ക്‌ മറ്റു തിരക്കഥാകാരന്മാരെ ആശ്രയിക്കേണ്ടി വന്നതാകാം. എസ്‌.എല്‍.പുരം സദാനന്ദനെയും (യവനിക) ഡെന്നിസ്‌ ജോസഫിനെയും (കഥയ്‌ക്കു പിന്നില്‍) പോലെയുള്ള കച്ചവടസിനിമാരചയിതാക്കളെ ആശ്രയിക്കേണ്ടി വന്നൂ, ജോര്‍ജിന്‌. ശശിയാണെങ്കില്‍, എം.ടി.യുടെയും (ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം, ആരൂഢം, അക്ഷരങ്ങള്‍...) ടി.ദാമോദരന്റെയും (വാര്‍ത്ത, നാല്‍ക്കവല, അടിമകള്‍ ഉടമകള്‍... ) ഷെരീഫിന്റെയും (അവളുടെ രാവുകള്‍, അനുരാഗി...) ജോണ്‍പോളിന്റെയും (ഭൂമിക...) ഒക്കെ തിരക്കഥകള്‍ മാറിമാറി ഉപയോഗിച്ചു. ഭരതന്‌, ജോണ്‍പോളിന്റെയും (ഓര്‍മ്മയ്‌ക്കായി, സന്ധ്യമയങ്ങും നേരം, മര്‍മരം...) ഡെന്നിസ്‌ ജോസഫിന്റെയും (പ്രണാമം) എം.ടി.യുടെയും (വൈശാലി, താഴ്‌വാരം) ടി.ദാമോദരന്റെയും (കാറ്റത്തെ കിളിക്കൂട്‌) ലോഹിതദാസിന്റെയും ( അമരം, പാഥേയം) തിരക്കഥകള്‍ക്കനുസരിച്ച്‌ തഞ്ചവും തരവും മാറാതെ വയ്യെന്നായി.

ഇവര്‍ക്കിടയില്‍, കലാദര്‍ശനത്തിലും ആവിഷ്‌കാരശൈലിയിലും ജീവിതവീക്ഷണത്തിലും ഏറെക്കുറെ ഭേദപ്പെട്ട വ്യക്തിത്വം പുലര്‍ത്താന്‍ പത്മരാജനായത്‌ എടുത്ത പതിനെട്ടു സിനിമകള്‍ക്കും സ്വന്തം തിരക്കഥകള്‍ തന്നെ ഉപയോഗിച്ചതു കൊണ്ടാകാം. അതുകൊണ്ടു തന്നെയാകാം, 1991ല്‍ പത്മരാജന്റെ മരണത്തോടെ മധ്യവര്‍ത്തി സിനിമയുടെ അവസാനമായി എന്നു പറയുന്നത്‌ അതിശയോക്തിയല്ലെന്ന്‌ ചരിത്രം തെളിയിച്ചതും. ഏതായാലും, മലയാളസിനിമയുടെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു സ്വാധീനമായി പത്മരാജന്‍ നിലനില്‍ക്കുന്നു എന്നത്‌ തര്‍ക്കമില്ലാത്ത സംഗതിയാണ്‌.

അന്‍വര്‍ അബ്ദുള്ള

________________________________________


പത്മരാജന്റെ സിനിമകള്‍:

  1. പെരുവഴിയമ്പലം (അവലംബം -സ്വന്തം നോവല്‍ -1979)
  2. ഒരിടത്തൊരു ഫയല്‍വാന്‍ (1981)
  3. കള്ളന്‍ പവിത്രന്‍ (അവലംബം -സ്വന്തം നോവല്‍ -1981)
  4. നവംബറിന്റെ നഷ്‌ടം (1982)
  5. കൂടെവിടെ ( അവലംബം -വാസന്തിയുടെ, മൂങ്കില്‍ പൂക്കള്‍ എന്ന തമിഴ്‌ നോവല്‍ - ഇല്ലിക്കാടുകള്‍ പൂത്താല്‍ എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചു -1983)
  6. പറന്നുപറന്നുപറന്ന്‌... (1984)
  7. തിങ്കളാഴ്‌ച നല്ല ദിവസം (അവലംബം -വാസന്തിയുടെ കഥ -1985)
  8. നമുക്കു പാര്‍ക്കാന്‍ മുന്തിരത്തോപ്പുകള്‍ (അവലംബം -കെ.കെ.സുധാകരന്റെ നമുക്ക്‌ ഗ്രാമങ്ങളില്‍ച്ചെന്നു രാപ്പാര്‍ക്കാം എന്ന നോവല്‍ -1986)
  9. കരിയിലക്കാറ്റു പോലെ (അവലംബം -സുധാ പി.നായരുടെ (സുധാകര്‍ മംഗളോദയം) ശിശിരത്തില്‍ ഒരു വസന്തം എന്ന റേഡിയോനാടകം -1986)
  10. അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ (അവലംബം -അതേ പേരിലുള്ള സ്വന്തം ചെറുകഥ -1986)
  11. ദേശാടനക്കിളി കരയാറില്ല (1986)
  12. നൊമ്പരത്തിപ്പൂവ്‌ (1987)
  13. തൂവാനത്തുമ്പികള്‍ (അവലംബം -ഉദകപ്പോള എന്ന സ്വന്തം നോവല്‍ -1987)
  14. അപരന്‍ (അതേ പേരിലുള്ള സ്വന്തം ചെറുകഥ -1988)
  15. മൂന്നാംപക്കം (1988)
  16. സീസണ്‍ (1989)
  17. ഇന്നലെ (അവലംബം -വാസന്തിയുടെ, ജനനം എന്ന തമിഴ്‌നോവല്‍ -പുനര്‍ജന്മം എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചു -1990)
  18. ഞാന്‍ ഗന്ധര്‍വന്‍ (1991)


പത്മരാജന്റെ തിരക്കഥകള്‍:

  1. പ്രയാണം (ഭരതന്‍ -1975)
  2. ഇതാ ഇവിടെ വരെ (ഐ.വി.ശശി - 1977)
  3. രതിനിര്‍വേദം (ഭരതന്‍ - 1978)
  4. രാപ്പാടികളുടെ ഗാഥ (കെ.ജി.ജോര്‍ജ്‌ -1978)
  5. നക്ഷത്രങ്ങളേ കാവല്‍ (സേതുമാധവന്‍ - 1978)
  6. വാടകയ്‌ക്ക്‌ ഒരു ഹൃദയം (ഐ.വിശശി - 1978)
  7. സത്രത്തില്‍ ഒരു രാത്രി (ശങ്കരന്‍ നായര്‍ - 1978)
  8. തകര (ഭരതന്‍ -1979)
  9. ലോറി (ഭരതന്‍ -1980)
  10. കൊച്ചുകൊച്ചുതെറ്റുകള്‍ (മോഹന്‍ -1980)
  11. ശാലിനി എന്റെ കൂട്ടുകാരി (മോഹന്‍ -1980)
  12. ഇടവേള (മോഹന്‍ - 1982)
  13. ഈണം (ഭരതന്‍ - 1983)
  14. കൈകേയി (ഐ.വി.ശശി -1983)
  15. കാണാമറയത്ത്‌ (ഐ.വി.ശശി -1984)
  16. ഒഴിവുകാലം (ഭരതന്‍ -1985)
  17. കരിമ്പിന്‍ പൂവിനക്കരെ (ഐ.വി.ശശി -1985)
  18. ഈ തണുത്ത വെളുപ്പാന്‍ കാലത്ത്‌ (ജോഷി -1990)

യുദ്ധവും ബാല്യവും -mathrubhumi.



രണ്ടാം ലോകമഹായുദ്ധകാലത്ത് ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ നടപ്പിലാക്കിയ അതിനീചമായ അക്രമപ്രവൃത്തികളുടെയും അവയ്‌ക്കെതിരെയുള്ള പ്രതിരോധങ്ങളുടെയും ചിത്രീകരണങ്ങള്‍ക്ക് ലോകസിനിമയില്‍ ഒരു ജനുസ്സിന്റെ പദവിതന്നെ ലഭിച്ചിട്ടുണ്ട്. കുട്ടികള്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഇത്തരം സിനിമകള്‍ ഏറെ പുറത്തുവരുന്നുമുണ്ട്. കുട്ടികള്‍ കേന്ദ്രകഥാപാത്രങ്ങളാവുന്നു എന്നതുകൊണ്ടുമാത്രം ഈ ചലച്ചിത്രങ്ങള്‍ കുട്ടികളെ മുഖ്യപ്രേക്ഷകരായി കരുതണമെന്നില്ല. ചരിത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് ആവശ്യപ്പെടുന്ന പ്രമേയഗുരുത്വത്താല്‍ ഈ സിനിമകള്‍ മുതിര്‍ന്ന പ്രേക്ഷകരെത്തന്നെയാണ് ലക്ഷ്യംവെക്കുക. എങ്കിലും ഇവയില്‍ ചില സിനിമകളെങ്കിലും മാതാപിതാക്കളുടെയോ മുതിര്‍ന്നവരുടെയോ വിശദീകരണങ്ങളോടെ കുട്ടികള്‍ക്ക് കാണാവുന്നവയാണ്.

ഒരു പ്രത്യേക ജനവിഭാഗത്തെ അപകടകാരികളായി ചിത്രീകരിച്ചുകൊണ്ട് വ്യാജ ദേശീയബോധത്തെയും യുദ്ധവെറിയെയും ജ്വലിപ്പിച്ചെടുക്കുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സൂക്ഷ്മപ്രവര്‍ത്തനത്തിന്റെ വിശകലനമാണ് ഈ ചലച്ചിത്രങ്ങള്‍ മിക്കവയും നിര്‍വഹിക്കുന്നത്. കുഞ്ഞുമനസ്സുകളില്‍ വരെ വംശീയ വെറുപ്പിന്റെ ചിന്ത കുത്തിവെച്ചുകൊണ്ട് ബാല്യത്തിന്റെ നിഷ്‌കളങ്കതയെ ഫാസിസം അപഹരിച്ചെടുക്കുന്നതെങ്ങനെയെന്ന് കുട്ടികള്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഇത്തരം സിനിമകള്‍ പരിശോധിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തെയും ഫാസിസത്തെയും ആധാരമാക്കുന്ന പല പ്രമുഖ സിനിമകളും ലക്ഷക്കണക്കിന് ജൂതന്മാരെ ഇല്ലായ്മ ചെയ്ത നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ രംഗങ്ങളിലാണ് ക്യാമറ കേന്ദ്രീകരിക്കാറുള്ളത്. ഈ പ്രമേയത്തെ ആധാരമാക്കി കേരളത്തിലെ സ്‌കൂളുകളില്‍ വ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമയാണ് റോബര്‍ട്ടോ ബെനീഞ്ഞി സംവിധാനം ചെയ്ത ഇറ്റാലിയന്‍ ചിത്രമായ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ (1997).

1998 ലെ കാന്‍ ചലച്ചിത്രമേളയില്‍ ജൂറി പുരസ്‌കാരവും മികച്ച വിദേശചിത്രത്തിനടക്കമുള്ള മൂന്ന് ഓസ്‌കറുകളും നേടിയെടുത്ത ഈ സിനിമ മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ അക്രമപ്രവൃത്തികളിലൊന്നെന്ന് വിശേഷിപ്പിക്കാവുന്ന ജൂതകൂട്ടക്കൊലയെ വിഷാദഛവി പുരണ്ട ഹാസ്യത്തിന്റെ പരിവേഷത്തോടെ വീക്ഷിക്കുന്നു. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ക്രൂരതകള്‍ തന്റെ മകന്‍ അറിയാതിരിക്കാന്‍ യഥാര്‍ഥ സംഭവങ്ങളെല്ലാം ഒരു കളിയാണെന്ന രൂപത്തില്‍ അവതരിപ്പിക്കുന്ന ഒരു പിതാവിന്റെ കഥയാണ് 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍' പറയുന്നത്. ഈ ചിത്രത്തിന് സമാനമായ രീതിയില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ഭീകരദൃശ്യങ്ങള്‍ ഏറെ ചിത്രീകരിക്കാതെ ഫാസിസത്തിന്റെ അമാനവികതയെ പകര്‍ത്തിയ സിനിമയാണ് മാര്‍ക്ക് ഹെര്‍മാന്‍ സംവിധാനം ചെയ്ത 'ദ ബോയ് ഇന്‍ സ്‌ട്രൈപ്പ്ഡ് പൈജാമാസ്' (2008).

കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ഒമ്പതു വയസ്സുകാരനായ ജൂതബാലനും നാസി ഓഫീസറുടെ സമപ്രായത്തിലുള്ള മകനും തമ്മിലുള്ള ബന്ധത്തിലൂടെ മുന്‍വിധികള്‍ സൃഷ്ടിച്ചുകൊണ്ട് ജനവിഭാഗങ്ങള്‍ തമ്മില്‍ അവിശ്വാസം വളര്‍ത്തുന്ന നാസിതന്ത്രങ്ങളെ പഠനവിധേയമാക്കുകയാണ് ഈ സിനിമ. ഫാസിസത്തെയും ഏകാധിപത്യഭരണകൂടങ്ങളെയും കുറിച്ചുള്ള ചലച്ചിത്രങ്ങളിലെല്ലാം കടന്നുവരുന്ന ഒറ്റുകൊടുപ്പിനെയും രക്തസാക്ഷിത്വത്തെയുംകുറിച്ചുള്ള ചിന്തകള്‍ ഈ ചലച്ചിത്രങ്ങളും പങ്കുവെക്കുന്നുണ്ട്. ജൂതകൂട്ടക്കൊലയെ ലഘൂകരിച്ചുകാണുന്നുവെന്ന ആരോപണം ഈ രണ്ടു ചിത്രങ്ങള്‍ക്കുമെതിരെ ഉയര്‍ന്നിട്ടുണ്ടെങ്കിലും നേരിട്ടുള്ള കഥ പറച്ചിലിന്റെ എളുപ്പവഴികള്‍ കുട്ടികളുടെ ഹൃദയങ്ങളെ കീഴടക്കുന്നതിന് ഈ സിനിമകളെ സഹായിക്കുന്നു.

യേ യിങ് (ദായിങ് യേ) സംവിധാനം ചെയ്ത ചൈനീസ് സിനിമ റെഡ് ചെറി (1995), ജോസ് ലൂയിസ് കുര്‍ദയുടെ സ്​പാനിഷ് സിനിമ ബട്ടര്‍ഫ്‌ളൈസ് ടങ്ക് (1999), മെക്‌സിക്കോയില്‍നിന്ന് ഹോളിവുഡിലെത്തിയ ഗ്വള്ളിര്‍മോ ഡെല്‍ ടോനെ ഒരുക്കിയ പാന്‍സ് ലാബറിന്ത് (2006) എന്നീ സിനിമകളും ഫാസിസത്തിനുകീഴില്‍ കുട്ടികളുടെ അവസ്ഥ ചിത്രീകരിക്കുന്ന മികച്ച ചലച്ചിത്രങ്ങളാണ്. പത്താംക്ലാസെങ്കിലും കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് മുതിര്‍ന്നവരുടെ വിശദീകരണങ്ങള്‍ക്കൊപ്പം മാത്രം കാണാവുന്ന സിനിമകളാണിവ.

റഷ്യയിലെത്തുന്ന അനാഥയായ ചൈനീസ് ബാലിക നേരിടേണ്ടിവരുന്ന അസാധാരണ ദുരന്തത്തെയാണ് റെഡ്‌ചെറി ചിത്രീകരിക്കുന്നത്. ഒരു നാസി ഓഫീസര്‍ ഈ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഫാസിസ്റ്റ് ജര്‍മനിയുടെ ചിഹ്നം മായ്ക്കാനാവാതെ പച്ചകുത്തുന്നതിനെ
യഥാര്‍ഥ സംഭവങ്ങളെ ആധാരമാക്കുന്ന ഈ ചലച്ചിത്രം ദൃശ്യവത്കരിക്കുന്നു. മറ്റൊരാളുടെ ശരീരത്തെ തന്റെ മാസ്റ്റര്‍പീസ് രചനയ്ക്കുള്ള ക്യാന്‍വാസാക്കുന്ന നാസി ഓഫീസറുടെ പെരുമാറ്റം കലാപ്രവര്‍ത്തനത്തിന്റെ രാഷ്ട്രീയ യുക്തികളിലേക്കാണ് പ്രേക്ഷകശ്രദ്ധ തിരിക്കുന്നത്. സ്​പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് സ്വരക്ഷയ്ക്കായി റിപ്പബ്ലിക്കന്‍ പക്ഷപാതിയായ തന്റെ പ്രിയപ്പെട്ട അധ്യാപകനെ തള്ളിപ്പറയേണ്ടിവരുന്ന ബാലന്റെ കഥയാണ് 'ബട്ടര്‍ ഫ്‌ളൈസ് ടങ്ക്' പറയുന്നത്.

രണ്ടാം ലോകമഹായുദ്ധകാലത്ത് ജനറല്‍ ഫ്രാങ്കോയുടെ ഫാസിസ്റ്റ് ഭരണത്തിനു കീഴിലുള്ള സ്‌പെയിനിന്റെ അവസ്ഥയാണ് 'പാന്‍സ്‌ലാബറിന്ത്' പ്രതിരൂപാത്മകമായി ചിത്രീകരിക്കുന്നത്. ഉദാത്തമായ രാഷ്ട്രീയസ്ഥൈര്യം പ്രകടിപ്പിച്ചുകൊണ്ട് മറ്റുള്ളവര്‍ക്കുവേണ്ടി മരിക്കുകയെന്ന മാനവികതയുടെ ഉന്നതമായ നടപടിയെ ഒരു കുട്ടിയുടെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന 'പാന്‍സ് ലാബറിന്ത്' ചലച്ചിത്രഘടനയിലെ പരീക്ഷണങ്ങളായും ശ്രദ്ധയേമാകുന്നു. ഫാന്‍റസിയെയും ചരിത്രത്തെയും അന്യാദൃശമായ വിധത്തില്‍ മിശ്രണം ചെയ്യുന്ന ഈ സിനിമ ഈ ദശാബ്ദത്തിലെ തന്നെ മികച്ച സിനിമകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. കാനില്‍ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ മൈക്കല്‍ ഹാമാക്കിന്റെ വൈറ്റ് റിബണ്‍ (2009) ഒന്നാം ലോകമഹായുദ്ധത്തിന് തൊട്ടുമുമ്പ് ഒരു ജര്‍മന്‍ ഗ്രാമത്തില്‍ അരങ്ങേറുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഫാസിസവും പുരുഷാധിപത്യവും തമ്മിലുള്ള ബന്ധത്തിലേക്ക് കണ്ണയയ്ക്കാന്‍ ശ്രമിക്കുന്നു. കുട്ടികളില്‍ അക്രമത്വര വളരുന്നതിനെ വിശകലനം ചെയ്യുന്ന ഈ സിനിമ കുട്ടികള്‍ പ്രധാന കഥാപാത്രങ്ങളാവുമ്പോഴും മുതിര്‍ന്നവരുടെ സിനിമയായേ പരിഗണിക്കാവൂ.

ഫാസിസത്തോടുള്ള ഒത്തുതീര്‍പ്പുകളും ഒറ്റുകൊടുപ്പും രക്തസാക്ഷിത്വവുമെല്ലാം വിഷയമായിവരുന്ന ഡച്ച് സിനിമയായ 'വിന്‍റര്‍ ഇന്‍ വാര്‍ ടൈം' (2008) ഈ വര്‍ഷത്തെ മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌കറിനായി നാമനിര്‍ദേശത്തിനുമുമ്പ് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഒമ്പത് ചിത്രങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. നാസി നിയന്ത്രണത്തിലുള്ള ഒരു ഡച്ച് നഗരപ്രാന്ത പ്രദേശത്തിനടുത്തുള്ള ചെറുകാട്ടില്‍ വിമാനം തകര്‍ന്ന് അകപ്പെടുന്ന ബ്രിട്ടീഷ് വൈമാനികനെ രക്ഷപ്പെടുത്താന്‍ മിഹിയേല്‍ എന്ന ബാലന്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ സിനിമയുടെ കാതല്‍. റോം ചലച്ചിത്രോത്സവത്തില്‍ 14 മുതല്‍ 18 വയസ്സുവരെയുള്ളവരുടെ ജൂറി ഈ സിനിമയെ മികച്ച സിനിമയായി തിരഞ്ഞെടുത്തിരുന്നു.
നാസികളോട് ഒത്തുതീര്‍പ്പിന്റെ ഭാഷയില്‍ സംസാരിക്കുന്ന മേയറായ തന്റെ പിതാവിനോട് മിഹിയേല്‍ ഒരകല്‍ച്ച സൂക്ഷിക്കുന്നുണ്ട്. നാസികള്‍ക്കെതിരെയുള്ള രഹസ്യപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയെന്ന് കരുതപ്പെടുന്ന അമ്മാവനാണ് അവന്റെ ഹീറോ. രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യഘട്ടത്തിലെ കടുത്ത ശീതകാലം മിഹിലേലിനെ മാറ്റിമറച്ചുകളയുന്നു.

മിഹിയേല്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന ബ്രിട്ടീഷ് സൈനികന്‍ കൊന്നുകളഞ്ഞ ജര്‍മന്‍കാരന്റെ കൊലപാതകികള്‍ക്കായുള്ള അന്വേഷണത്തിനൊടുവില്‍ അവന്റെ അച്ഛനായ മേയറെ നാസികള്‍ വെടിവെച്ചുകൊല്ലുന്നു. നഗരവാസികളിലൊരാള്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കാനായി മേയറായ താന്‍തന്നെ മരിക്കാമെന്നു തന്റെ പിതാവ് തീരുമാനമെടുക്കുകയായിരുന്നെന്ന തിരിച്ചറിവ് രക്തസാക്ഷിത്വത്തെക്കുറിച്ച് പുതിയ പാഠങ്ങള്‍ അവന് നല്കുന്നു. അവന്‍ ആരാധിച്ചിരുന്ന അമ്മാവന്റെ യഥാര്‍ഥമുഖം ഫാസിസം എങ്ങനെ സൂക്ഷ്മമായി മനസ്സുകളെ കീഴടക്കുന്നുവെന്ന് അവന് മനസ്സിലാക്കിക്കൊടുക്കുന്നു. ഫാസിസത്തിന്റെ ഇരുള്‍വീണ നിഷ്ഠുരമായ ഒരു ശൈത്യകാലം അവനെ ബാല്യത്തില്‍നിന്ന് വലിയവരുടേതായ നിര്‍ണായക തീരുമാനങ്ങളിലേക്ക് എടുത്തെറിയുന്നു.

പക്ഷംചേരലിന്റെ ധീര രാഷ്ട്രീയത്തിലൂടെയാണ് ഫാസിസത്തിന്റെ വിദ്വേഷചിന്തയെ പ്രതിരോധിക്കാനാവുകയെന്ന് മിഹിയേല്‍ അറിയുന്നു. ബോയ് ഇന്‍ സ്‌ട്രൈപ്പ്ഡ് പൈജാമാസി'ലും 'വിന്‍ററി'ലുമെല്ലാം പ്രധാന കഥാപാത്രങ്ങളായ കുട്ടികള്‍ക്ക് ലഭിക്കുന്ന പ്രവര്‍ത്തനസ്വാതന്ത്ര്യം ഫാസിസത്തിന്റെ പിഴപറ്റാത്ത കാര്യക്ഷമതയെ ലഘൂകരിച്ചുകാണിക്കുന്നുണ്ടെന്നു കാണാം. എന്നാല്‍ ജനാധിപത്യബോധത്തിലേക്ക് കുട്ടികളെ നയിക്കുന്നതിനായി ഈ സിനിമകളെടുക്കുന്ന കലാപരമായ സ്വാതന്ത്ര്യമായിക്കണ്ട് ഈ പിഴവുകളെ മുതിര്‍ന്ന പ്രേക്ഷകര്‍ക്ക് ക്ഷമിക്കാവുന്നതാണ് .

