....Unwinding reels of Our Cinema...

....Unwinding reels of Our Cinema...

Thursday, December 8, 2011

ഒരിടത്തൊരു ഫയൽവാൻ..

ഇംഗ്ലീഷ് മിഷനറിയായിരുന്ന ഹെൻറി ബേക്കറുടെ പുത്രൻ ആൽഫ്രഡ് ജോർജ് ബേക്കർ പത്തൊൻപതാം നൂറ്റാണ്ടിൽ കുമരകത്ത് പണി കഴിപ്പിച്ച ബംഗ്ലാവിലിരുന്നാണ് പത്മരാജൻ ഒരിടത്തൊരു ഫയൽവാന്റെ തിരക്കഥ എഴുതിയത്. തോപ്പിൽ ഭാസിയുടെ പുത്രനും പിന്നീട് പെരുന്തച്ചൻ എന്ന പ്രശസ്‌ത സിനിമയിലൂടെ സംവിധായകനാവുകയും ചെയ്‌ത അജയനായിരുന്നു അന്നു പത്മരാജനൊപ്പം.

മുന്‍വശത്ത് അരയേക്കര്‍ വരുന്ന ഒരു കുളമാണുള്ളത്. അവിടെ താമര പൂത്ത് നിൽക്കും. ഓല മേഞ്ഞ നാലു മുറിയാണ്. ഫാനൊന്നും ഇല്ല. ആളുകള്‍ ഇരുന്ന് വലിക്കുന്ന വിശറിയാണുള്ളത്. ആഹാരം ഒക്കെ കഴിച്ച് രാവിലെ ഇറങ്ങും. പിന്നെയാണ് എഴുത്ത്.അജയൻ ആ കാലം ഓർമിക്കുന്നു.

പത്മരാജന്റെ തിരക്കഥകൾ എന്ന പുസ്‌തകത്തിന്റെ ആമുഖക്കുറിപ്പിൽ പത്മരാജനും ഓർമിക്കുന്നുണ്ട് കുമരകത്തെ ഫയൽവാൻ ദിനങ്ങൾ: “ഫയൽവാൻ എഴുതുമ്പോൾ കുമരകത്തെ സായിപ്പിന്റെ കൊട്ടാരമുറ്റത്ത് കൂട്ടുണ്ടായിരുന്നത് രാത്രിയിൽ കിഴങ്ങു മാന്താനെത്തുന്ന പന്നിക്കുട്ടികളും വൈകുന്നേരത്ത് യാത്ര തുടങ്ങുന്ന ചാക്കാളക്കൂട്ടങ്ങളും ആയിരുന്നു. തൊട്ടുമുന്നിലെ താമരപ്പൊയ്‌കയുടെ കോണിൽ ചുവന്ന വാർഫിൻ കുഞ്ഞുങ്ങളുമായി പ്രത്യക്ഷപ്പെടുമായിരുന്ന തടിയൻ വരാൽമത്സ്യം ക്രമേണ എന്റെ സാന്നിധ്യം അറിഞ്ഞാൽപ്പോലും ഊളിയിട്ടോടാതെയായി.

ബേക്കർ ബംഗ്ലാവ് പിന്നീട് ടാജ് റിസോർട്ടിന്റെ ഭാഗമായി; ഫയൽവാൻ മലയാളസിനിമാചരിത്രത്തിന്റെയും. അതേക്കുറിച്ച് പത്മരാജന്റെ പത്നിയും എഴുത്തുകാരിയുമായ രാധാലക്ഷ്‌മി പത്മരാജൻ സംസാരിക്കുന്നു.

