രണ്ടാം ലോകമഹായുദ്ധകാലത്ത് ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ നടപ്പിലാക്കിയ അതിനീചമായ അക്രമപ്രവൃത്തികളുടെയും അവയ്‌ക്കെതിരെയുള്ള പ്രതിരോധങ്ങളുടെയും ചിത്രീകരണങ്ങള്‍ക്ക് ലോകസിനിമയില്‍ ഒരു ജനുസ്സിന്റെ പദവിതന്നെ ലഭിച്ചിട്ടുണ്ട്. കുട്ടികള്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഇത്തരം സിനിമകള്‍ ഏറെ പുറത്തുവരുന്നുമുണ്ട്. കുട്ടികള്‍ കേന്ദ്രകഥാപാത്രങ്ങളാവുന്നു എന്നതുകൊണ്ടുമാത്രം ഈ ചലച്ചിത്രങ്ങള്‍ കുട്ടികളെ മുഖ്യപ്രേക്ഷകരായി കരുതണമെന്നില്ല. ചരിത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് ആവശ്യപ്പെടുന്ന പ്രമേയഗുരുത്വത്താല്‍ ഈ സിനിമകള്‍ മുതിര്‍ന്ന പ്രേക്ഷകരെത്തന്നെയാണ് ലക്ഷ്യംവെക്കുക. എങ്കിലും ഇവയില്‍ ചില സിനിമകളെങ്കിലും മാതാപിതാക്കളുടെയോ മുതിര്‍ന്നവരുടെയോ വിശദീകരണങ്ങളോടെ കുട്ടികള്‍ക്ക് കാണാവുന്നവയാണ്.
ഒരു പ്രത്യേക ജനവിഭാഗത്തെ അപകടകാരികളായി ചിത്രീകരിച്ചുകൊണ്ട് വ്യാജ ദേശീയബോധത്തെയും യുദ്ധവെറിയെയും ജ്വലിപ്പിച്ചെടുക്കുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സൂക്ഷ്മപ്രവര്‍ത്തനത്തിന്റെ വിശകലനമാണ് ഈ ചലച്ചിത്രങ്ങള്‍ മിക്കവയും നിര്‍വഹിക്കുന്നത്. കുഞ്ഞുമനസ്സുകളില്‍ വരെ വംശീയ വെറുപ്പിന്റെ ചിന്ത കുത്തിവെച്ചുകൊണ്ട് ബാല്യത്തിന്റെ നിഷ്‌കളങ്കതയെ ഫാസിസം അപഹരിച്ചെടുക്കുന്നതെങ്ങനെയെന്ന് കുട്ടികള്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഇത്തരം സിനിമകള്‍ പരിശോധിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തെയും ഫാസിസത്തെയും ആധാരമാക്കുന്ന പല പ്രമുഖ സിനിമകളും ലക്ഷക്കണക്കിന് ജൂതന്മാരെ ഇല്ലായ്മ ചെയ്ത നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ രംഗങ്ങളിലാണ് ക്യാമറ കേന്ദ്രീകരിക്കാറുള്ളത്. ഈ പ്രമേയത്തെ ആധാരമാക്കി കേരളത്തിലെ സ്‌കൂളുകളില്‍ വ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമയാണ് റോബര്‍ട്ടോ ബെനീഞ്ഞി സംവിധാനം ചെയ്ത ഇറ്റാലിയന്‍ ചിത്രമായ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ (1997).
1998 ലെ കാന്‍ ചലച്ചിത്രമേളയില്‍ ജൂറി പുരസ്‌കാരവും മികച്ച വിദേശചിത്രത്തിനടക്കമുള്ള മൂന്ന് ഓസ്‌കറുകളും നേടിയെടുത്ത ഈ സിനിമ മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ അക്രമപ്രവൃത്തികളിലൊന്നെന്ന് വിശേഷിപ്പിക്കാവുന്ന ജൂതകൂട്ടക്കൊലയെ വിഷാദഛവി പുരണ്ട ഹാസ്യത്തിന്റെ പരിവേഷത്തോടെ വീക്ഷിക്കുന്നു. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ക്രൂരതകള്‍ തന്റെ മകന്‍ അറിയാതിരിക്കാന്‍ യഥാര്‍ഥ സംഭവങ്ങളെല്ലാം ഒരു കളിയാണെന്ന രൂപത്തില്‍ അവതരിപ്പിക്കുന്ന ഒരു പിതാവിന്റെ കഥയാണ് 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍' പറയുന്നത്. ഈ ചിത്രത്തിന് സമാനമായ രീതിയില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ഭീകരദൃശ്യങ്ങള്‍ ഏറെ ചിത്രീകരിക്കാതെ ഫാസിസത്തിന്റെ അമാനവികതയെ പകര്‍ത്തിയ സിനിമയാണ് മാര്‍ക്ക് ഹെര്‍മാന്‍ സംവിധാനം ചെയ്ത 'ദ ബോയ് ഇന്‍ സ്‌ട്രൈപ്പ്ഡ് പൈജാമാസ്' (2008).
കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ഒമ്പതു വയസ്സുകാരനായ ജൂതബാലനും നാസി ഓഫീസറുടെ സമപ്രായത്തിലുള്ള മകനും തമ്മിലുള്ള ബന്ധത്തിലൂടെ മുന്‍വിധികള്‍ സൃഷ്ടിച്ചുകൊണ്ട് ജനവിഭാഗങ്ങള്‍ തമ്മില്‍ അവിശ്വാസം വളര്‍ത്തുന്ന നാസിതന്ത്രങ്ങളെ പഠനവിധേയമാക്കുകയാണ് ഈ സിനിമ. ഫാസിസത്തെയും ഏകാധിപത്യഭരണകൂടങ്ങളെയും കുറിച്ചുള്ള ചലച്ചിത്രങ്ങളിലെല്ലാം കടന്നുവരുന്ന ഒറ്റുകൊടുപ്പിനെയും രക്തസാക്ഷിത്വത്തെയുംകുറിച്ചുള്ള ചിന്തകള്‍ ഈ ചലച്ചിത്രങ്ങളും പങ്കുവെക്കുന്നുണ്ട്. ജൂതകൂട്ടക്കൊലയെ ലഘൂകരിച്ചുകാണുന്നുവെന്ന ആരോപണം ഈ രണ്ടു ചിത്രങ്ങള്‍ക്കുമെതിരെ ഉയര്‍ന്നിട്ടുണ്ടെങ്കിലും നേരിട്ടുള്ള കഥ പറച്ചിലിന്റെ എളുപ്പവഴികള്‍ കുട്ടികളുടെ ഹൃദയങ്ങളെ കീഴടക്കുന്നതിന് ഈ സിനിമകളെ സഹായിക്കുന്നു.
യേ യിങ് (ദായിങ് യേ) സംവിധാനം ചെയ്ത ചൈനീസ് സിനിമ റെഡ് ചെറി (1995), ജോസ് ലൂയിസ് കുര്‍ദയുടെ സ്പാനിഷ് സിനിമ ബട്ടര്‍ഫ്‌ളൈസ് ടങ്ക് (1999), മെക്‌സിക്കോയില്‍നിന്ന് ഹോളിവുഡിലെത്തിയ ഗ്വള്ളിര്‍മോ ഡെല്‍ ടോനെ ഒരുക്കിയ പാന്‍സ് ലാബറിന്ത് (2006) എന്നീ സിനിമകളും ഫാസിസത്തിനുകീഴില്‍ കുട്ടികളുടെ അവസ്ഥ ചിത്രീകരിക്കുന്ന മികച്ച ചലച്ചിത്രങ്ങളാണ്. പത്താംക്ലാസെങ്കിലും കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് മുതിര്‍ന്നവരുടെ വിശദീകരണങ്ങള്‍ക്കൊപ്പം മാത്രം കാണാവുന്ന സിനിമകളാണിവ.