അത്ഭുതലോകത്തിന്റെ രാഷ്ട്രീയ ധ്വനികള്‍ -mathrubhumi


മാജിക്കല്‍ റിയലിസത്തിന്റെ സ്വപ്‌നഭംഗി നിറയുന്ന ദൃശ്യങ്ങളാല്‍ നിര്‍മ്മിതമായ പോളണ്ടിന്റെ ഗ്രാമീണ രംഗങ്ങളുടെ സമൃദ്ധി യാന്‍ യാക്കൂബ് കോള്‍സ്‌കിയുടെ ചിത്രങ്ങളുടെ സവിശേഷതയാണ്. തന്റെ ചലച്ചിത്രങ്ങളില്‍ നിര്‍മ്മിച്ചെടുക്കുന്ന സുന്ദരമായ ഗ്രാമീണ ദൃശ്യങ്ങളിലൂടെ ഭയം ജനിപ്പിക്കുന്ന ചില രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളിലേക്ക് അന്വേഷിച്ചു ചെല്ലുവാനാണ് കോള്‍സ്‌കി ശ്രമിക്കുന്നത്. 'ജോണി ലാന്‍ഡ്' എന്ന പേരില്‍ വിശേഷിപ്പിക്കപ്പെടുന്ന ഈ നിര്‍മിതലോകം, ഉപരിതലത്തിലെ സ്വപ്‌നഭംഗിയെ വഞ്ചിച്ചുകൊണ്ട് ഭീഷണമായ ചില രാഷ്ട്രീയ സമസ്യകളെ വെളിച്ചത്തുകൊണ്ടുവരുന്നു.

ജൂതകൂട്ടക്കൊല പോലെ അടിയന്തരമായ രാഷ്ട്രീയ ഇടപെടല്‍ ആവശ്യമായ സമയത്ത്, പുരോഗമന രാഷ്ട്രീയ നിലപാടുകളുള്ളവരെന്ന് കരുതപ്പെടുന്നവര്‍ പോലും പുലര്‍ത്തിയ കുറ്റകരമായ നിസംഗത കോള്‍സ്‌കിയുടെ മിക്കവാറും സിനിമകളിലും അന്തര്‍ധാരയായി പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമീണദൃശ്യങ്ങളുടെ പ്രാദേശികഭാവങ്ങള്‍ ഇങ്ങനെ അടിസ്ഥാനപരമായി പ്രകാശിപ്പിക്കുന്നത് അന്തര്‍ദേശീയമായ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെയാണ്. പോളണ്ടില്‍ നിന്നുള്ള കോള്‍സ്‌കിയുടെ സിനിമകളാണ് റെട്രോസ്​പക്ടീവ് വിഭാഗത്തില്‍ ഗോവയില്‍ ഏറ്റവും ശ്രദ്ധ നേടുന്നത്.

ഗബ്രീയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസിന്റെ 'മക്കോണ്ട' യോട് സാദൃശ്യം പുലര്‍ത്തുന്ന ഒരത്ഭുത പ്രദേശം കോള്‍സ്‌കി തന്റെ സിനിമകളില്‍ നിര്‍മ്മിക്കുന്നുണ്ട്. 'അത്ഭുതകരമായ പ്രദേശം' എന്നാണ് കോള്‍സ്‌കിയുടെ ഒരു സിനിമയുടെ പേരുതന്നെ. തന്റെ കുട്ടിക്കാലത്ത് മുത്തശ്ശിക്കൊപ്പം കോള്‍സ്‌കി കഴിഞ്ഞുകൂടിയ പോളണ്ടിലെ ഗ്രാമപ്രദേശത്തിന്റെ സ്മരണയുണര്‍ത്തുന്ന പ്രദേശമാണിത്. ആത്മകഥാപരമായ അനുഭവങ്ങളുടെ അനുരണനം അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സിനിമകളില്‍ പ്രകടമാണ്. ഈ പ്രദേശത്ത് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സ്ഥിരമായി ഒരേ അഭിനേതാക്കള്‍ തന്നെയാണ്.



അതിശയലോകത്തെ അവധാനതയോടുകൂടിയ റിയലിസ മാതൃകയില്‍ ചിത്രീകരിക്കുന്ന കോള്‍സ്‌കിയുടെ മിക്ക സിനിമകളും ചലച്ചിത്ര കലയെക്കുറിച്ചുള്ള സിനിമകള്‍ കൂടിയാണ്. 'ദ ഹിസ്റ്ററി ഓഫ് സിനിമ ഇന്‍ ദ വില്ലേജ് ഓഫ് പോപ്പിലാവി' പോലുള്ള സിനിമകളിലൂടെ ചലച്ചിത്ര ചരിത്രത്തെ തന്റെ അത്ഭുതലോകവുമായി കോള്‍സ്‌കി നിബന്ധിക്കുന്നു. റിയലിസത്തിന്റെ രേഖീയ ആഖ്യാന മാതൃകയെ അട്ടിമറിച്ചുകൊണ്ട് കോള്‍സ്‌കിയുടെ ചിത്രങ്ങളില്‍ കടന്നുവരുന്ന സ്വപ്‌നദൃശ്യങ്ങളും ഡോക്യു-ഫുട്ടേജുകളും ചലച്ചിത്രചരിത്രത്തെയും ചലച്ചിത്ര ജനുസ്സുകളെയും ഓര്‍മിപ്പിക്കുന്നവയാണ്.

'ഹിസ്റ്ററി ഓഫ് സിനിമ'യില്‍ ആദ്യകാല ചലച്ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഏറെയുണ്ട്. 'കീപ്പ് എവേ ഫ്രം ദ വിന്‍ഡോ'യില്‍ ജൂതപെണ്‍കുട്ടിയുടെ ഓര്‍മചിത്രങ്ങളായി കടന്നുവരുന്ന ദൃശ്യങ്ങള്‍ നേരിട്ടുള്ള ആഖ്യാനത്തെ ഖണ്ഡിച്ചുകൊണ്ടാണ് കടന്നുവരുന്നത്. 'പോര്‍ണോഗ്രാഫി' പോലുള്ള ചിത്രങ്ങള്‍ തുടങ്ങുന്നതുപോലും ഇത്തരം ദൃശ്യങ്ങളില്‍ നിന്നാണ്. ചലച്ചിത്രമെന്നത് യാഥാര്‍ത്ഥ്യത്തിന്റെ
പകര്‍പ്പെടുക്കലല്ലെന്നും വ്യത്യസ്തമായൊരു കലായാഥാര്‍ത്ഥ്യമാണെന്നുമുള്ള തിരിച്ചറിവാണ് കോള്‍സ്‌കിയുടെ ചലച്ചിത്ര അന്വേഷണങ്ങളെ മുന്നോട്ടു നയിക്കുന്നത്.

2008 ല്‍ ഗോവയില്‍ നടന്ന ചലച്ചിത്രമേളയില്‍ കോള്‍സ്‌കിയുടെ 'ജാസ്മിനം' എന്ന സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. തന്റെ മുന്‍കാലസിനിമകളില്‍ നിന്ന് വ്യത്യസ്തമായി തന്റെ അത്ഭുതലോകത്തുനിന്നും മാറി വ്യത്യസ്തമായ ഒരന്തരീക്ഷ സൃഷ്ടിക്ക് ഈ സിനിമയില്‍ കോള്‍സ്‌കി മുതിരുന്നുണ്ട്. എന്നാല്‍ തന്റെ കയ്യൊപ്പു ശൈലി ഈ സിനിമയിലും അദ്ദേഹം തുടരുകയും ചെയ്യുന്നു. ഒരു മിണ്ടാമഠത്തില്‍ ചിത്രങ്ങളും മറ്റും പുതുക്കിയെടുക്കാനെത്തുന്ന സ്ത്രീയും അവരുടെ മകളായ് കൊച്ചുപെണ്‍കുട്ടിയും അവിടുത്തെ സന്യാസിമാരെ നിരീക്ഷിക്കുന്നതാണ് ഈ ചിത്രത്തിന് പ്രമേയമാകുന്നത്.

പിന്നീട് ഈ സന്യാസിമാരുടെ വിശുദ്ധ രഹസ്യങ്ങളുടെ ഉള്ളറകളിലേക്കുള്ള സഞ്ചാരമായി ഈ സിനിമ മാറുന്നു. ഇതോടെ ദൈവങ്ങളുടെയും മാലാഖമാരുടെയും ദുഷ്ടശക്തികളുടെയും ഇടമെന്ന നിലയില്‍ ഇതള്‍വിരിയുന്ന കോള്‍സ്‌കിയുടെ അത്ഭുതലോകം ഈ സിനിമയിലും ഇടം കാണുന്നു. ഗ്രാമത്തില്‍ ഒരു വേശ്യയ്ക്കു തുല്യമായ ജീവിതം നയിക്കുന്ന യുവതിയുടെ ശരീരത്തില്‍ ക്രിസ്തുവിന്റെ അഞ്ചു തിരുമുറിവുകള്‍ പ്രത്യക്ഷപ്പെടുന്നതുമായി ബന്ധപ്പെട്ടിട്ടുണ്ടാവുന്ന സംഭവങ്ങളാണ് 'എ മിറാക്കുലസ് പ്ലേസി'ന് വിഷയമാകുന്നത്. ക്രിസ്ത്യന്‍/പേഗന്‍ വിശ്വാസങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ചിത്രീകരണത്തിലൂടെ ഈ ചിത്രം അന്വേഷിച്ചു ചെല്ലുന്നത് രണ്ടാം ലോകമഹായുദ്ധകാലത്തെ ജൂതകൂട്ടക്കൊലയില്‍ തന്നെയാണ്.

ഹോളോകോസ്റ്റിനെ എതിര്‍ക്കുന്നതില്‍ ക്രിസ്തീയ സഭകള്‍ പുലര്‍ത്തിയ കുറ്റകരമായ അനാസ്ഥയെ ഈ ചിത്രം സവിശേഷമായി ഓര്‍മ്മിപ്പിക്കുന്നുണ്ട്. 'തിരുമുറിവുകള്‍' മായ്ച്ചുകളയാന്‍ യുവതിയെ സഹായിക്കുന്ന അത്ഭുതജലത്തെ തിരിച്ചറിയാന്‍ പെട്ടെന്ന് ദൈവത്തില്‍ വിശ്വാസം കണ്ടെത്തുന്ന ഗ്രാമീണജനതയ്്ക്ക് കഴിയുന്നില്ല. തിരുമുറിവ് പ്രത്യക്ഷപ്പെട്ട യുവതിയെ ആദ്യം ദൈവസ്​പര്‍ശമേറ്റവളായും പിന്നീട് ദുര്‍മന്ത്രവാദിനിയായും കാണുന്ന ജനക്കൂട്ടത്തിന് ആഴത്തിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ കാണാനാവുന്നില്ല. പേഗന്‍ വിശ്വാസത്തിന്റെതായ തിരിച്ചറിവിന്റെ തലവും രാഷ്ട്രീയവും നിലപാടെടുക്കലിന്റെ ഒരു പ്രത്യേക ബിന്ദുവില്‍ ഈ സിനിമയില്‍ സംഗമിക്കുന്നു.

സിനിമയെടുക്കുന്ന യന്ത്രം ലൂമിയര്‍ സഹോദരന്‍മാരെക്കാള്‍ മുമ്പേ പോപ്പിലാവി എന്ന കോള്‍സ്‌കിയുടെ സ്വന്തം അത്ഭുതഗ്രാമത്തിലെ ഒരു കൊല്ലന്‍ നിര്‍മ്മിച്ചുവെന്ന സങ്കല്പത്തില്‍ നിന്നാണ് 'ഹിസ്റ്ററി ഓഫ് സിനിമ ഇന്‍ ദ വില്ലേജ് ഓഫ് പോപ്പിലാവി' ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നത്. കോള്‍സ്‌കി കുടുംബത്തിന് പോളണ്ടിലെ ആദ്യകാല സിനിമാ പ്രദര്‍ശനവുമായുള്ള ബന്ധം ഈ സിനിമക്ക് ആത്മകഥാപരമായ ഗൃഹാതുരത്വം സമ്മാനിക്കുന്നുണ്ട്.

രൂപരേഖയില്‍ മാത്രം അവശേഷിക്കുന്ന ഈ സിനിമായന്ത്രം കൊല്ലന്റെ വരുംതലമുറകളെ മുഴുവന്‍ സൃഷ്ടിപരതയാല്‍ ആവേശിക്കുന്നതാണ് ഈ ചിത്രത്തിന്റെ കേന്ദ്ര പ്രമേയമാകുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ രണ്ടു പയ്യന്‍മാരില്‍, കൊല്ലന്റെ കുടുംബത്തില്‍ പെട്ടയാളാണ് സമകാലികതയില്‍ സിനിമായന്ത്രത്തെ കുറിച്ച് അന്വേഷിക്കുന്നത്. ക്ഷയരോഗബാധിതനായ സുസ്‌റ്റെക്ക് എന്ന ഈ ബാലന്റെ രോഗത്തെയും അവന്റെ കളിക്കൂട്ടുകാരനായ സ്റ്റാസെക്കിന്റെ അറിയാതെയുള്ള മൂത്രമൊഴിക്കല്‍ ശീലത്തെയും വരെ മാറ്റുംവിധം ചലച്ചിത്രകലയുടെ ശേഷികള്‍ അവരുടെ ജീവിതങ്ങളെ പരിണമിപ്പിക്കുന്നു.

ഗ്രാമത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന സുസ്‌റ്റെക്കിന്റെ അമ്മാവനും കുതിരയും മഞ്ഞില്‍ ഉറച്ചുനില്‍ക്കുന്ന ഒരു ദൃശ്യം ഈ സിനിമയിലെ സര്‍ റിയല്‍ അന്തരീക്ഷത്തിന്റെ കൃത്യമായ സൂചകമാണ്. ഈ രണ്ടു ബാലന്‍മാരും ചേര്‍ന്ന് സിനിമ പ്രദര്‍ശിപ്പിക്കാനാരംഭിക്കുമ്പോള്‍ പ്രതിമകളെപ്പോലെ ഉറച്ചുപോയ അമ്മാവനും കുതിരയും ജീവനിലേക്ക് തിരിച്ചുവരുന്നു. സിനിമായന്ത്രത്തിന്റെ ആകര്‍ഷണവലയത്തില്‍ പെടുന്നതോടെ പ്രണയവും ലൈംഗികതയും അപ്രസക്തമാകുന്നതിന്റെ രസകരമായ ദൃശ്യങ്ങള്‍ സിനിമയുടെ സര്‍ഗാത്മകതയാല്‍ ഭൂതാവേശിതരായ ഇതിലെ കഥാപാത്രങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നു.

കോള്‍സ്‌കിയുടെ ചിത്രങ്ങളിലെ ആവര്‍ത്തിക്കുന്ന ഭൂഭാഗദൃശ്യങ്ങളും പ്രമേയങ്ങളും ഒരു കൈയൊപ്പുശൈലിയുടെ ഭാഗമായി വാഴ്ത്തപ്പെടുമ്പോഴും വിമര്‍ശനത്തിനിരയാകുന്നുണ്ട്. മുഖ്യ പ്രമേയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം തന്റെ സ്ഥിരം വിഷയങ്ങളോടുള്ള മമത കോള്‍സ്‌കിയുടെ സിനിമകള്‍ വ്യക്തതയില്ലാതാകുന്നുവെന്ന് അധിക്ഷേപിക്കാവുന്നതാണ്. എന്നാല്‍ കൂട്ടക്കൊലയെ നേരിട്ട് ചിത്രീകരിക്കുന്ന കീപ്പ് എവേ ഫ്രം ദവിന്‍സോ എന്ന സിനിമ ഒരു യഥാര്‍ഥ സംഭവത്തിന്റെ ഉള്ളലിയിക്കുന്ന ദൃശ്യഭാഷ്യമാണ്.

കുട്ടികളില്ലാത്ത ദമ്പതിമാരുടെ ഭവനത്തിലേക്ക് രണ്ടാംലോക മഹായുദ്ധകാലത്ത് ഒരു ജൂതയുവതി അഭയം തേടിയെത്തുന്നതും തുടര്‍ന്ന് ഒളിവ് ജീവിതത്തിനിടെ ഗര്‍ഭിണിയായി ഒരു കുട്ടിയെ പ്രസവിക്കുന്നതാണ് ഈ സിനിമയുടെ മുഖ്യ പ്രമേയം. ഹോളോകാസ്റ്റ് സിനിമകളുടെ സ്ഥിരം ശൈലിയില്‍ നിന്നുമാറി അഭയം നല്‍കുന്ന ദമ്പതിമാരുടെ ജീവിതത്തില്‍ യുവതിയുടെ കടന്നുവരവ് സൃഷ്ടിക്കുന്ന സംഘര്‍ഷത്തിലാണ് സിനിമ ഊന്നുന്നത്.

സ്ത്രീത്വത്തിന്റെയും മാതൃത്വത്തിന്റെയും തീക്ഷ്ണ ഭാവങ്ങളെ അതിജീവനത്തിന്റെ രാഷ് ട്രീയ സമസ്യകളുമായി ബന്ധിപ്പിച്ചുകൊണ്ടാണ് കോള്‍സ്‌കിയുടെ ഈ സിനിമ വ്യത്യസ്തമാകുന്നത്. കോള്‍സ്‌കിയുടെ ലളിതസുന്ദര ചിത്രങ്ങളിലൊന്നായ ജാസ്മിനം ഇവിടെ അദ്ദേഹത്തിന്റെ റെട്രോയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമകളുള്‍പ്പടെ എട്ടു സിനിമ ഉള്‍ക്കൊള്ളുന്ന പാക്കേജ് ഗോവയില്‍ പ്രദര്‍ശിപ്പിക്കുന്ന റെട്രോകളില്‍ ഏറ്റവും സമ്പൂര്‍ണമായതാണ്. അത്ഭതുസ്ഥലികളുടെ രാഷ്ട്രീയ വിവക്ഷകള്‍ അനുഭവിച്ചറിയാന്‍ കോള്‍സ്‌കിയുടെ റെട്രോ ഗോവന്‍ പ്രേക്ഷകര്‍ക്ക് അപൂര്‍വ്വ അവസരമാണ് നല്‍കുന്നത്

പൊളാന്‍സ്‌കിയും ഫത്തിഹ് അക്കിനും-mathrubhumi


സമകാലിക ലോകസിനിമയിലെ വിഖ്യാതസംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ 2010 ലെ ഇന്ത്യയുടെ അന്തര്‍ദേശീയ ചലച്ചിത്ര മേളയുടെ ശ്രദ്ധാകേന്ദ്രമാവുന്നു. ഇവ മിക്കവയും വിഖ്യാതമായ ചലച്ചിത്രമേളകളില്‍ പുരസ്‌ക്കാരങ്ങള്‍ നേടിയെടുത്തവയാണ്. ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ ശ്രദ്ധ നേടിയ ചിത്രങ്ങളും പ്രേക്ഷകരില്‍ പ്രതീക്ഷയുണര്‍ത്തുന്നുണ്ട്.

ലോക സിനിമാ ചരിത്രത്തില്‍ മായ്ക്കാനാവാത്ത സര്‍ഗാത്മക മുദ്രകള്‍ പ്രതിഷ്ഠിച്ച ഇതിഹാസ സംവിധായകരില്‍ ഇന്നും സക്രിയരായ രണ്ടു സംവിധായകരുടെ ഏറ്റവും പുതിയ രചനകള്‍ ഗോവന്‍ ചലച്ചിത്ര മേളയിലെത്തുന്നുണ്ട്. 'നൈഫ് ഇന്‍ദ വാട്ടര്‍', ചൈനാ ടൗണ്‍, റോസ് മേരീസ് ബേബി, പിയാനിസ്റ്റ് തുടങ്ങി സിനിമാ ചരിത്രത്തിലെ ക്ലാസിക്കുകളായി വാഴ്ത്തപ്പെടുന്ന രചനകളുടെ കര്‍ത്താവായ പൊളാന്‍സ്‌കിയുടെ ഏറ്റവും പുതിയ സിനിമയായ 'ദ ഗോസ്റ്റ് റൈറ്റര്‍, ആണ് ഇത്തവണ മേളക്കെത്തുന്നത്.

ഈ വര്‍ഷത്തെ ബര്‍ലിന്‍ ചലച്ചിത്ര മേളയില്‍ മികച്ച സംവിധായനുള്ള സില്‍വര്‍ ബെയര്‍ പുരസ്‌ക്കാരം നേടിയ ഈ സിനിമ ഒരു ത്രില്ലറിന്റെ ഘടനയില്‍ ചില രാഷ്ട്രീയ പ്രസ്താവനകള്‍ നടത്താനാണ് ഉദ്യമിക്കുന്നത്. യുദ്ധ കുറ്റകൃത്യങ്ങള്‍ അന്താരാഷ്ട്ര കോടതിയുടെ വിചാരണ നേരിടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആത്മകഥയെഴുതുന്ന അപര എഴുത്തുകാരന്റെ കഥയാണ് 'ഗോസ്റ്റ് റൈറ്റര്‍'.

റോബര്‍ട്ട് ഫാരി ന്റെ 'ദ ഗോസ്റ്റ് ' എന്ന പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമായ ഈ സിനിമ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിനേയും ഭാര്യ ചെറിബ്ലെയറിനേയും ഓര്‍മിപ്പിക്കുന്ന വിധമാണ് ഒരുക്കിയതെന്നത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ആത്മകഥയെഴുതുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയും ഭാര്യയുടെയും അമേരിക്കന്‍ വിധേയത്വത്തെ അവരുടെ സി.ഐ.ഐ ബന്ധവുമായി കൂട്ടിയിണക്കാന്‍ ശ്രമിച്ചുകൊണ്ടാണ് സമകാലിക അന്തര്‍ദ്ദേശീയ രാഷ്ട്രീയത്തെ കുറിച്ച് ഈ സിനിമ പ്രസ്താവനകള്‍ നടത്താനൊരുങ്ങുന്നത്.

ഒരു ത്രില്ലറിന്റെ ഘടനയെ സാര്‍ഥകമായി ഉപയോഗിക്കുന്ന ഈ സിനിമ അസാധാരണമായ വിധത്തില്‍ സിനിമയുടെ ദൃശ്യഭാഷയെ പരിവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് പറയാനാവില്ല. എങ്കിലും വിവാദങ്ങുടെ കളിക്കുട്ടുകാരനായ പൊളാന്‍സ്‌കി പുതിയ സിനിമയിലും വിവാധവിഷയങ്ങളെ തന്നെ പ്രമേയമാക്കുന്നതിലൂടെ സൃഷ്ടി പ്രക്രിയയില്‍ 'തന്റെ ഇട'ത്തിന് അദ്ദേഹം നല്‍കുന്ന പ്രാധാന്യത്തെയാണ് എടുത്തു കാട്ടുന്നത്.

35 ലധികം സിനിമകളിലൂടെ ഫ്രഞ്ച് സിനിമയിലെ ഇതിഹാസങ്ങളിലൊന്നായി മാറിയ ബെര്‍ട്രാന്‍ഡ് ടവേണിയറുടെ, കാന്‍ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'ദ പ്രിന്‍സസ് ഓഫ് മോണ്ട്‌വെന്‍സ്വറാ'ണ് ഇത്തവണ ഗോവയിലെത്തുന്നത്. നവോത്ഥാന കാലഘട്ടത്തില്‍ കത്തോലിക്കരും പ്രോട്ടസ്റ്റന്റ് വിഭാഗക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയ കഥയാണ് ടവേണിയര്‍ തന്റെ പുതിയ സിനിമയില്‍ ചിത്രീകരിക്കുന്നത്.