ഏറ്റവും ആസ്വദിച്ച ഷൂട്ടിങ്ങായിരുന്നു ഒരിടത്തൊരു ഫയൽവാന്റേത്. ഏറ്റവും ബുദ്ധിമുട്ടിയതും അതിനുവേണ്ടിത്തന്നെ. സാമ്പത്തികമായി ഒരുപാട് പ്രയാസങ്ങളൊക്കെ ഉണ്ടായി. ഡിസ്‌ട്രിബ്യൂഷനും പ്രശ്‌നങ്ങളുണ്ടായി. കുമരകത്ത് വച്ചായിരുന്നു ഷൂട്ടിങ്ങ്. ഫയല്‍വാനെ കണ്ടുപിടിക്കല്‍ തന്നെ വലിയൊരു ജോലിയായിരുന്നു. ഒരുപാട് ഫയല്‍‌വാന്‍മാരെ കണ്ടു. ഒടുവിലാണ് റഷീദിനെ സെലക്ട് ചെയ്യുന്നത്. ട്രാന്‍സ്‌പോര്‍ട്ടില്‍ ജോലിയുണ്ടായിരുന്നു റഷീദിന്. അവിടുത്തെ ഗുസ്തിമത്സരങ്ങളില്‍ പ്രൈസ് വാങ്ങിച്ചോണ്ടിരുന്നയാളാണ്. അങ്ങനെയാണ് അദ്ദേഹത്തെ കണ്ടെത്തുന്നത്.

മിക്ക പടത്തിനും ഇങ്ങനെ പറ്റിയ ആളുകളെ തപ്പിയെടുക്കുകയായിരുന്നു. ആ കഥാപാത്രത്തിന് പറ്റിയതാരാണോ അവരെ എടുക്കുക. അല്ലാതെ താരങ്ങളെ നോക്കി കഥയെഴുതുന്ന പതിവില്ല. അദ്ദേഹത്തെ സംബന്ധിച്ച് നല്ലൊരു പ്രോഡക്ട് ഉണ്ടാക്കുക എന്നതാണ്. പ്രൊഡ്യൂസറെ സംബന്ധിച്ച് ലാഭമുണ്ടാക്കുക എന്നതും. ഡയറക്ടർക്കും നിർമാതാവിന്റെ ലാഭം പ്രധാനമാണ്. വീണ്ടും ഒരു പടം കിട്ടണമെങ്കില്‍ അതു നോക്കണം. ആദ്യമൊക്കെ പടം എടുക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു വിചാരമേ ഉണ്ടായിരുന്നുള്ളു: നല്ല പടമാകണം എല്ലാ അര്‍ത്ഥത്തിലും. പക്ഷേ, പിന്നീട് മനസിലായി നമ്മുടെ മനസിലുള്ളത് പോലൊന്നും പൂര്‍ണമായി ചെയ്യാന്‍ പറ്റില്ല. സാമ്പത്തിക ഇടപാടുകള്‍ ഉള്ളിടത്തോളം കാലം കുറച്ചൊക്കെ നമ്മളൊന്ന് അയഞ്ഞേ പറ്റുകയുള്ളു. അല്ലെങ്കിൽ വീണ്ടും ഒരു പ്രൊഡ്യൂസര്‍ വരാന്‍ ബുദ്ധിമുട്ടാകും. നമ്മുടെ ഉള്ളിലെ സിനിമക്കാരനെ പുറത്ത്‌ കൊണ്ടുവരാനും ബുദ്ധിമുട്ടാകും. അതറിഞ്ഞോണ്ടാണ് പിന്നീട് കലാപരമായും വാണിജ്യപരമായും ചിന്തിച്ചു തുടങ്ങിയത്.

ഒരിടത്തൊരു ഫയല്‍വാനും അരപ്പട്ട കെട്ടിയ ഗ്രാമത്തിലും അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള പടങ്ങളാണ്. പക്ഷേ പത്ത് ദിവസവും ഒരാഴ്ചയുമൊക്കെയേ ഓടിയിട്ടുള്ളു രണ്ടും. ശരിക്കും നഷ്ടമായത് ഫയല്‍വാനായിരുന്നു. എന്നാൽ, പിന്നീട് അത് ടിവി ടെലികാസ്റ്റൊക്കെ ചെയ്ത് ഒട്ടും പ്രതീക്ഷിക്കാതെ മുടക്കിയതിന്റെ നാലിരട്ടി തുക തിരിച്ച് കിട്ടുകയുണ്ടായി. പെരുവഴിയമ്പലം നഷ്ടമായിരുന്നില്ല. കുറച്ചുദിവസം ഓടുകയും ചെയ്തു. അതിന്റെ കോസ്റ്റ് ഓഫ് പ്രൊഡക്ഷന്‍ കുറവായത് കൊണ്ട് പ്രശ്‌നമുണ്ടായില്ല.