റഷ്യയിലെത്തുന്ന അനാഥയായ ചൈനീസ് ബാലിക നേരിടേണ്ടിവരുന്ന അസാധാരണ ദുരന്തത്തെയാണ് റെഡ്‌ചെറി ചിത്രീകരിക്കുന്നത്. ഒരു നാസി ഓഫീസര്‍ ഈ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഫാസിസ്റ്റ് ജര്‍മനിയുടെ ചിഹ്നം മായ്ക്കാനാവാതെ പച്ചകുത്തുന്നതിനെ യഥാര്‍ഥ സംഭവങ്ങളെ ആധാരമാക്കുന്ന ഈ ചലച്ചിത്രം ദൃശ്യവത്കരിക്കുന്നു. മറ്റൊരാളുടെ ശരീരത്തെ തന്റെ മാസ്റ്റര്‍പീസ് രചനയ്ക്കുള്ള ക്യാന്‍വാസാക്കുന്ന നാസി ഓഫീസറുടെ പെരുമാറ്റം കലാപ്രവര്‍ത്തനത്തിന്റെ രാഷ്ട്രീയ യുക്തികളിലേക്കാണ് പ്രേക്ഷകശ്രദ്ധ തിരിക്കുന്നത്. സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് സ്വരക്ഷയ്ക്കായി റിപ്പബ്ലിക്കന്‍ പക്ഷപാതിയായ തന്റെ പ്രിയപ്പെട്ട അധ്യാപകനെ തള്ളിപ്പറയേണ്ടിവരുന്ന ബാലന്റെ കഥയാണ് 'ബട്ടര്‍ ഫ്‌ളൈസ് ടങ്ക്' പറയുന്നത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് ജനറല്‍ ഫ്രാങ്കോയുടെ ഫാസിസ്റ്റ് ഭരണത്തിനു കീഴിലുള്ള സ്‌പെയിനിന്റെ അവസ്ഥയാണ് 'പാന്‍സ്‌ലാബറിന്ത്' പ്രതിരൂപാത്മകമായി ചിത്രീകരിക്കുന്നത്. ഉദാത്തമായ രാഷ്ട്രീയസ്ഥൈര്യം പ്രകടിപ്പിച്ചുകൊണ്ട് മറ്റുള്ളവര്‍ക്കുവേണ്ടി മരിക്കുകയെന്ന മാനവികതയുടെ ഉന്നതമായ നടപടിയെ ഒരു കുട്ടിയുടെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന 'പാന്‍സ് ലാബറിന്ത്' ചലച്ചിത്രഘടനയിലെ പരീക്ഷണങ്ങളായും ശ്രദ്ധയേമാകുന്നു. ഫാന്‍റസിയെയും ചരിത്രത്തെയും അന്യാദൃശമായ വിധത്തില്‍ മിശ്രണം ചെയ്യുന്ന ഈ സിനിമ ഈ ദശാബ്ദത്തിലെ തന്നെ മികച്ച സിനിമകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. കാനില്‍ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ മൈക്കല്‍ ഹാമാക്കിന്റെ വൈറ്റ് റിബണ്‍ (2009) ഒന്നാം ലോകമഹായുദ്ധത്തിന് തൊട്ടുമുമ്പ് ഒരു ജര്‍മന്‍ ഗ്രാമത്തില്‍ അരങ്ങേറുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഫാസിസവും പുരുഷാധിപത്യവും തമ്മിലുള്ള ബന്ധത്തിലേക്ക് കണ്ണയയ്ക്കാന്‍ ശ്രമിക്കുന്നു. കുട്ടികളില്‍ അക്രമത്വര വളരുന്നതിനെ വിശകലനം ചെയ്യുന്ന ഈ സിനിമ കുട്ടികള്‍ പ്രധാന കഥാപാത്രങ്ങളാവുമ്പോഴും മുതിര്‍ന്നവരുടെ സിനിമയായേ പരിഗണിക്കാവൂ.
ഫാസിസത്തോടുള്ള ഒത്തുതീര്‍പ്പുകളും ഒറ്റുകൊടുപ്പും രക്തസാക്ഷിത്വവുമെല്ലാം വിഷയമായിവരുന്ന ഡച്ച് സിനിമയായ 'വിന്‍റര്‍ ഇന്‍ വാര്‍ ടൈം' (2008) ഈ വര്‍ഷത്തെ മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌കറിനായി നാമനിര്‍ദേശത്തിനുമുമ്പ് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഒമ്പത് ചിത്രങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. നാസി നിയന്ത്രണത്തിലുള്ള ഒരു ഡച്ച് നഗരപ്രാന്ത പ്രദേശത്തിനടുത്തുള്ള ചെറുകാട്ടില്‍ വിമാനം തകര്‍ന്ന് അകപ്പെടുന്ന ബ്രിട്ടീഷ് വൈമാനികനെ രക്ഷപ്പെടുത്താന്‍ മിഹിയേല്‍ എന്ന ബാലന്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ സിനിമയുടെ കാതല്‍. റോം ചലച്ചിത്രോത്സവത്തില്‍ 14 മുതല്‍ 18 വയസ്സുവരെയുള്ളവരുടെ ജൂറി ഈ സിനിമയെ മികച്ച സിനിമയായി തിരഞ്ഞെടുത്തിരുന്നു.