സമകാലീക പ്രതിഭകള്‍


കാന്‍ ചലച്ചിത്രമളേയില്‍ നിന്നുള്ള പക്കേജിന്റെ ഭാഗമായി ഗോവയിലെത്തുന്ന ചിത്രമാണെങ്കിലും തായ് നവതരംഗ സംവിധായകരില്‍ പ്രമുഖനായ അപിചാറ്റ് പോണ്ട് വീരസേത്തകൂലിന്റെ ' അങ്കിണ്‍ ബൂണ്‍മീ ഹൂ കാന്‍ റികോള്‍ ഹിസ് പാസ്റ്റ് ലൈവ്' എന്ന സിനിമ ഇവിടെ മത്സര വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ഷത്തെ കേരളാ ചലച്ചിത്രമേളയില്‍ ഇദ്ദേഹത്തിന്റെ റെട്രാസ്​പിക്ടീവ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകത്തിലെ വിഖ്യതാ ചലച്ചിത്ര മേളകളുടെ ഓമനയായി മാറിയിട്ടുള്ള ഈ ചലച്ചിത്രകാരന്റെ പുതിയ ചിത്രമായ ' അങ്കിണ്‍ബൂണ്‍മീ' കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ പാം നേടിയതാണ്.

പെന്‍ എക് രത്താനരുങ്ക് വിസിത് സസക്കത്തിയേങ്ങ്, നോണ്‍സി നിമിബൂത്തര്‍ തുടങ്ങി തായ് നവതരംഗ പ്രസ്ഥാനത്തിലെ വിഖ്യാത സംവിധായകരില്‍ ഏറ്റവും വ്യത്യസ്തമായ ദൃശ്യഭാഷ തീര്‍ത്ത സംവിധായകനായാണ് വീരസേത്തകുല്‍ അറിയപ്പെടുന്നത്. ട്രോപ്പിക്കല്‍ മലഡി' ' ബ്ലിസ്​പുളി യുവേഴ്‌സ്' സിന്‍ഡ്രംസ് ആന്റ് എ സെഞ്ചറി തുടങ്ങിയ അദ്ദേഹത്തിന്റെ പ്രമുഖ ചലച്ചിത്രങ്ങളെല്ലാം തന്നെ പ്രമേയ സ്വീകരണത്തിലും പരിചരണരീതിയിലും തനിമ പുലര്‍ത്തുന്നവയാണ്.ദൃശ്യ പരിചരണം കൊണ്ട് സ്വവര്‍ഗ പ്രണയം പോലെ തായ് സിനിമയില്‍ സെന്‍സര്‍ര്‍ഷിപ്പ് ക്ഷണിച്ചുവരുത്തുന്ന പ്രമേയങ്ങളാലുമാണ് അപ്പിചാറ്റ് പോങ് വ്യത്യസ്തനാകുന്നത്. അദ്ദേഹത്തിന്റെ മുന്‍കാല ചിത്രങ്ങളില്‍ നിന്നും ഭിന്നമായി താരതമ്യേന ലളിതമായ ശൈലി പിന്തുടരുന്ന 'അങ്കിണ്‍ ബൂണ്‍മീ...' മരണാസന്നനായ നായക കഥാപാത്രം തന്റെ പ്രിയപ്പെട്ടവരുമൊത്തുള്ള തന്റെ മുന്‍കാല ജീവിതത്തെ വിശകലനം ചെയ്യുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 2011ല്‍ തായ്‌ലാന്‍ഡിനെ ഓസകാര്‍ അവാര്‍ഡില്‍ പ്രതിനിധീകരിക്കുന്നത് ഈ സിനിമയാണ്.

തുര്‍ക്കി - ജര്‍മ്മന്‍ സംവിധായകനായ ഫത്തിഹ് അക്കിന്‍ മാസ്റ്റര്‍ ക്ലാസിനു വേണ്ടി ഗോവയിലെത്തുന്നുണ്ട്. ഇതിനു പുറമെ 2009 ലെ വെനീസ് ചലച്ചിത്രമേളയില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിയ 'സോള്‍ കിച്ചണ്‍' എന്ന സിനിമയും ഗോവയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. തുര്‍ക്കി - ജര്‍മ്മന്‍ പാരമ്പര്യങ്ങളുടെ ഏറ്റുമുട്ടലിനെ സവിശേഷമായ ആഖ്യാന നവീനതയില്‍ ചിത്രീകരിച്ച് കേരളത്തില്‍ ഏറെ പ്രശ്തമായ ഹെഡ് ഓണിന്റെ സംവിധായകന്റെ പുതിയ ചിത്രം കൂറെക്കൂടി മെരുങ്ങിയ ചലച്ചിത്രഭാഷയിലാണ് പ്രേക്ഷകരോട് സംസാരിക്കുന്നത്.

ഈ വര്‍ഷം കാനില്‍ ജൂറി പുരസ്‌കാരം നേടിയ മഹ്മത് സലേ ഹറൂണിന്റെ ' എ സ്‌ക്രീമിങ്ങ് മാനും ' ജപ്പാനിലെ സമകാലിക സംവിധായകരില്‍ ജനുസ്സുകളുടെ മിശ്രണത്തിലെ മാന്ത്രികത കൊണ്ട് ശ്രദ്ധിക്കപ്പെട്ട താക്കേഷി കിത്താനോയുടെ 'ഔട്ട് റേജും'ഗോവയിലെത്തുന്നുണ്ട്. കിത്താനോയുടെ സിനിമയും കാനിലെ ഇത്തവണത്തെ മത്സരവിഭാഗത്തിലുള്‍പ്പെട്ടിരുന്നു. യാക്കൂസാ ആക്്ഷന്‍ സിനിമകളുടെ പാരമ്പ്യരത്തെ പിന്തുടരുന്ന ഔട്ട് റേജ് കിത്താനോയുടെ മുന്‍കാല ചിത്രങ്ങളുടെ വിപ്ലവകരമായ വ്യത്യസ്ഥത പലര്‍ത്തുന്നുണ്ടെന്ന് പറയാനാവില്ല. കണ്ണില്‍ കത്തുന്ന അക്രമരംഗങ്ങളുടെ സമൃദ്ധി ഈ ചിത്രത്തിലുണ്ടെങ്കിലും കിത്താനോ തന്റെ തന്നെ ശൈലിയുടെ തടവകാരനായതായി ഈ ചിത്രത്തിന്റെ പ്രേക്ഷകനു തോന്നിയാല്‍ അത്ഭുതപ്പെടാനില്ല.

സമകാലിക സിനിമയിലെ വിഖ്യാത സംവിധായകരുടെ നിരയില്‍ ശ്രദ്ധേയനായ ഹുവാന്‍ ജോസ് കം പനെല്ലയുടെ 'ദ സീക്രട്ട് ഇന്‍ ദെയര്‍ ഐസ്' ഇത്തവണ മേളക്കെത്തുന്നുണ്ട്. 2010 ല്‍ ഏറ്റവും മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കാര്‍ നേടിയ ഈ സിനിമ അധികാര പ്രയോഗത്തിന്റെ പ്രത്യയശാസ്ത്രത്തെ തീക്ഷണമായി വിശകലനം ചെയ്യുന്ന സിനിമയാണ്.

'ഹോം'- ഹൃദയം കൊത്തിപ്പറിക്കുന്ന ഒരു ചിത്രം-mathrubhumi.


ഊര്‍ജ്ജിതമായ വനസംരക്ഷണപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിന് ലോകരാഷ്ട്രങ്ങളോട് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിരിക്കുന്ന അന്താരാഷ്ട്ര വനവര്‍ഷമാണ് 2011. നാം ഓരോരുത്തരും ജീവിതത്തില്‍ ഒരു തവണയെങ്കിലും കാണേണ്ട ഒരു ചിത്രം (ഇതുവരെ കണ്ടിട്ടില്ലെങ്കില്‍), ഈ വര്‍ഷമെങ്കിലും മനസ്സിരുത്തി കാണേണ്ടതുണ്ട്. 2009-ല്‍ ലോകമൊട്ടാകെ പ്രദര്‍ശിപ്പിച്ച ചിത്രമാണിത്. പേര് - 'ഹോം'. സംവിധായകന്‍ യാന്‍ ആര്‍തസ് ബെര്‍ട്രണ്ട്.

ഭൂമിക്ക് സമര്‍പ്പിച്ച ഒരു സമ്മോഹനഗീതം എന്ന് വിശേഷിപ്പിക്കന്‍ തോന്നിയാല്‍ അത് ആ ചിത്രത്തെക്കുറിച്ചുള്ള നമ്മുടെ തെറ്റായ വിലയിരുത്തലാവും. അതിഭാവുകത്വം നിറഞ്ഞതായിപ്പോകും ആ പ്രയോഗം. അത്രക്ക് ലളിതമല്ല 'ഹോം'.
വിസ്മയഭരിതമായ ഒരു ഭൂമിയെ പ്രതിഫലിപ്പിക്കുന്നതിനൊപ്പം 'ഹോം' നമ്മുടെ ഹൃദയം കൊത്തിപ്പറിക്കും - അങ്ങനെ ഒരു ആര്‍ദ്രഹൃദയമാണ് നമുക്കുള്ളതെങ്കില്‍!

ഫൊട്ടൊഗ്രാഫറും മാധ്യമപ്രവര്‍ത്തകനും പിന്നീട് ലോകം കണ്ടതില്‍ വെച്ച് ഏറ്റവും പ്രതിഭാശാലിയായ പരിസ്ഥിതിപ്രവര്‍ത്തകനും ആയ യാന്‍ ആര്‍തസ് ബെര്‍ട്രണ്ട് വാസ്തവത്തില്‍ ഈ വഴിയില്‍ എങ്ങനെ എത്തിയെന്ന് സംശയിക്കാം. ഫ്രാാന്‍സിലെ പ്രശസ്തരായ ആഭരണവ്യാപാരികുടുംബത്തില്‍ ജനിച്ച ആള്‍! അതു തന്നെ ഈ സംശയത്തിന് കാരണം.

കുട്ടിക്കാലത്തു തന്നെ പ്രകൃതിയിലും വന്യജീവികളിലും ആകൃഷ്ടനായി.ഫൊട്ടൊഗ്രാഫിയിലെത്തി ചലചിത്രസംവിധാന സഹായി ആയി. വന്യജീവിസങ്കേതസംരക്ഷകനായി. മുപ്പതാം വയസ്സില്‍ കെനിയയിലെ വനങ്ങളില്‍ ഭാര്യക്കൊപ്പം എത്തി മാസ്സൈ ഗോത്രവര്‍ഗക്കരുടെ കൂടെ താമസിച്ച് ഒരു സിംഹ കുടുംബത്തെ പിന്തുടര്‍ന്ന് പെരുമാറ്റശീലങ്ങള്‍ പഠനവിധേയമാക്കി.


ബലൂണുകളില്‍ വനന്തരങ്ങള്‍ക്ക് മീതെ സഞ്ചരിച്ചു. ഭൂമിയെ ആകാശത്തുനിന്നു തെളിമയോടെ കാണാന്‍ കഴിഞ്ഞതോടെ ഉണ്ടായ ആശയമാണ് 'ഹോം' എന്ന ചിത്രത്തിന്റെ പിറവിക്കു പിന്നില്‍. 1994-ല്‍ യുനെസെ്കാ ഏര്‍പ്പെടുത്തിയ ഒരു പഠനത്തിലൂടെ യാന്‍ ഭൂമിയിലെ ഏറ്റവും ഭംഗിയുള്ള സ്ഥലങ്ങളുടേ ചിത്രങ്ങളുടേ ഒരു ശേഖരം ഉണ്ടാക്കിയിരുന്നു. 30 ലക്ഷം കോപ്പികളാണ് അതു പുസ്തകമാക്കിയപ്പോള്‍ വിറ്റു പോയത്. 24 ഭാഷകളില്‍ വിവര്‍ത്തനം ചെയ്യുകയുണ്ടായി. ലോകത്തൊട്ടകെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ 120 കോടി ജനങ്ങള്‍ അതു കണ്ടു!. ഒരു ഫൊട്ടൊഗ്രാഫര്‍ക്കും ലഭിച്ചിട്ടില്ലാത്ത ഭാഗ്യം!.