വൈക്കത്തുള്ള സുരേഷായിരുന്നു ഫയൽവാന്റെ പ്രൊഡ്യൂസര്‍. പത്മരാജന്റെ ബുക്കിന്റെ കവറുകളൊക്കെ ചെയ്തിട്ടുള്ള ജെ ആര്‍ പ്രസാദ് രണ്ട് ആള്‍ക്കാരെ കൊണ്ടുവന്നു പ്രൊഡ്യൂസറായിട്ട്: ഈ സുരേഷും അശോകനെന്ന മറ്റൊരാളും. അങ്ങനെ പ്രസാദ് പറഞ്ഞിട്ടാണ് സുരേഷിനെ പരിചയപ്പെടുന്നതും ഫയല്‍വാന്‍ ആലോചിക്കുന്നതും.

ഫയല്‍വാന്റെ ഷൂട്ടിങ്ങ് സമയത്ത് ഞങ്ങള്‍ പത്ത് ദിവസം കുമരകത്ത് പോയി താമസിച്ചു. കറിയാച്ചന്റെ (പ്രേം പ്രകാശ്) വീട്ടിലൊക്കെ പോയിരുന്നു

അന്ന് ഒരു ദിവസം ഷൂട്ടിങ്ങ് കഴിഞ്ഞ് വരുമ്പോള്‍ മുകളിലത്തെ നിലയില്‍ നെടുമുടി വേണു നിൽപ്പുണ്ട്. താഴെ ഞങ്ങള്‍ നടന്നുവരുന്നു. മോള്‍ മാതുവിനെ വേണു അവിടുന്ന് വിളിച്ച് എന്തോ തമാശ കാണിച്ചു. ഇവള്‍ ചിരിച്ച് ചിരിച്ച് മുകളിലേക്ക് നോക്കി പടി കയറുന്നതിനിടെ വീണു. ഭയങ്കരമായിട്ട് മുറിഞ്ഞു; പെട്ടെന്ന് രക്തപ്രളയമായി. അച്ഛന്‍ ഫയല്‍വാനെയും കൊണ്ട് ഷൂട്ടിന് പോയിരിക്കുകയാണ്. നെടുമുടിക്ക് അപ്പോള്‍ വര്‍ക്കില്ല. അപ്പോത്തന്നെ വേണുവും കറിയാച്ചനും ഞാനും കറിയാച്ചന്റെ ഭാര്യയും രണ്ടുകാറിലായി കോട്ടയത്ത് കൊണ്ടുപോയി. കൊണ്ടുപോയപ്പോ സ്റ്റിച്ചിടണം.. ആറ് സ്റ്റിച്ച്. ഫയല്‍വാന്റെ ഓര്‍മ്മക്കായിട്ട് അവളുടെ നെറ്റിയില്‍ ഇപ്പോഴും പാടുണ്ട്.

സാമ്പത്തികമായി ഇവിടെ വലിയ വിജയം നേടിയില്ലെങ്കിലും ഒരുപാട് പേര്‍ക്ക് ഫയൽവാൻ ഇഷ്ടപ്പെടുകയും ഒരുപാട് മേളകള്‍ക്ക് വിളിക്കുകയും ചെയ്തു. അങ്ങനെയാണ് ഫ്രാന്‍സിലെ നാൻത് ഫെസ്റ്റിവലിന് (Nantes Film Festival) സിനിമ പോയത്. അദ്ദേഹവും പോയിട്ടുണ്ടായിരുന്നു. കറിയാച്ചന്‍ വളരെ പ്രധാനപ്പെട്ടൊരു റോളാണ് അതില്‍ ചെയ്തത്. ഫ്രാന്‍സില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ കറിയാച്ചന്‍ വരുന്ന ഈ സീനാണ് അവിടെ ഏറ്റവുമധികം കൈയടി നേടിയത്. അവിടെ വച്ച് ലാസ്റ്റ് ടുവില്‍ ഇതും വേറൊരു പടവുമാണ് വന്നതെന്ന് അദ്ദേഹം അന്നെനിക്ക് എഴുതിയത് ഓര്‍ക്കുന്നു.

സ്റ്റേജില്‍ ഓസ്‌കര്‍ മോഡലില്‍ എല്ലാവരെയും വിളിച്ച് വരുത്തിയിട്ടാണ് അനൗണ്‍സ് ചെയ്യുന്നത്. ഇവരെ എല്ലാവരെയും പരിചയപ്പെടുത്തും. അവരുടെ ഇന്റർവ്യൂ, പ്രസംഗം ഒക്കെയുണ്ടാകും. അദ്ദേഹത്തിന് ഭയങ്കര ത്രില്ലിങ്ങ് ആയിരുന്നു ആ എക്‌സ്പീരിയന്‍സ്. തലേദിവസം ഈ രണ്ടു പടത്തിന്റെ ആള്‍ക്കാരെ ടെലിവിഷനിൽ ഇന്റര്‍വ്യൂ ചെയ്‌തിരുന്നു.അവർ ഈ രണ്ടു പേരെ മാത്രേ ഇന്റര്‍വ്യൂ ചെയ്തുള്ളു. അവാര്‍ഡ് കിട്ടിയത് മറ്റേ പടത്തിനാണ്. അപ്പോള്‍ കേട്ടപ്പോള്‍ ഒരു വിഷമം തോന്നിയെങ്കിലും നമ്മുടെ ഫയല്‍വാന്‍ ഇത്രയൊക്കെ എത്തിയല്ലോ എന്നുള്ളൊരു സന്തോഷം അതിന്റെ കൂടെയുണ്ടായിരുന്നു.

ആവശ്യപ്പെടുന്നതനുസരിച്ച് ഓരോ ഭാഷയിലും ചിത്രത്തിന് ട്രാൻസ്‌ലേഷന്‍ കൊടുക്കും. അതിനായി ഇയർ ഫോൺ വച്ചാണ് എല്ലാവരും സിനിമ കാണുന്നത്. ഇംഗ്ലീഷറിയാത്തവര്‍ക്കും അതുകൊണ്ട് മനസിലാകും. അതിൽ ഡയലോഗിനേക്കാള്‍ കൂടുതല്‍ ആക്ഷൻ ആയിരുന്നതുകൊണ്ട് ആള്‍ക്കാര് ചിരിക്കും എന്ന് നമ്മള്‍ ഉദ്ദേശിച്ച സ്ഥലത്ത് മുഴുവന്‍ ഫോറിനേഴ്‌സ് ചിരിക്കുന്നുണ്ടായിരുന്നു. അതൊരു വലിയ ത്രില്ലായിരുന്നു. തിയറ്ററിൽ ഭയങ്കര കൈയടിയും ചിരിയും. അദ്ദേഹത്തിനു വളരെ സന്തോഷമായി.

സുരേഷ് ആദ്യം ചെയ്യുന്ന പടമായതുകൊണ്ട് പ്രിന്റ് ഞങ്ങളുടെ വീട്ടിലായിരുന്നു കുറെക്കാലം. ഞാനാണ് ഈ പ്രിന്റും കൊണ്ട് പല സ്ഥലത്തും പോയി അവാര്‍ഡിന് അയയ്ക്കുക. റയില്‍വേ സ്റ്റേഷനില്‍ പോകുക, അയയ്ക്കുക എല്ലാം ഞാൻ തന്നെ. അവാര്‍ഡിന് അപ്ലൈ ചെയ്യുമ്പോള്‍ പോലും പലപ്പോഴും പത്മരാജൻ ഉണ്ടാവാറില്ല.

