തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പൂര്‍വ വിദ്യാര്‍ഥികള്‍ക്കിടയിലെ ഗോത്രബോധം അപൂര്‍വമത്രേ. ശ്യാമപ്രസാദിന്റെ സിനിമ വിന്ധ്യന്‍ നിര്‍മിക്കുന്നു; നാടകവേദിക്കാരായി അറിയാനാഗ്രഹിക്കുന്ന മുരളീമേനോനെപ്പോലുള്ളവര്‍ രഞ്ജിത്തിന്റെ സിനിമയിലഭിനയിക്കുന്നു; രഘൂത്തമന്റെ നാടകത്തിനു ശ്യാമപ്രസാദ് സംഗീതം രചിക്കുന്നു. ജി. ശങ്കരപ്പിള്ള എന്ന വന്‍മരത്തിനു കീഴില്‍, തൃശൂര്‍ നഗരത്തില്‍നിന്നകന്ന അരണാട്ടുകരയുടെ ഗ്രാമീണവിജനതയില്‍ കുടുങ്ങി, നാടകക്കൂട്ടായ്മയില്‍ മുഴുകി ഉരുത്തിരിഞ്ഞതാവണം ഈ ഗോത്രബോധം. അരണാട്ടുകരയിലെ ചാരായ ഷാപ്പ്, ഗോപാലേട്ടന്റെ ചായക്കട, പൊതു ദാരിദ്ര്യം ഇതൊക്കെ ഇവരെ അടുത്ത സഖാക്കളാക്കിയിരിക്കണം. അത്തരമൊരു ഗോത്രബോധപശ്ചാത്തലത്തിലാണ് മോഹന്‍ രാഘവനെ കാണുന്നതും പരിചയപ്പെടുന്നതും. ദൂരദര്‍ശനിലെ രഞ്ജിത്തും പ്രശസ്ത നടനായ അലക്‌സ് കടവിലും ചേര്‍ന്ന് ഒരു ഫ്ലറ്റിലാണ് തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ താമസം. തൊട്ട ഫ്ലറ്റില്‍ ഒറ്റയ്ക്ക് ഞാനും. രഞ്ജിത്ത് സൗമ്യനും വൃത്തിയുള്ളവനും വലിയ വായനക്കാരനുമായിരുന്നു. അലക്‌സ് സൗഹൃദങ്ങളില്‍ അതിവൈകാരികത കാണിച്ചിരുന്നവനും പെട്ടെന്നു പിണങ്ങുന്നവനും അത്ര പെട്ടെന്നുതന്നെ വീണ്ടും ഇണങ്ങുന്നവനുമായിരുന്നു. കാശില്ലാത്ത പതിവുരാത്രികളില്‍ കഞ്ഞിവെച്ചു പങ്കിട്ടും കാശുള്ള അപൂര്‍വ രാത്രികളില്‍ മദ്യപിച്ചു പാട്ടുപാടി, കവിത ചൊല്ലി ഒടുവില്‍ കലഹിച്ചു പിരിഞ്ഞും ഞങ്ങള്‍ സസുഖം വാണു. ഗാനരചയിതാവായ വയലാര്‍ ശരത് ചന്ദ്ര വര്‍മ, പ്രശസ്ത വോളിബോള്‍ കളിക്കാരനായ സുമി, രഞ്ജിത്തിന്റെ നാടായ ചേര്‍ത്തലയില്‍ നിന്നെത്തുന്ന ഗൗരിയമ്മ അനുകൂലികളും വിരുദ്ധരുമായ സഖാക്കള്‍... ചില രാത്രികളില്‍ സദസ്സ് പെരുകി; കൊഴുത്തു.