2006-ല്‍ 'മുകളില്‍ നിന്ന് കാണുമ്പോള്‍' എന്ന ഒരു പരമ്പര തുടങ്ങി. ഭൂമിയും മനുഷ്യന്‍ നേരിടുന്ന വെല്ലുവിളികളും അവന്റെ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തികളാല്‍ ഭൂമി നേരിടുന്ന വെല്ലുവിളികളും ആയി ഈ പരമ്പര പരിണമിച്ചു.
'ഹോം' ചിത്രത്തിലെ 90 ശതമാനം ഷോട്ടുകളും ആകാശത്തുനിന്നുള്ളവയാണ്. ഭൂമിയെ ബുദ്ധിയും ഭാവനയും ഉള്ള ഒരു വലിയ പക്ഷി നോക്കിക്കാണുന്നു എന്ന് സങ്കല്‍പ്പിക്കുക. അതാണ് 'ഹോം' എന്ന ചിത്രം. സമ്മോഹനമായ ഭൂമിയെ ആണ് യാന്‍ ചിത്രീകരിച്ചു തന്നിരിക്കുന്നത്,

ഇതേക്കാള്‍ മനോഹരിയായി ഭൂമിയെ അടുത്തെങ്ങും ആരും നമുക്ക് പ്രദാനം ചെയ്യുമെന്നു തോന്നുന്നില്ല, നമ്മുടെ ഇന്ദ്രിയങ്ങളെ സ്തബ്ദമാക്കുന്ന മനോഹാരിതയാണി ചിത്രം ഉടനീളം കാണിച്ചുതരുന്നത്. അതേ സമയം അതിന് സമാന്തരമായി മനുഷ്യന്‍ മൂലമുണ്ടായ ഇന്നത്തെ ഭൂമിയുടേ ദുരവസ്ഥയിലാണ് യാനിന്റെ ദീര്‍ഘവീക്ഷണക്ഷമമായ ദൃഷ്ടി.


യാനിന്റെ പ്രവര്‍ത്തിക്ക് തുല്യമായി മറ്റൊന്നില്ല.ചിത്രം തുടങ്ങുന്നത് ചന്ദ്രന്റെ ചക്രവാളത്തില്‍ ഭൂമി ഉദിച്ചുയരുന്ന ഉപഗ്രഹദൃശ്യത്തോടെയാണ്. ആദ്യ പതിനഞ്ചു മിനിറ്റ് അഗ്നിപര്‍വതമേഘങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭൂമിയുടേ ഉത്ഭവസമാനത ബോധ്യപ്പെടുത്തുന്നു. ഭൂമിയിലെ ഏകകോശ ജീവിയുടേ വികാസപരിണാമങ്ങള്‍ യാന്‍ വിശദീകരിക്കുമ്പോള്‍ അതു ശാസ്ത്രപാഠ്യഭാഗത്തിന്റെ സ്വഭാവത്തില്‍ നിന്നു വ്യത്യസ്തമായി നമ്മുടെ ചുറ്റുപാടുകളുടെ നാം കാണാത്ത അതിലളിതമായ ജീവന്റെ ലഘുചിത്രമായി നമുക്ക് ബോധ്യപ്പെടുന്നു.




പതുക്കെ പതുക്കെ ഭൂമിയുടെ മീതെ ജലാശയങ്ങള്‍ക്ക് മീതെ വനങ്ങള്‍ക്ക് മീതെ പര്‍വതങ്ങള്‍ക്കും സാഗരത്തിനും മരുഭൂമികള്‍ക്കും മീതെ വന്യജിവികക്കു മീതെ കൃഷിയിടങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും മീതെ ജനപഥങ്ങള്‍ക്ക് മീതെ നാഗരികതകള്‍ക്ക് മീതെ നിര്‍ബാധസഞ്ചാരവും മനുഷ്യന്റെ ആയുധങ്ങള്‍ കൊത്തിയെടുത്ത ഭൂമിയുടെ മുറിവുകള്‍ക്ക് മീതെ അനുതാപം ചൊരിഞ്ഞ് പ്രതിഷേധയാത്രയായും യാന്‍ ഈ ചിത്രത്തെ മാറ്റിയെടുക്കുന്നു.



50 രാജങ്ങള്‍ക്ക് മുകളിലുടേ യാനും ഒരു കാമേറാമാനും, ഒരു പൈലറ്റും ഹെലികോപ്പ്റ്ററില്‍ സഞ്ചരിച്ചാണ് 20 മാസം കൊണ്ട് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ഹെലികോപ്റ്ററിന്റെ കീഴ്ഭാഗത്ത ഒരു ഗോളത്തിനു പുറത്ത് ചുറ്റിനീങ്ങാവുന്ന വിധം ക്രമീകരിച്ച ഹയ് ഡെഫനിഷന്‍ സിനിഫ്‌ളാക്‌സ് കാമെറാകളാണ് യാന്‍ ഉപയോഗിച്ചത്. അനക്കം പോലും ഇല്ലാതെ ഈ കാമെറകള്‍ ഭൂമിയെ അകക്കണ്ണുകളില്‍ അവാഹിച്ചെടുത്തിരിക്കുന്നു.


20 മാസം കൊണ്ട് ശേഖരിച്ച ദൃശ്യങ്ങള്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചാല്‍ 20 ദിവസം വേണ്ടിവരുമായിരുന്നു കണ്ടുതിരാന്‍!. അത്രയും ദൃശ്യങ്ങളില്‍ നിന്നാണ് 90 മിനിറ്റ് ദൈര്‍ഘ്യമുള്ള 'ഹോം' പിറന്നത്. ചിത്രത്തിലുടനീളം ഭൂമിയിലെ ജീവജാലങ്ങള്‍ തമ്മിലുള്ള ജൈവബന്ധം യാന്‍ കേന്ദ്രപ്രമേയമായി വിസ്തരിക്കുന്നു. വൈകിയില്ല യാന്‍ ഓര്‍മ്മിപ്പിക്കുന്നു.

നഷ്ടഗാനങ്ങള്‍ -madhyamam

കേരളത്തിലെ അറിയപ്പെടുന്ന ഗായകനായിരുന്നു അന്തരിച്ച പട്ടണക്കാട് പുരുഷോത്തമന്‍. വളരെ നിര്‍ഭാഗ്യവാനായ ഗായകന്‍ കൂടിയായിരുന്നു അദ്ദേഹം. നാടകഗാനങ്ങളിലൂടെയും ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയും ഏറെ അറിയപ്പെട അദ്ദേഹത്തിന് പക്ഷേ ഒരു സിനിമയില്‍ പോലും പാടാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍ ശ്രദ്ധേയമായ എത്രയോ ഗാനങ്ങള്‍ക്ക് അദ്ദേഹം ട്രാക് പാടി. സിനിമയില്‍ പാടണമെന്ന മോഹം സഫലമാകാതെയാണ് അദ്ദേഹം വിടപറഞ്ഞത്.

അവസരം ഒത്തുവന്നിട്ടും അദ്ദേഹത്തിന് അവസാന നിമിഷമാണ് ഒരു മോഹന്‍ലാല്‍ ചിത്രത്തിലെ ഗാനം നഷ്ടപ്പെട്ടത്. പാദമുദ്രയിലെ 'അമ്പലമില്ലാതെ ആല്‍ത്തറയലില്‍ വാഴും' എന്ന ഗാനമായിരുന്നു അത്.

വിദ്യാധരന്‍ മാഷായിരുന്നു സംഗീത സംവിധാനം. പാട്ട് ട്രാക്ക് പാടിയത് പട്ടണക്കാടാണ്. പാട്ട് നന്നായി ആലപിച്ചപ്പോള്‍ അദ്ദേഹത്തെക്കൊണ്ട് തന്നെയിത് സ്‌ട്രെയിറ്റ് പാടിക്കാം എന്ന് സംഗീതസംവിധായകനും മറ്റും ആഗ്രഹം. എല്ലാവരും ഏതാണ്ടങ്ങനെ തീരുമാനിക്കുകയും ചെയ്തു. പാട്ട് പാടേണ്ടിയിരുന്ന ഗാനഗന്ധര്‍വന്‍ യേശുദാസിനും അങ്ങനെതന്നെയായിരുന്നു ആഗ്രഹം. പാട്ട് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു പട്ടണക്കാടും. എന്നാല്‍ ഒടുവില്‍ മറ്റാരുടെയൊക്കെയോ ഇടപെടലിലൂടെ അദ്ദേഹത്തിന് ഗാനം നഷ്ടമാകുകയായിരുന്നു. മോഹന്‍ലാലിന്റെ അഭിനയത്തികവു കൊണ്ട്കൂടി ആഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ഗാനങ്ങളിലൊന്നാണല്ലൊ 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..'. യേശുദാസ് ആയിരുന്നില്ല യഥാര്‍ഥത്തില്‍ ഈ ഗാനം പാടേണ്ടിയിരുന്നത്. അക്കാലത്ത് 'ഇതിഹാസങ്ങള്‍ ജനിക്കും മമ്പേ..ഈശ്വരന്‍ ജനിക്കും മുമ്പേ..' എന്ന ഗാനം പാടി ശ്രദ്ധേയനായ ശ്രീകാന്ത് എന്ന ഗായകക്കൊണ്ട് പാടിക്കാനായിരുന്നു ദേവരാജന്‍ മാഷ് തീരുമാനിച്ചിരുന്നത്. അദ്ദേഹം ശ്രീകാന്തിനെ ഒന്നരയാഴ്ചയോളമെടുത്ത് പാട്ട് പ~ിപ്പിച്ച് ഫൈനല്‍ റിഹേഴ്‌സലും കഴിഞ്ഞതാണ്. റെക്കോഡിംഗിന്റെ തലേ ദിവസം വൈകുന്നേരമാണ് ഗായകന്‍ അറിയുന്നത് പാട്ട് നഷ്ടപ്പെടും എന്ന വിവരം. സിനിയമുടെ നടത്തിപ്പുകാരുടെ ഇടപെടലായിരുന്നു അത്. അതോടെ സിനിമാ ഗാനരംഗത്തുനിന്നുതന്നെ ആ നല്ല ഗായകന്‍ നിഷ്‌കാസിതനാവുകയായിരുന്നു.

സ്റ്റുഡിയോയില്‍ പാടി റെക്കോഡ് ചെയ്ത ശേഷം ഗാനം നഷ്ടപ്പെട്ട അനുഭവമാണ് മുന്‍നിര ഗായകന്‍ ജി.വേണുഗോപാലിന് ആദ്യഗാനത്തിലൂടെയുണ്ടായത്. മമ്മൂട്ടി ചിത്രമായ നിറക്കൂട്ടിലെ 'പൂമാനമേ..' എന്ന ഗാനം ആദ്യം പാടി റെക്കോഡ് ചെയ്തത് വേണുഗോപാലായിരുന്നു. ആദ്യമായി കിട്ടിയ അവസരത്തില്‍ അതീവസന്തുഷ്ടനായിരുന്നു വേണു. സിനിമ റിലീസായപ്പോള്‍ പാട്ടുകേള്‍ക്കാനായി കുടുംബാംഗങ്ങളോടൊപ്പമാണ് പോയത്. എന്നാല്‍ സ്‌ക്രീനില്‍നിന്ന് മറ്റൊരാളുടെ ശബ്ദത്തില്‍ ആ ഗാനം കേള്‍ക്കാനായിരുന്നു വിധി.

മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ എം.ജി.ശ്രീകുമാറിനും ഉണ്ടായിട്ടുണ്ട് ഇത്തരമൊരനുഭവം. അദ്ദേഹത്തിന്റെ ജ്യേഷ്ടനായ എം.ജി.രാധാകൃഷ്ണ

ന്റെ സംഗീതത്തില്‍ 'പ്രണയവസന്തം.. തളിരണിയുമ്പോള്‍..' എന്ന ഗാനം ചിത്രയോടൊപ്പം ആദ്യം പാടിയത് എം.ജി. ശ്രീകുമാറായിരുന്നു. റെക്കോഡിംഗിന് ശേഷമായി~രുന്ന ഇവിടെയും ഇടപെടല്‍. ഒടുവില്‍ ഗാനം പുറത്തുവന്നത് യേശുദാസിന്റെ ശബ്ദത്തില്‍.

ഗായിക ലതികയുടെ അനുഭവം വ്യത്യസ്തമായിരുന്നു. രവീന്ദ്രന്‍മാഷിന്റെ സംഗീതത്തില്‍ ദേശാടനക്കിളി കരയാറില്ല' എന്ന ചിത്രത്തിനുവേണ്ടി 'പൂവേണോ..പൂവേണോ..' എന്ന ഗാനം ട്രാക്ക് പാടിയത് ലതികയായിരുന്നു. പാട്ട് ഇഷ്ടപ്പെട്ടതിനാല്‍ സ്‌ട്രെയിറ്റ് പാടിന്‍ രവീരന്ദന്‍മാഷ് തിരുമാനിക്കുകയായിരന്നു. അദ്ദേഹം സംവിധയകന്‍ പത്മരാജനെകൊണ്ട് സമ്മതിപ്പിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടുംപാടി റെക്കോഡ് ചെയ്ത സമയത്ത് ലതികക്ക് ചെറിയതോതില്‍ ജലദോഷമുണ്ടായിരുന്നതിനാല്‍ ശബ്ദം അത്ര നന്നായില്ല. പിറ്റേന്ന് വന്ന് പാടാം എന്ന് പറഞ്ഞു പോയെങ്കിലും അതിന് മുമ്പുതന്നെ ചിത്രയെകൊണ്ട് പാടിക്കുകയായിരുന്നു.

പുതിയ ഗായികമാരെ അംഗീകരിക്കുന്നതില്‍ വിലയ മനസാണ് എസ്.ജാനകിക്കുള്ളത്. പല ഗായികമാരും നന്നായി ട്രാക് പാടിയ ഗാനങ്ങള്‍ പാടാന്‍ അവര്‍ വിസമ്മതിച്ചിട്ടുണ്ട്. തമിഴില്‍ ലതിക ട്രാക്ക് പാടിയ ഒരുഗാനം പാടാനും ജാനകി വിസമ്മതിച്ചു. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ പിന്നീട് ആഗാനം എസ്.പി.ഷൈലജയെകൊണ്ട് പാടിക്കുകയായിരുന്നു.

എന്നാല്‍ വിചിത്രമായ ഒരു വിധിയായിരുന്നു സ്വാഗതം എന്ന ചിത്രത്തിലെ'മഞ്ഞിന്‍ചിറകുളള വെള്ളരിപ്രാവേ..' എന്ന ഗാനത്തിനുണ്ടായത്്. വേണു നാഗവള്ളിയായിരു സിനിമയുടെ സംവിധായകന്‍. സംഗീതസംവിധാനം രാജാമണി. യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിലായിരുന്നു റെക്കോഡിംഗ്. റെക്കോഡിംഗ് സമയത്ത് സംവിധായകനുണ്ടായിരുന്നില്ല. അന്ന് തന്നെയെത്തിയ അദ്ദേഹം പാട്ട് കേട്ടപ്പോള്‍ യേശുദാസിന്റെ മനസ് പൂര്‍ണമായും എത്താത്തതുപോലെ തോന്നി. അദ്ദേഹം നല്ല മൂഡിലല്ലാത്തതുാെണ്ട് സംഭവിച്ചതാകുമെന്ന് കരുതി. വേണു നാഗവള്ളി മുകളിലത്തെ നിലയില്‍ അദ്ദേഹത്തിന്റെ മുറിയിലെത്തി. പാട്ട് ഒന്നുകൂടി മാറ്റിപ്പാടണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ല. സംഗീതസംവിധായകനും അതുതന്നെയായിരുന്നു അഭിപ്രായം. പാട് മാറ്റിപ്പാടാതെ യേശുദാസ് തിരിച്ചു പോയി. പിന്നീട് ആഗാനം ജി.വേണുഗോപാലിനെകൊണ്ട് പാടിക്കുകയായിരുന്നു

'പാഥേര്‍ പാഞ്ചലി'-Mathrubhumi



ചാനലിലെ വാര്‍ത്താ അവതാരകന്റെ വാചകക്കസര്‍ത്തുകേട്ട് ചെവിയടച്ചപ്പോഴാണ് ടി.വി. റിമോട്ടില്‍ വിരലുകളമര്‍ന്നത്. നിറക്കാഴ്ചകളുമായെത്തുന്ന ചതുരക്കള്ളികളുടെ തള്ളിച്ചയ്ക്കിടയില്‍ നരച്ച ദൃശ്യങ്ങളുമായി ദൂരദര്‍ശന്‍. വീണ്ടും അപു മുന്നില്‍. ചേച്ചി ദുര്‍ഗയുടെ മുന്നില്‍ മുടി ചീകാന്‍ നില്‍ക്കുന്ന അപു. മുഖം പിടിച്ച് മുടിയിഴകളില്‍ പതുക്കെ ചീര്‍പ്പോടിക്കുമ്പോള്‍ കുസൃതിപറയുന്ന ദുര്‍ഗ. വാത്സല്യംപുരണ്ട നിറചിരിയോടെ നോക്കിനില്‍ക്കുന്ന അമ്മ സര്‍ബജയ. മറക്കാനാവില്ല ആ ദൃശ്യം. സത്യജിത്‌റായിയുടെ വിശ്രുത ചലച്ചിത്ര കാവ്യം 'പാഥേര്‍ പാഞ്ചലി'യിലെ സ്‌നേഹം ചാലിച്ചെഴുതിയ രംഗങ്ങളിലൊന്ന്...

അപുവിനെയും അവന്റെ കുടുംബത്തെയും അവരുടെ ആഹ്ലാദ നിമിഷങ്ങളെയും തീരാവ്യഥകളെയും അടുത്തറിഞ്ഞിട്ട് കാലമേറെയായി. തിരക്കാഴ്ചകളുടെ ഡയറിയില്‍ എന്നും ആദ്യ താളില്‍ത്തന്നെയാണ് അവര്‍ക്ക് സ്ഥാനം. പ്രേക്ഷകനെ തിയേറ്ററുകളില്‍നിന്ന് ഓടിക്കുന്ന ചലച്ചിത്ര കെട്ടുകാഴ്ചകള്‍ക്കിടയില്‍ 'പാതയുടെഗീതം' വീണ്ടും മുന്നിലെത്തിച്ചതിന് ദൂരദര്‍ശന് നന്ദി.

പാഥേര്‍ പാഞ്ചലിയില്‍ ഓര്‍മയില്‍ തിളങ്ങുന്ന ദൃശ്യങ്ങള്‍ വേറെയുമുണ്ട്. അപുവും ദുര്‍ഗയും 'കരിവണ്ടി' കണ്ടെത്തുന്നതാണ് അതിലൊന്ന്. കാശുപൂക്കള്‍ പൂത്തുനില്‍ക്കുന്ന വിശാലമായ പാടത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇരുവരും. കുറേദൂരം ഓടിയപ്പോള്‍ ദൂരെനിന്ന് പുക ഉയരുന്നതുകണ്ടു. അതുവരെ മുരള്‍ച്ചയും ഹോണടിയും മാത്രം കേട്ടിരുന്ന തീവണ്ടിയതാ ദൃശ്യപഥത്തില്‍. കുട്ടികള്‍ എല്ലാം മറന്നു. തീവണ്ടി കുതിച്ചു കടന്നുപോയപ്പോള്‍ ലോകം കീഴടക്കിയ പ്രതീതി. പക്ഷേ,
പക്ഷേ, കാടിനുള്ളിലൂടെയുള്ള മടക്കയാത്രയില്‍ വൃദ്ധയായ അമ്മായിയുടെ മരണത്തിന് സാക്ഷിയാകേണ്ടിവന്നു ഇരുവര്‍ക്കും. അനശ്വരമെന്നു നിരൂപകര്‍ വാഴ്ത്തിയ ഈ ദൃശ്യമാണ് പാഥേര്‍ പാഞ്ചലിയില്‍ സത്യജിത് റായ് ആദ്യം പകര്‍ത്തിയത്. അതിനുപെട്ട പാട് ചില്ലറയൊന്നുമായിരുന്നില്ല. 1952 ഒക്ടോബര്‍ 17നായിരുന്നു ആദ്യ സീനിന്റെ ചിത്രീകരണം. നിറയെ കാശുപൂക്കള്‍ പൂത്ത പാടമായിരുന്നു ലൊക്കേഷന്‍. നോക്കെത്താ ദൂരത്ത് ഇഴഞ്ഞു നീങ്ങുന്ന റെയില്‍പ്പാളം. ഷൂട്ടിങ് പാതിയായപ്പോഴേക്കും വെളിച്ചക്കുറവുമൂലം 'പാക്കപ്പ്' പറയേണ്ടിവന്നു. പിന്നീട് അടുത്തയാഴ്ചത്തേക്ക് ചിത്രീകരണം മാറ്റി. അന്ന് ക്യാമറയും സജ്ജീകരണങ്ങളുമായി ലൊക്കേഷനിലെത്തിയ സംവിധായകനും സംഘവും തലയില്‍ കൈവെച്ചുപോയി. പാടത്തെ കാശുചെടികള്‍ മുഴുവന്‍ കന്നുകാലിക്കൂട്ടം തിന്നുതീര്‍ത്തിരിക്കുന്നു...! പിന്നീടാ ദൃശ്യം ചിത്രീകരിക്കാന്‍ അടുത്ത സീസണ്‍ വരെ കാത്തിരിക്കേണ്ടിവന്നു. അങ്ങനെ പ്രതിസന്ധികളില്‍നിന്ന് പ്രതിസന്ധികളിലേക്കുള്ള യാത്രയായിരുന്നു പാഥേര്‍ പാഞ്ചലിയുടേത്.

അതേക്കുറിച്ച് റായ് പിന്നീടെഴുതി: ''ചിത്രീകരണം എങ്ങുമെത്താതെ മൂന്നുവര്‍ഷം നീണ്ടുപോയി. പക്ഷേ, മൂന്നുകാര്യങ്ങളില്‍ ഞാന്‍ ഭാഗ്യവാനായിരുന്നു. ഒന്ന്, അപുവിന്റെ ശബ്ദത്തിന് ഒരു മാറ്റവും സംഭവിച്ചില്ല. രണ്ട്, ദുര്‍ഗയില്‍ പ്രായത്തിനൊത്ത വളര്‍ച്ച പ്രകടമായില്ല. മൂന്ന്, ഇന്ദിര്‍ അമ്മായിയായി വേഷമിട്ട ചുനിബാലദേവി ഞാന്‍ പേടിച്ചപോലെ മരിച്ചില്ല.''
സംവിധായകനാകാന്‍

കൊല്‍ക്കത്തയിലെ സിഗ്‌നറ്റ് പ്രസ്സ് പ്രസാധകഗ്രൂപ്പില്‍ ഗ്രാഫിക് ഡിസൈനറായിട്ടായിരുന്നു സത്യജിത് റായിയുടെ തുടക്കം. അദ്ദേഹം വരച്ച പുസ്തകങ്ങളുടെ കവര്‍ വളരെവേഗം ശ്രദ്ധ പിടിച്ചുപറ്റി. അതിനിടെയാണ് ബിഭൂതിഭൂഷണ്‍ ബാന്ദോപാധ്യായയുടെ 'പാഥേര്‍ പാഞ്ചലി' എന്ന നോവലിന് കവറും രേഖാചിത്രങ്ങളും വരയ്ക്കാന്‍ നിയോഗിക്കപ്പെടുന്നത്. ആ നോവല്‍ റായിയുടെ മനസ്സിനെ വേട്ടയാടി. ചലച്ചിത്രങ്ങളോട് അടക്കാനാവാത്ത ആവേശമുണ്ടായിരുന്ന അദ്ദേഹം അതില്‍ നല്ല സിനിമയ്ക്കുള്ള പ്ലോട്ട് കണ്ടെത്തി.