അങ്ങനെ ഒരു അവാര്‍ഡ് കിട്ടിയ സമയത്തും അദ്ദേഹം ഇവിടെ ഇല്ല. ലളിതാംബിക അന്തര്‍ജനത്തിന്റെ മകന്‍ എന്‍ മോഹനന്‍ അന്ന് പബ്ലിക് റിലേഷന്‍സ് ഡയറക്ടറോ ഓഫീസറോ മറ്റോ ആയിരുന്നു. ഒരിക്കൽ അദ്ദേഹം വിളിച്ചിട്ടെന്നോട് ചോദിച്ചു: പത്മരാജാവ് അവിടെ ഉണ്ടോ? ഞാന്‍ പറഞ്ഞു, ഇല്ല. പടം വല്ല ഫെസ്റ്റിവലിനും അയച്ചിട്ടുണ്ടോ എന്ന് ചോദിച്ചു അദ്ദേഹം. ഞാന്‍ പറഞ്ഞു: ഉണ്ട്, മലേഷ്യയില്‍. എന്നാല്‍, പത്മരാജന്റെ പടത്തിന് മികച്ച പടത്തിനും തിരക്കഥക്കുമുള്ള അവാര്‍ഡുണ്ട് എന്നു പറഞ്ഞു അദ്ദേഹം.

അതു പക്ഷേ അവിടുത്തെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പോയി വാങ്ങിച്ചിരുന്നു. നമ്മളാരും അറിയുന്നേയില്ല. പൊതുവെ നോര്‍ത്ത് ഇന്ത്യന്‍ ലോബി അന്ന് ശക്തമായിരുന്നു. സൗത്ത് ഇന്ത്യക്കാരോട് വലിയ പരിഗണനയൊന്നുമില്ലായിരുന്നു. ഇപ്പോൾ അത്രയ്ക്കില്ല; അടൂര്‍ ഗോപാലകൃഷ്ണനെ പോലുള്ളവര്‍ വളരെ സ്‌റ്റേണായി നിന്ന് കുറച്ചൊക്കെ നമുക്കൊരു പ്രാധാന്യം കിട്ടിത്തുടങ്ങിയിട്ടുണ്ട്. എന്നാലും അവര്‍ക്കുള്ളത്രയും ആകില്ല. എന്തായാലും അവാര്‍ഡ് കിട്ടിയിട്ട് അവര്‍ വാങ്ങിച്ചു. അതു ഞങ്ങള്‍ക്ക് കിട്ടാന്‍ ഒരുപാട് കാലം താമസിച്ചു. ഗോള്‍ഡന്‍ സ്‌ട്രിപ്പുള്ള ഒന്നായിരുന്നു അത്. ഗോള്‍ഡ് കൊണ്ട് കവറ് ചെയ്തത്. അത് എവിടെയൊക്കെയോ വന്നു കിടന്ന് കൈയിൽ കിട്ടിയപ്പോള്‍ ഒരുപാട് വൈകി.

അദ്ദേഹത്തിന്റെ അമ്മയ്ക്ക് ഏറ്റവുമിഷ്ടമുള്ള പടമായിരുന്നു ഒരിടത്തൊരു ഫയൽവാൻ. അമ്മ അന്ന് വയ്യാതെ കിടക്കുന്ന സമയമാണ്; കാലിന് സുഖമില്ലാതിരിക്കുന്നു. അമ്മയ്ക്ക് ഭയങ്കര ഹോപ്പുള്ള പടമായിരുന്നു…അമ്മയെപ്പോളും പറയുമായിരുന്നു ഇതിനെന്തെങ്കിലും അവാര്‍ഡ് കിട്ടും നിനക്കെന്ന്. അതുപോലെ അമ്മയ്ക്ക് കൃഷ്ണന്‍കുട്ടി നായരെ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. കൃഷ്ണന്‍കുട്ടിനായര്‍ ഇവിടെ വന്ന് അമ്മയെ കാണുകയും ചെയ്തു.