ഇതിനിടയിലേക്കാണ് മോഹന്‍ എന്നൊരു ചെറുപ്പക്കാരന്‍ വന്നുകയറിയത്. ഉയരംകൊണ്ട് ശ്രദ്ധേയന്‍; മൗനംകൊണ്ടും. അലക്‌സ് സ്‌കൂള്‍ ഓഫ് ഡ്രാമക്കാരനാണ്. ഇയാളുമതേ. ഒരേ ഗോത്രക്കാര്‍. അലക്‌സ് അന്ന് സീരിയലുകളില്‍ തിളങ്ങുന്ന താരമായിരുന്നു. സ്വന്തം നിലയ്ക്ക് സീരിയലുകള്‍ ചെയ്യാന്‍ മോഹിച്ചവനുമായിരുന്നു. അലക്‌സിന്റെ സഹായിയായി തിരക്കഥയെഴുതാനെത്തിയതാണ് മോഹന്‍. ഒരു ലോക്കല്‍ ഗാര്‍ഡിയന്റെ ശ്രദ്ധയോടെ ശകാരിച്ചും സ്‌നേഹിച്ചും അലക്‌സ് അയാളെ പരിരക്ഷിച്ചുപോന്നു. അലക്‌സിന്റെ ചെലവില്‍ കഴിയുന്ന ഒരുവനെപ്പോലെ മോഹന്‍ ഒതുങ്ങിക്കഴിഞ്ഞു. മൗനിയായ അയാള്‍ ഇരുപത്തിനാലു മണിക്കൂറും എഴുത്തില്‍ മുഴുകി. ഞങ്ങളുടെ ബഹളസദസ്സുകളില്‍ ചേരുമ്പോഴും അയാള്‍ മൗനിയായി മൂലയ്ക്കിരുന്നു. കവിതയും പാട്ടും തര്‍ക്കങ്ങളും കലഹബഹളങ്ങളും അയാള്‍ കൗതുകത്തോടെ നോക്കിയിരുന്നതേ ഉള്ളൂ. ഒന്നിലും ഇടപെട്ടില്ല. ആരോടും കലഹിച്ചില്ല. മറ്റൊരു സീരിയല്‍ വ്യാമോഹി എന്ന മട്ടില്‍ അലക്‌സൊഴിച്ചു മറ്റുള്ളവരാരും അയാളെ കാര്യമായി ഗൗനിച്ചതുമില്ല. പിന്നീട് അലക്‌സും രഞ്ജിത്തും വിവാഹിതരായി. ഫ്ലറ്റു വിട്ട് അവര്‍ വീടെടുത്ത് അയല്‍ക്കാരായി. ഞാന്‍ ഒറ്റയ്ക്കായി. മോഹന്‍ എവിടേക്കോ പോയി. എവിടെ പോയെന്നു ഞാന്‍ തിരക്കിയില്ല. തിരക്കാന്‍ തോന്നിയില്ല. സീരിയലുകളോടുള്ള ബുദ്ധിജീവിപ്പുച്ഛം കാരണം ഏതെങ്കിലും സീരിയലിന്റെ ക്രെഡിറ്റില്‍ അയാളുടെ പേരുണ്ടോ എന്നുപോലും ശ്രദ്ധിച്ചില്ല. എന്റെ ബുദ്ധിജീവിപ്പുച്ഛത്തിന്റെ ഇടുങ്ങിയ ഇടവഴിയില്‍ അയാള്‍ക്കു സ്ഥാനമില്ലായിരുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞു; അലക്‌സ് മരിച്ചുപോയി. മോഹന്‍ അതിനു മുന്‍പേതന്നെ എന്റെ മനസ്സില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. ഒരു ദിവസം വെളുപ്പിനു നടക്കാന്‍ പോയി മടങ്ങുമ്പോള്‍ വഴിയരുകിലെ തട്ടുകടയില്‍ ചായയ്ക്കു ചെന്നപ്പോള്‍ അതാ അവിടെ മോഹന്‍. അതേ സൗമ്യഭാവം. തലയല്പം നരച്ചിട്ടുണ്ട്. അതല്ലാതെ വലിയ വ്യത്യാസമില്ല. 'മോഹന്‍ ഇപ്പോള്‍ എന്തെടുക്കുന്നു?' പഴയ പുച്ഛഭാവം എന്റെ സ്വരത്തിലുണ്ടായിരുന്നുവോ ആവോ!. 'ഞാനൊരു സിനിമചെയ്തു ചേട്ടാ' മോഹന്റെ സ്വരത്തില്‍ ആ പഴയ നിസ്സംഗത. 