അതിനിടെ, പ്രമുഖ ഫ്രഞ്ച് സംവിധായകനായ ഴാങ് റെനയര്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനായി കൊല്‍ക്കത്തയിലെത്തി. റായിയുടെ മനസ്സിലെ തീപ്പൊരി കണ്ടെത്തിയ അദ്ദേഹം പാഥേര്‍ പാഞ്ചലി സിനിമയാക്കാന്‍ പ്രോത്സാഹിപ്പിച്ചു. 1950-ല്‍ കമ്പനി ആവശ്യാര്‍ഥം റായിക്ക് ലണ്ടനിലേക്ക് പോകേണ്ടിവന്നു. വീണുകിട്ടിയ അവസരം വെറുതെ കളഞ്ഞില്ല. മൂന്നുമാസത്തിനിടെ 99 ചലച്ചിത്രങ്ങളാണ് അദ്ദേഹം കണ്ടുതീര്‍ത്തത്. മിക്കതും ക്ലാസിക്കുകള്‍-ഇറ്റാലിയന്‍ നിയോറിയലിസ്റ്റ് സിനിമകള്‍ ആവേശമായി. ഡിസിക്കയുടെ 'ബൈസിക്കിള്‍ തീവ്‌സ്' വലിയ സ്വാധീനമായി. ഒരു സംവിധായകനാകണമെന്ന ദൃഢനിശ്ചയത്തോടെയായിരുന്നു റായിയുടെ ഇന്ത്യയിലേക്കുള്ള മടക്കം.

തിരിച്ചെത്തിയ റായ് പാഥേര്‍ പാഞ്ചലിയില്‍ പകര്‍ത്താനുദ്ദേശിച്ച ദൃശ്യങ്ങളെല്ലാം ഒരു പുസ്തകത്തില്‍ ചിത്രീകരിച്ചു. പിന്നെ വേണ്ടത് ഒരു നിര്‍മാതാവിനെയായിരുന്നു. സ്റ്റോറി ബോഡുമായി നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും വീടുകള്‍ കയറിയിറങ്ങി. പക്ഷേ, പാട്ടിനും നൃത്തത്തിനും സംഘട്ടനത്തിനും സാധ്യതയില്ലാത്ത പടം ആര്‍ക്കും വേണ്ട. നിരാശനായ റായ് സ്വന്തം നിലയ്ക്കുതന്നെ സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചു. പണമുണ്ടാക്കാന്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി പണയംവെച്ചു. പിന്നെ, പാശ്ചാത്യ സംഗീത റെക്കോഡുകളുടെ അപൂര്‍വശേഖരം. അതുകഴിഞ്ഞ് അമ്മയുടെ ആഭരണങ്ങള്‍, പിന്നാലെ ഭാര്യയുടെതും.

16 എം.എം ക്യാമറയിലായിരുന്നു ആദ്യഭാഗങ്ങള്‍ ചിത്രീകരിച്ചത്. ഞായറാഴ്ച മാത്രമേ റായിക്ക് ഓഫീസില്‍നിന്ന് അവധി കിട്ടിയുള്ളൂ. അതുകൊണ്ട് ഷൂട്ടിങ്ങും ഞായറാഴ്ചകളില്‍ മാത്രം. പണിപ്പെട്ട് സമാഹരിച്ച പണം പെട്ടെന്ന് പൊടിഞ്ഞുതീര്‍ന്നു. ചിത്രീകരണം മുടങ്ങി. റായിയുടെ മുഖത്തെ നിരാശയുടെ കരിനിഴല്‍ കണ്ട് അമ്മയുടെ നെഞ്ചുപിടഞ്ഞു. അന്നത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബി.സി. റായിയുടെ ഭാര്യ ബേല സത്യജിത്ത് റായിയുടെ അമ്മയുടെ അടുത്ത സുഹൃത്തായിരുന്നു. അമ്മ മുഖ്യമന്ത്രിയെ ചെന്നുകണ്ട് കാര്യങ്ങളവതരിപ്പിച്ചു. മുഖ്യമന്ത്രി ഉടനെത്തന്നെ സര്‍ക്കാറിന്റെ സഹായമനുവദിക്കുന്നതിനെ അനുകൂലിച്ച് കത്ത് നല്കി. എന്നാല്‍ വാര്‍ത്താവിതരണ വകുപ്പിന്റെ ഡയറക്ടര്‍ ഉടക്കിട്ടു. ചിത്രത്തിലുടനീളം കടുത്ത ദാരിദ്ര്യത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നതെന്നും ഇത് അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഇടിച്ചുതാഴ്ത്തുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. പുരോഗതിയിലേക്ക് നീങ്ങുന്നതിന്റെ ശുഭസൂചനകളുമായി ക്ലൈമാക്‌സ് മാറ്റിയെഴുതാന്‍ ഡയറക്ടര്‍ നിര്‍ദേശിച്ചു. റായ് പക്ഷേ, വഴങ്ങിയില്ല. ''ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചലച്ചിത്രകാരന് എങ്ങനെ യാഥാര്‍ഥ്യത്തിനു നേരെ കണ്ണടയ്ക്കാന്‍ കഴിയും?''-അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി വീണ്ടും ഇടപെട്ടു. റോഡ് വികസനത്തിനുള്ള വായ്പ എന്ന കണക്കില്‍ 'പാഥേര്‍ പാഞ്ചലി'ക്കുള്ള സഹായം അനുവദിച്ചു. അങ്ങനെ ഷൂട്ടിങ് പുനരാരംഭിച്ചു

വേറിട്ട ചിന്തകള്‍


പുതിയ വഴികളിലൂടെയായിരുന്ന സത്യജിത്ത് റായിയുടെ സഞ്ചാരം. പൂര്‍ണമായും പുറംവാതില്‍ ചിത്രീകരണമെന്ന ആശയത്തെ സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗവും അപകടകരമെന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്തി. പക്ഷേ, റായ് പിന്മാറിയില്ല.ഛായാഗ്രാഹകനായി തിരഞ്ഞെടുത്തത് 21-കാരനായ സുബീര്‍ മിശ്രയെ. സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്ന മിശ്ര അന്നുവരെ മൂവിക്യാമറ പ്രവര്‍ത്തിപ്പിച്ചിട്ടുപോലുമില്ലായിരുന്നു. 'മൂവി ക്യാമറയില്‍ ഒരടി ഫിലിം പോലും ചിത്രീകരിച്ചിട്ടില്ലാത്ത ഒരാളെ ഫോട്ടോഗ്രാഫറാക്കാനുള്ള റായിയുടെ തീരുമാനം എന്നെപ്പോലും ഞെട്ടിച്ചു'-മിശ്ര പിന്നീട് പറഞ്ഞു. മിശ്രയെടുത്ത ഫോട്ടോകളുടെ സൗന്ദര്യംതന്നെയായിരുന്നു റായിയെ ആകര്‍ഷിച്ചത്. ആ തീരുമാനം പിഴച്ചില്ലെന്ന് പാഥേര്‍ പാഞ്ചലി തെളിയിച്ചു.

അഭിനയിച്ചു പരിചയംപോലുമില്ലാത്തവരെയാണ് 'താരതനിര'യായി സത്യജിത്ത് അണിനിരത്തിയത്. കഥ നടക്കുന്നത് ഇരുപതാംനൂറ്റാണ്ടിലെ ബംഗാളി വിദൂര ഗ്രാമത്തില്‍. ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ വീട്ടില്‍ അഞ്ചംഗ കുടുംബത്തെ പുലര്‍ത്താന്‍ പാടുപെടുന്ന കവിയും പുരോഹിതനുമായ ഗൃഹനാഥന്‍ ഹരിഹറായി വേഷമിട്ടത് കനുബാനര്‍ജി. അനുകരിക്കാനാവാത്ത പുഞ്ചിരിയും അനായാസാഭിനയവുമായി ദുര്‍ഗയെ അവിസ്മരണീയമാക്കിയത് ഉമദാസ് ഗുപ്ത. തിളങ്ങുന്ന കണ്ണുകളും കുസൃതിത്തരങ്ങളുമായി മനസ്സുപിടിച്ചു കുലുക്കിയ അപുവായത് സുബീര്‍ ബാനര്‍ജി. ദാരിദ്ര്യത്തോടു പൊരുതിത്തളര്‍ന്ന സര്‍വജയയായി വേഷം മാറിയത് ഒരു എക്‌സിക്യൂട്ടീവിന്റെ ഭാര്യയായ കരുണ ബാനര്‍ജി-എല്ലാവരും പുതുമുഖങ്ങള്‍.

നാടകവേദിയിലെ പരിചയസമ്പത്തുമായി ഇന്ദിര്‍ തക്‌രൂണിന്റെ മുഖം ആര്‍ദ്രമാക്കിയ എണ്‍പതുകാരി ചുനിമബാലദേവി 'പഥേര്‍ പാഞ്ചാലി'യെ ഭിന്നവഴിയിലെ അനുഭവമാക്കിത്തീര്‍ത്തു.

ജനപ്രീതിയിലും മുന്നില്‍

ഒന്നര ലക്ഷം രൂപ ബജറ്റില്‍ ചിത്രം പൂര്‍ത്തിയായി. 1955-ലാണ് പുറത്തിറങ്ങിയത്. പ്രതീക്ഷകള്‍ തെറ്റിച്ച് വന്‍ സ്വീകരണമാണ് പാഥേര്‍ പാഞ്ചിലിക്ക് ആസ്വാദകലോകം നല്കിയത്. പണംമുടക്കിയ ബംഗാള്‍ സര്‍ക്കാറിന് പതിന്മടങ്ങ് നേട്ടം ലഭിച്ചു. 1986-ലെ കാന്‍ ഫിലിം ഫെസ്റ്റിവെല്‍ അവാര്‍ഡുള്‍പ്പെടെ ഒട്ടേറെ അന്താരാഷ്ട്ര ദേശീയ പുരസ്‌കാരങ്ങളും വാരിക്കൂട്ടി. പാഥേര്‍ പാഞ്ചലിയുടെ തുടര്‍ക്കഥയായി അപരാജിത, അപുര്‍ സന്‍സാര്‍ എന്നീ ചിത്രങ്ങളും റായ് ഒരുക്കി. കാലത്തെ അതിജിവിച്ചുകൊണ്ട് 'അപുത്രയ' ചിത്രങ്ങളായിഅവയിന്നും പ്രേക്ഷകമനസ്സില്‍ വാഴുന്നു.

'ഈ ചിത്രം കണ്ടില്ലെങ്കില്‍ ഏറ്റവും നല്ല സിനിമ നിങ്ങള്‍ കണ്ടിട്ടില്ല' എന്ന പരസ്യവാചകം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. കണ്ടു കഴിയുമ്പോള്‍ തലവേദന ബാക്കി. ഒപ്പം ടിക്കറ്റിന്റെ കാശും മൂന്നുമണിക്കൂറും പാഴാക്കിയതിലുള്ള സങ്കടവും . എന്നാല്‍ 'പഥേര്‍ പാഞ്ചലി' അങ്ങനെയൊരു അനുഭവമാവില്ല നിങ്ങള്‍ക്ക്. 'ഈ ചിത്രം കണ്ടില്ലെങ്കില്‍ ഏറ്റവും നല്ല സിനിമ നിങ്ങള്‍ കണ്ടിട്ടില്ല'എന്ന പരസ്യവാചകം അര്‍ഹിക്കുന്ന അത്യപൂര്‍വം ചിത്രങ്ങളിലൊന്നാണിത് .