TRIVIA
കോലാലംപൂരിൽ നടന്ന ഇരുപത്തിയേഴാമത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല ചിത്രത്തിനും ഏറ്റവും നല്ല തിരക്കഥയ്‌ക്കുമുള്ള പുരസ്‌കാരം ഒരിടത്തൊരു ഫയൽവാൻ നേടി. 1981-ലെ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്‌കാരവും ഫയൽവാനായിരുന്നു.

ഫയൽവാന്റെ തിരക്കഥ എഴുതാൻ പത്മരാജൻ താമസിച്ച അതേ ബേക്കർ ബംഗ്ലാവിലാണ് ഷൂട്ടിങ് സംഘം മുഴുവൻ താമസിച്ചിരുന്നത്. സംവിധായകനും അഭിനേതാക്കളും സാങ്കേതികപ്രവർത്തകരുമൊക്കെ ഒന്നിച്ച് ഒരു കുടുംബം പോലെ. ഭക്ഷണമുണ്ടാക്കിയിരുന്നത് അടുത്തൊരു വീട്ടിൽ. നായികയ്‌ക്ക് മാത്രം കോട്ടയം ടൗണിൽ മുറിയെടുത്തിരുന്നു.

QUOTES
കണ്ണൻ: ആഘോഷമായിട്ടു കല്യാണം നടത്താനൊന്നും എന്റെ കൈയീക്കാശില്ല; ഫയൽവാനെപ്പോലെ.
കാർത്തി: ഓ! നമ്മളു തമ്മിലെന്തോന്ന് ആഘോഷം? ഇതുപോലെയൊക്കെയങ്ങ് പോയാ മതി. വേണങ്കീ ഇങ്ങോട്ടിങ്ങു പൊറുതി മാറ്റിയേക്കണം.
കണ്ണൻ: ഏതായാലും ഞാനൊന്നാലോചിക്കട്ടെ!
ചക്കര: ആരുവൊന്നും ആലോചിക്കണ്ടാ!
കാർത്തി: നീ പോടീ അപ്പുറത്ത്.
ചക്കര: അമ്മയൊന്നു ചുമ്മാതിരിക്കണം!
കാർത്തി: എടീ നീയിവിടെ മിണ്ടല്ല്! മിണ്ടല്ല്‌ന്ന് പറഞ്ഞാ മിണ്ടല്ല്… അവനറിയാം എന്റെ സങ്കടം; നിനക്കറിയാമ്മേലെങ്കിലും. അവനതു പരിഹരിക്കും. എനിക്കവൻ എന്റെ ചത്തുപോയ ഗോവാലകൃഷ്‌ണനെപ്പോലെയാ!
ചക്കര: ഗോവാലകൃഷ്‌ണനെപ്പോലെ! എന്തിനാ അമ്മേ കാര്യം നേടാൻ അതുവിതും പറേന്നേ?
കാർത്തി: എന്താടീ?
ചക്കര: ഗോവാലകൃഷ്‌ണനാരുന്നേൽ, വയറ്റിലൊള്ള ഒരു പെണ്ണിനെ അമ്മ തലേ വെച്ചു കെട്ടിക്കൊടുക്ക്വോ?
ചക്കര: കൊടുക്ക്വോ അമ്മേ?

QUICK LOOK

Rasheed

Rasheed

Movie: Oridathoru Phayalvan (1981)
Director: P Padmarajan
Story: P Padmarajan
Screenplay: P Padmarajan

Cast: Rasheed, Jayanthi, Nedumudi Venu, Asokan, Krishnankutty Nair, Jayadevan, Prem Prakash, Mavelikkara Ramachandran, Syed, Rishikeshadas, Raju Paakkath, KG Devakiyamma, Dhanya
Camera: Vipin Das
Art director: Sanantha Raj
Editing: P Padmarajan
Lyrics: No Songs
Music: No Songs
Singer: No Songs
Background Music: Johnson
Design: S Rajendran

Producer: Suresh
Banner: Thundathil Films