'എതു സിനിമ?'മോഹന്‍ ശൂന്യമായി പുറത്തെ തെരുവിലേക്കു നോക്കി. 'ടി.ഡി. ദാസന്‍ ടറേ. ഢകആ.' 'അതു തന്റെ സിനിമയാണോ?'. അമ്പരപ്പു പുറത്തു കാണിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. നല്ല സിനിമയാണെന്ന് പലരും പറഞ്ഞതാണ്. കാണാന്‍ ഒത്തില്ല. ഒരുങ്ങിപ്പുറപ്പെട്ട് എത്തുമ്പോഴേക്കും സിനിമ തിയേറ്റര്‍ വിട്ടിരുന്നു. പല നല്ല കാര്യങ്ങളും അങ്ങനെയാണ്. ഒരുങ്ങിയെത്തുന്നതു കാത്തുനില്ക്കാതെ ഒരുവനെ അവ മറികടന്നു പോകുന്നു . തിരിച്ചു വീട്ടിലേക്കു നടക്കുമ്പോള്‍ പഴയ മോഹന്‍, മോഹന്‍ രാഘവനായി മാറിയ ദുരിതവഴികള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. ഒരു സ്വപ്‌നത്തെ വിടാതെ പിന്തുടരാനുള്ള ആ ചെറുപ്പക്കാരന്റെ നിശ്ചയദാര്‍ഢ്യമാണ് മനസ്സില്‍ നിറഞ്ഞത്. താനെത്ര മടിയനെന്ന ആത്മനിന്ദ പഴയ പുച്ഛത്തെ പുച്ഛിച്ചു മായ്ച്ചുകളയുകയും ചെയ്തു. ബുജിമനസ്സ് ശിരസ്സു കുനിച്ചു.
2010 -ലെ ജോണ്‍ എബ്രഹാം അവാര്‍ഡിനുള്ള ചിത്രപ്രദര്‍ശനം. ടി.വി. ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയില്‍ പ്രശസ്ത സിനിമോട്ടോഗ്രാഫറായ ജയനോടൊപ്പം ഞാനുമൊരംഗം. ശ്യാമപ്രസാദിന്റെ ഇലക്ട്ര, രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍, ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞ് തുടങ്ങി പലതരത്തില്‍ ശ്രദ്ധേയമായ പല ചിത്രങ്ങളും കണ്ടു. അവയ്ക്കിടയിലാണ് 'ടി.ഡി. ദാസന്‍' ഞങ്ങളെയെല്ലാം ഒരുപോലെ അമ്പരപ്പിച്ചുകളഞ്ഞത്. മോഹന്റെ വ്യക്തിത്വത്തിലെ ലാളിത്യമെല്ലാം ആ ചിത്രത്തിനുണ്ടായിരുന്നു. ആ ലാളിത്യം ചിത്രത്തെ കൂടുതല്‍ ഹൃദ്യമാക്കി. ഉള്ളില്‍ തട്ടുംവിധം അത് കാണിയെ ചിത്രത്തോടടുപ്പിച്ചു നിര്‍ത്തി. ലാളിത്യം മാത്രമല്ല, നമ്മുടെ സിനിമയില്‍ ഇന്നപൂര്‍വമായ സാമൂഹികജാഗ്രതയും ചിത്രത്തെ വ്യത്യസ്തമാക്കി. ബാംഗ്ലൂര്‍ നഗരത്തിലെ ഒരു കുട്ടി വിചിത്ര സാഹചര്യങ്ങളിലൂടെ പാലക്കാടന്‍ ഗ്രാമത്തിലെ ഒരു കുട്ടിയെ കത്തുകളിലൂടെ അറിയുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഗ്രാമം നഗരത്തെ വളയുകയല്ല; നഗരം ഗ്രാമത്തെ അറിയുകയാണിവിടെ. പ്ലാച്ചിമട സമരവിശേഷങ്ങളിലൂടെ ആഗോളകുത്തകകള്‍ക്കെതിരേ ഇന്ത്യന്‍ ഗ്രാമങ്ങളിലെ ദരിദ്രജനത നടത്തുന്ന ചെറുത്തുനില്പുകളെക്കുറിച്ചും ആ ബാംഗ്ലൂര്‍ കുട്ടി അറിയുന്നു. വലിയ നഗരങ്ങള്‍ക്ക് അപരിചിതമത്രേ ഇത്തരം വലിയ വലിയ അറിവുകള്‍. കുളത്തില്‍ ചാടി അമ്പത്തിയാറു സെക്കന്‍ഡ്, അമ്പത്തിയാറ് എണ്ണുംവരെ, വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഗ്രാമീണകുട്ടിയുടെ അദ്ഭുതവിദ്യയും അത്രതന്നെ അജ്ഞാതമാണ് വന്‍നഗരത്തിലെ ബാത്ടബ്ബ് ബാല്യജീവിതത്തിന്. വലിയ പുറംലോകത്തോടു സംസാരിക്കുമ്പോഴും ചിത്രത്തിന്റെ മനസ്സ് ഗ്രാമീണയാഥാര്‍ഥ്യങ്ങളില്‍ ജാഗ്രത്തായി; അഭിമാനിയായി. വ്യക്തമായ തീര്‍പ്പുകളില്ലാത്തൊരു തുറസ്സില്‍ ചിത്രം കൊണ്ടുചെന്നവസാനിപ്പിക്കാനുള്ള അപൂര്‍വധീരതയും ഈ സംവിധായകന്‍ കാണിച്ചിരിക്കുന്നു.
'ടി .ഡി. ദാസനാ'യിരുന്നു ഞങ്ങളുടെ മികച്ച ചിത്രം. മറ്റൊരു ചെറുപ്പക്കാരനായ വിപിന്‍ വിജയിന്റെ ചിത്രസൂത്രത്തിനു സ്‌പെഷല്‍ ജൂറി അവാര്‍ഡ്. ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പുതന്നെ അവാര്‍ഡ് വിവരം വിളിച്ചറിയിച്ചപ്പോള്‍ മോഹന്റെ സ്വരത്തില്‍ അമ്പരപ്പായിരുന്നു. ശബ്ദം ഇടറിയിരുന്നു. അമൃത ടെലിവിഷന്റെ ഫിലിം അവാര്‍ഡ് പ്രഖ്യാപനത്തില്‍ 'ദാസന്‍' മികച്ച ചിത്രമായപ്പോഴും ചെറുപുഞ്ചിരിയിലപ്പുറം അയാളില്‍ ഒന്നും കണ്ടില്ല. താരങ്ങള്‍ തിളങ്ങിയ അവാര്‍ഡ് നൈറ്റിലും അയാള്‍ തിളങ്ങാന്‍ മിനക്കെട്ടുകാണില്ല. ഒതുങ്ങി ഒരിടത്തിരുന്നുകാണണം. താരനിശ റിപ്പോര്‍ട്ടു ചെയ്തയാള്‍ മികച്ച ചിത്രത്തിന്റെയോ അതിന്റെ സംവിധായകന്റെയോ പേരുപോലും റിപ്പോര്‍ട്ടില്‍ പറഞ്ഞില്ല. വിളിച്ചു ശുണ്ഠിയെടുത്തപ്പോള്‍ ശ്രദ്ധിച്ചില്ല എന്നായിരുന്നു മറുപടി .