നാസികളോട് ഒത്തുതീര്‍പ്പിന്റെ ഭാഷയില്‍ സംസാരിക്കുന്ന മേയറായ തന്റെ പിതാവിനോട് മിഹിയേല്‍ ഒരകല്‍ച്ച സൂക്ഷിക്കുന്നുണ്ട്. നാസികള്‍ക്കെതിരെയുള്ള രഹസ്യപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയെന്ന് കരുതപ്പെടുന്ന അമ്മാവനാണ് അവന്റെ ഹീറോ. രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യഘട്ടത്തിലെ കടുത്ത ശീതകാലം മിഹിലേലിനെ മാറ്റിമറച്ചുകളയുന്നു.
മിഹിയേല്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന ബ്രിട്ടീഷ് സൈനികന്‍ കൊന്നുകളഞ്ഞ ജര്‍മന്‍കാരന്റെ കൊലപാതകികള്‍ക്കായുള്ള അന്വേഷണത്തിനൊടുവില്‍ അവന്റെ അച്ഛനായ മേയറെ നാസികള്‍ വെടിവെച്ചുകൊല്ലുന്നു. നഗരവാസികളിലൊരാള്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കാനായി മേയറായ താന്‍തന്നെ മരിക്കാമെന്നു തന്റെ പിതാവ് തീരുമാനമെടുക്കുകയായിരുന്നെന്ന തിരിച്ചറിവ് രക്തസാക്ഷിത്വത്തെക്കുറിച്ച് പുതിയ പാഠങ്ങള്‍ അവന് നല്കുന്നു. അവന്‍ ആരാധിച്ചിരുന്ന അമ്മാവന്റെ യഥാര്‍ഥമുഖം ഫാസിസം എങ്ങനെ സൂക്ഷ്മമായി മനസ്സുകളെ കീഴടക്കുന്നുവെന്ന് അവന് മനസ്സിലാക്കിക്കൊടുക്കുന്നു. ഫാസിസത്തിന്റെ ഇരുള്‍വീണ നിഷ്ഠുരമായ ഒരു ശൈത്യകാലം അവനെ ബാല്യത്തില്‍നിന്ന് വലിയവരുടേതായ നിര്‍ണായക തീരുമാനങ്ങളിലേക്ക് എടുത്തെറിയുന്നു.
പക്ഷംചേരലിന്റെ ധീര രാഷ്ട്രീയത്തിലൂടെയാണ് ഫാസിസത്തിന്റെ വിദ്വേഷചിന്തയെ പ്രതിരോധിക്കാനാവുകയെന്ന് മിഹിയേല്‍ അറിയുന്നു. ബോയ് ഇന്‍ സ്‌ട്രൈപ്പ്ഡ് പൈജാമാസി'ലും 'വിന്‍ററി'ലുമെല്ലാം പ്രധാന കഥാപാത്രങ്ങളായ കുട്ടികള്‍ക്ക് ലഭിക്കുന്ന പ്രവര്‍ത്തനസ്വാതന്ത്ര്യം ഫാസിസത്തിന്റെ പിഴപറ്റാത്ത കാര്യക്ഷമതയെ ലഘൂകരിച്ചുകാണിക്കുന്നുണ്ടെന്നു കാണാം. എന്നാല്‍ ജനാധിപത്യബോധത്തിലേക്ക് കുട്ടികളെ നയിക്കുന്നതിനായി ഈ സിനിമകളെടുക്കുന്ന കലാപരമായ സ്വാതന്ത്ര്യമായിക്കണ്ട് ഈ പിഴവുകളെ മുതിര്‍ന്ന പ്രേക്ഷകര്‍ക്ക് ക്ഷമിക്കാവുന്നതാണ് .
No comments:
Post a Comment