pranchi
പേരു പോലെ തന്നെ കൌതുകകരമാണ് രഞ്ജിത്തിന്റെ പുതിയ ചിത്രമായ പ്രാഞ്ചിയേട്ടന്‍ & ദ് സെയ്‌ന്റ്. പ്രാഞ്ചിയേട്ടന്‍ എന്നും അരിപ്രാഞ്ചി എന്നും അറിയപ്പെടുന്ന ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് (മമ്മൂട്ടി) എന്ന ബിസിനസുകാരനായ തൃശൂരുകാരന്‍ ഒരു പ്രതിസന്ധിയുടെ നടുവിലാണ്. പല പ്രതിസന്ധികള്‍ക്കു ശേഷം വന്ന ഒരു പുതിയ പ്രതിസന്ധിയുടെ നടുവിലാണ് എന്നു പറയുന്നതാണ് കൂടുതല്‍ ശരി. മരിച്ചുപോയ കാരണവന്മാരുടെ കല്ലറകളില്‍ മെഴുകുതിരികള്‍ കത്തിച്ച് പ്രാഞ്ചി ഉപദേശം തേടുന്നു. പിന്നെ, പള്ളിയില്‍ കയറി പ്രാഞ്ചിയുടെ പേരിനു കാരണക്കാരനായ സെന്റ് ഫ്രാന്‍സിസ് ഓഫ് അസ്സീസിയോട് പ്രാര്‍ഥിക്കുന്നു. പ്രാഞ്ചിയുടെ അതുവരെയുള്ള ജീവിതവും അയാള്‍ കടന്നുപോന്ന പണവും പരാജയവും നിറഞ്ഞ വഴികളും വിശുദ്ധനു (ജെസെ ഫോക്‍സ് അലന്‍) മുന്നില്‍ മെല്ലെ അനാവരണം ചെയ്യപ്പെടുകയാണ്.
അയാളുടെ ജീവിതത്തിലൂടെ കടന്നുപോയവരെയെല്ലാം നമ്മള്‍ പരിചയപ്പെടുന്നു. ചങ്ങാതിമാരായ വാസു മേനോന്‍ (ഇന്നസെന്റ്) ഉതുപ്പ് (ടി ജി രവി), ബാഹുലേയന്‍ (രാമു), ഇന്റീരിയര്‍ ഡിസൈനറായ പത്മശ്രീ (പ്രിയാ മണി), സ്‌കൂളിലെ സഹപാഠിയും അന്നു മുതലേ പാരയുമായ ഡോ. ജോസ് (സിദ്ദിഖ്), സഹപാഠിയും ഇഷ്‌ടക്കാരിയും പിന്നീട് ജോസിന്റെ ഭാര്യയുമായ ഡോ. ഓമന (ഖുശ്‌ബു), ഡ്രൈവര്‍ സുപ്രന്‍ (ടിനി ടോം), പോളി എന്ന പയ്യന്‍ (ഗണപതി)… അങ്ങനെ പലരും.
PLUSES
മലയാളത്തെ സംബന്ധിച്ചിടത്തോളം വളരെ പുതുമയുള്ള അന്തരീക്ഷത്തിലാണ് ഈ ചിത്രം അവതരിപ്പിക്കപ്പെടുന്നത്. സര്‍വഗുണസമ്പന്നനും കരുത്തനുമായ നായകന്‍, നികൃഷ്‌ടതയുടെ ആള്‍രൂപമായ വില്ലന്‍, വില്ലനു മേല്‍ നായകന്റെ ആത്യന്തികമായ വിജയം തുടങ്ങിയ സ്ഥിരം ചേരുവകളൊന്നും പാടേ വേണ്ടെന്നു വച്ചിട്ടില്ലെങ്കിലും കുറച്ചൊന്ന് മാറ്റി ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട് രഞ്ജിത്ത്; വിജയകരമായിത്തന്നെ.
ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ നമ്മുടെ മനസ്സില്‍ നില്‍ക്കുന്നത് മൂന്നു കാര്യങ്ങളാണ്: ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്ന കഥാപാത്രം, സിനിമ മുന്നോട്ടു വയ്‌ക്കുന്ന നിറമുള്ള ജീവിതചിത്രങ്ങള്‍, ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ പ്രേരിപ്പിക്കുന്ന സംഭാഷണങ്ങള്‍.
ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്ന പ്രാഞ്ചിയെ തികഞ്ഞ പെര്‍ഫക്ഷനോടെ രൂപപ്പെടുത്താന്‍ കഴിഞ്ഞു രചനയും സംവിധാനവും നിര്‍വഹിച്ച രഞ്ജിത്തിന്. പ്രാഞ്ചി എന്ന കഥാപാത്രത്തിന്റെ ഐഡന്റിറ്റി കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. പ്രാഞ്ചിയുടെ മനോഭാവവും സംഭാഷണങ്ങളും ചെയ്തികളുമെല്ലാം അതിനൊത്തു നില്‍ക്കുന്നു. അതില്‍ നിന്ന് ഒട്ടും വ്യതിചലിക്കാതെ പ്രാഞ്ചിയെ അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ മമ്മൂട്ടിക്കും കഴിഞ്ഞു. പ്രാഞ്ചിക്കു പറ്റിയ അമളികളും നഷ്‌ടങ്ങളും പരാജയങ്ങളും നമ്മളെ മാത്രമല്ല, പ്രാഞ്ചിയേയും ചിരിപ്പിക്കുന്നുണ്ട് എന്നതാണ് ഈ കഥാപാത്രത്തെ unique ആക്കുന്നത്. ജീവിതത്തെ ഒരു ചിരിയോടെ നേരിടാനാവുമെന്ന് പ്രാഞ്ചി ഓര്‍മിപ്പിക്കുന്നു.
രഞ്ജിത്തിന്റെ ഏറ്റവും മികച്ച സിനിമകളില്‍ (എഴുതിയതും സംവിധാനം ചെയ്തതും) ഒന്നായ നന്ദനം പോലെ, ജീവിതത്തെ പ്രസാദാത്മകമായി കാണാന്‍ ശ്രമിക്കുന്നു പ്രാഞ്ചിയേട്ടന്‍ & ദ് സെയ്‌ന്റ്. പരാജയങ്ങളില്‍ തടഞ്ഞുനില്‍ക്കേണ്ടതില്ല എന്ന ചിരിപ്പിച്ചുകൊണ്ട് ഓര്‍മിപ്പിക്കുന്നു ഈ ചിത്രം; ജീവിതത്തിന് നിറമുള്ള ഒരു വശം തീര്‍ച്ചയായും ഉണ്ടെന്നും.
ഈ സിനിമ ഏറ്റവുമധികം ഓര്‍മിക്കപ്പെടാന്‍ പോകുന്നത് ഇതിലെ ഹൃദ്യമായ, സ്വാഭാവികത നിറഞ്ഞ, നര്‍മം തൊട്ടുവച്ചിരിക്കുന്ന സംഭാഷണങ്ങളുടെ പേരിലാവും. മറ്റെന്തൊക്കെ ഉണ്ടെങ്കിലും ആ തൃശൂര്‍ സംഭാഷണങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ പ്രാഞ്ചിയേട്ടന്‍ & ദ് സെയ്‌ന്റ് ഒരു വരണ്ട സിനിമ ആയിപ്പോകുമായിരുന്നു. എഴുതിയ രഞ്ജിത്തിനും പറഞ്ഞ മമ്മൂട്ടിക്കും അഭിമാനിക്കാം.
ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച പണ്ഡിറ്റ് ദീനദയാല്‍, സര്‍ക്കസ് ബഫൂണിനെ കെട്ടിയെഴുന്നള്ളിച്ചതുപോലെ തോന്നിച്ചെങ്കിലും മറ്റു കഥാപാത്രങ്ങളും അവരെ അവതരിപ്പിച്ചവരും ഏറെ മികവു പുലര്‍ത്തി. വിശുദ്ധനായ ജെസെ ഫോക്‍സ് അലന്‍, വാസു മേനോനെ അവതരിപ്പിച്ച ഇന്നസെന്റ്, പത്മശ്രീയായ പ്രിയാ മണി എന്നിവരുടെ പേര് എടുത്തു പറയണം.
MINUSES
തിര-ക്കിട്ടെഴുതിയ-കഥ വച്ചാണ് രഞ്ജിത്ത് ഇതു ഷൂട്ട് ചെയ്തിരിക്കുന്നതെന്നു വ്യക്തം. ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എത്രത്തോളം well defined കഥാപാത്രമാണോ അത്രത്തോളം ill defined ആണ് ഈ സിനിമയിലെ മറ്റു മിക്ക കഥാപാത്രങ്ങളും. പ്രധാന വേഷങ്ങളായ പത്മശ്രീ, പോളി, ഡോ. ഓമന തുടങ്ങിയവരുടെയൊക്കെ അവസ്ഥ പോലും ഭേദമല്ല. കഥാസന്ദര്‍ഭങ്ങളുടെ കാര്യവും അങ്ങനെ തന്നെ. വളരെ silly ആയിത്തോന്നുന്ന പലതും ഇതില്‍ കടന്നുകൂടിയിട്ടുണ്ട്. ഏറ്റവും മോശമായിപ്പോയത് ഡോ. ഓമനയുടെ സ്വകാര്യജീവിതം കാട്ടിക്കൊടുക്കുന്നതാണ്.
അതൊക്കെ പോട്ടെന്നു വച്ചാലും നമ്മുടെ ബുദ്ധിക്കു മുകളിലൂടെ രഞ്ജിത്ത് പറത്തിക്കൊണ്ടു പോകുന്ന രണ്ടു കാര്യങ്ങള്‍ ഒട്ടും അവഗണിക്കാന്‍ പറ്റില്ല. ഒന്ന് പത്മശ്രീയുമായി ബന്ധപ്പെട്ട കാര്യം. അടുത്തത് പോളിയുടെ കാര്യവും.
കിട്ടിയ ഡേറ്റു വച്ച് പ്രിയാ മണിയേക്കൊണ്ട് പറ്റിയതൊക്കെ ചെയ്യിപ്പിച്ചു എന്നല്ലാതെ പത്മശ്രീ എന്ന കഥാപാത്രത്തെ മര്യാദയ്‌ക്ക് അവതരിപ്പിക്കാനോ ന്യായീകരിക്കാനോ രഞ്ജിത്ത് ശ്രമിച്ചിട്ടില്ല. മകളുടെയോ കൊച്ചുമകളുടെയോ പ്രായമുള്ള പത്മശ്രീയോട് പ്രാഞ്ചിക്ക് പ്രേമം തോന്നുന്നതും കുറച്ച് കടന്ന കൈയായിപ്പോയി. അതിലും വലിയ അക്രമമാണ് അവള്‍ പ്രാഞ്ചിയുടെ കൂടെപ്പാര്‍ക്കാന്‍ കൊതിച്ചിരിക്കുകയാണെന്ന അവസാനത്തെ വെളിപ്പെടുത്തല്‍. ഈ നാട്ടില്‍ ആണുങ്ങള്‍ക്ക് ഇത്ര ക്ഷാമമോ! അല്ലെങ്കില്‍, പെണ്‍പിള്ളേര്‍ക്ക് ഇത്ര ബോധക്കേടോ!
(പ്രാഞ്ചിയേക്കൊണ്ട് പത്മശ്രീയെ കെട്ടിച്ചേ അടങ്ങൂ എന്ന് സംവിധായകന് നിര്‍ബന്ധമുണ്ടായിരുന്നെങ്കില്‍ പ്രിയാ മണിക്ക് പകരം കുറച്ച് മുതിര്‍ന്ന ആരെയെങ്കിലും കാസ്റ്റ് ചെയ്‌താലും മതിയായിരുന്നു. ഉദാഹരണത്തിന്, ശ്വേത മേനോന്‍.)
പോളിയുടെ പരാജയകാരണം കണ്ടുപിടിക്കാന്‍ കഴിയാതെ വിഷമിച്ചിരിക്കുന്ന ഹെഡ്‌മാസ്റ്റര്‍ക്കും അതു തിരഞ്ഞ് നടക്കുന്ന പ്രാഞ്ചിക്കും തൊട്ടു മുന്‍പത്തെ വര്‍ഷം നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തേക്കുറിച്ച് ഒരു വിവരവുമില്ല എന്നു പറഞ്ഞാല്‍ ഒരു വിവരവുമില്ലാത്തവര്‍ പോലും വിശ്വസിക്കാന്‍ പാടുപെടും. പോളിയുടെ വ്യക്തിത്വം define ചെയ്യുന്നതില്‍ കാണിച്ചിരിക്കുന്ന അലംഭാവം കൂടി ഇതിനൊപ്പം ചേരുമ്പോള്‍ പോളി എപിസോഡ് മൊത്തത്തില്‍ പാളിപ്പോകുന്നു.
EXTRA
ആവശ്യത്തിനു സമയമെടുത്ത് കഥയുണ്ടാക്കി അതിന്റെ സാധ്യതകള്‍ തിരിച്ചും മറിച്ചും ആലോചിച്ച് കഥാപാത്രങ്ങളെ മാറ്റിയും മറിച്ചും പരീക്ഷിച്ച് ഒരു തപസ്യ പോലെ സിനിമാനിര്‍മാണം നടത്തിയാല്‍ ലോകമറിയുന്ന ചലച്ചിത്രകാരനാകാനുള്ള കഴിവുണ്ട് രഞ്ജിത്തിന്. മികച്ച സിനിമകള്‍ മലയാളത്തില്‍ കാണാനുള്ള ഭാഗ്യം നമുക്കുമുണ്ടാകും. പക്ഷേ, കിട്ടുന്ന പുല്ലും വയ്ക്കോലും തിന്ന് കെട്ടിയിട്ട കുറ്റിയില്‍ കിടന്നു കറങ്ങുന്ന പശുവിനേപ്പോലെയാകാനാണ് അദ്ദേഹത്തിനു താല്പര്യം. നമുക്കെന്തു ചെയ്യാന്‍ കഴിയും, ഇങ്ങനെ പറയാനും മോഹഭംഗപ്പെടാനുമല്ലാതെ!
LAST WORD
തിരക്കിട്ട് തല്ലിക്കൂട്ടിയെടുത്തതാണെന്ന് തോന്നിപ്പിക്കുന്ന വീഴ്‌ചകളുണ്ടെങ്കിലും, കാണികളെ ശരിക്കും വിനോദിപ്പിക്കാനും കുറച്ചൊന്ന് വിസ്‌മയിപ്പിക്കാനും ഇടയ്‌ക്കല്പം ചിന്തിപ്പിക്കാനും കഴിയുന്ന സിനിമ