തന്നെ മറ്റുള്ളവര്‍ ശ്രദ്ധിക്കുംമട്ടില്‍ മോഹന്‍ പെരുമാറിയിട്ടുണ്ടാവില്ല. അതയാളുടെ ശീലമായിക്കഴിഞ്ഞിരുന്നില്ല. തന്റെ ഇമേജിനെ, ബാങ്കിലിട്ട പണം പോലെ പെരുപ്പിക്കാന്‍ അയാള്‍ക്കറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ നഗരങ്ങളിലെ താരോത്സവങ്ങളില്‍ ഒരു ദരിദ്രഗ്രാമീണനെപ്പോലെ അയാള്‍ അവഗണിക്കപ്പെട്ടതില്‍ അഭ്ദുതമില്ല. ദേശീയ ഫിലിം അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴാണ് എല്ലാം തകിടംമറിഞ്ഞത്. ആദാമിന്റെ മകന്‍, 'ദാസ'നെ മറികടന്നു. അവാര്‍ഡ് ലിസ്റ്റില്‍ ഒരിടത്തും 'ദാസന്‍' ഉണ്ടായിരുന്നില്ല. സംസ്ഥാന അവാര്‍ഡില്‍ നവാഗതസംവിധായകസ്ഥാനമേ മോഹനു ലഭിച്ചുള്ളൂ. അവാര്‍ഡുനിര്‍ണയങ്ങളെല്ലാം വ്യക്തിനിഷ്ഠമാണ്. ലോങ് ജംപ് അളന്നെടുക്കുംപോലെ കലയെ അളന്നെടുക്കാനാവില്ല. രുചിഭേദങ്ങള്‍ അവാര്‍ഡുനിര്‍ണയത്തെ സ്വാധീനിക്കും തീര്‍ച്ച. ആദാമിന്റെ മകനേക്കാള്‍ മികച്ചതായി എനിക്കു തോന്നിയത് 'ദാസനാ'ണ്. പക്ഷേ, പിന്നീടങ്ങോട്ട് 'ദാസന്‍' തഴയപ്പെട്ടു.
ഇതിനിടയ്ക്ക് സിനിമയെടുക്കാന്‍ എനിക്കും വന്നു ഒരു ഓഫര്‍. പരിഭ്രമമായി. ഇപ്പോള്‍ പ്രശസ്തരായ പല പഴയ സിനിമാകൂട്ടുകാരോടും ഈ പരിഭ്രമം പറഞ്ഞു. ആരും ഗൗരവമായെടുത്തില്ല, മോഹനൊഴികെ. അയാളെനിക്കൊരു ബജറ്റുണ്ടാക്കിത്തന്നു. അതിന്റെയും എന്റെയും വരുതിക്കു പാകത്തിലുള്ള ടെക്‌നീഷ്യന്‍മാരെ തേടി. 'എന്തായി, എന്തായി' എന്നു നിരന്തരം വിളിയായി. അയാളുടെ ഓരോ വിളിയും എന്റെ പരിഭ്രമം കൂട്ടി. ആത്മവിശ്വാസക്കുറവും അലസതയും മറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ എന്റെ ശബ്ദം പതറിത്തുടങ്ങി. ഒടുവിലൊരു ദിവസം ആ വിളിയും നിലച്ചു, എന്നന്നേക്കുമായി.
സിനിമയെ മിന്നുകെട്ടിയ മോഹന്‍ കല്യാണം കഴിച്ചില്ല. പാതി ആയുസ്സേ ജീവിച്ചുള്ളൂ. 'ടി.ഡി. ദാസന്‍' അയാള്‍ സമര്‍പ്പിച്ചിട്ടുള്ളത്, അലക്‌സ് കടവിലിന്റെ ഓര്‍മയ്ക്കാണ്. പണ്ടത്തെ സ്‌കൂളിലെ പഴയ ക്ലാസ് മുറിയെ ഓര്‍ക്കുമ്പോലെ.!!
(മോഹന്‍ രാഘവന്‍: ഒരോര്‍മപ്പുസ്തകം എന്ന പുസ്തകത്തില്‍ നിന്ന്)
Wednesday, December 21, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment