....Unwinding reels of Our Cinema...

....Unwinding reels of Our Cinema...

Saturday, January 15, 2011

അത്ഭുതലോകത്തിന്റെ രാഷ്ട്രീയ ധ്വനികള്‍ -mathrubhumi


മാജിക്കല്‍ റിയലിസത്തിന്റെ സ്വപ്‌നഭംഗി നിറയുന്ന ദൃശ്യങ്ങളാല്‍ നിര്‍മ്മിതമായ പോളണ്ടിന്റെ ഗ്രാമീണ രംഗങ്ങളുടെ സമൃദ്ധി യാന്‍ യാക്കൂബ് കോള്‍സ്‌കിയുടെ ചിത്രങ്ങളുടെ സവിശേഷതയാണ്. തന്റെ ചലച്ചിത്രങ്ങളില്‍ നിര്‍മ്മിച്ചെടുക്കുന്ന സുന്ദരമായ ഗ്രാമീണ ദൃശ്യങ്ങളിലൂടെ ഭയം ജനിപ്പിക്കുന്ന ചില രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളിലേക്ക് അന്വേഷിച്ചു ചെല്ലുവാനാണ് കോള്‍സ്‌കി ശ്രമിക്കുന്നത്. 'ജോണി ലാന്‍ഡ്' എന്ന പേരില്‍ വിശേഷിപ്പിക്കപ്പെടുന്ന ഈ നിര്‍മിതലോകം, ഉപരിതലത്തിലെ സ്വപ്‌നഭംഗിയെ വഞ്ചിച്ചുകൊണ്ട് ഭീഷണമായ ചില രാഷ്ട്രീയ സമസ്യകളെ വെളിച്ചത്തുകൊണ്ടുവരുന്നു.

ജൂതകൂട്ടക്കൊല പോലെ അടിയന്തരമായ രാഷ്ട്രീയ ഇടപെടല്‍ ആവശ്യമായ സമയത്ത്, പുരോഗമന രാഷ്ട്രീയ നിലപാടുകളുള്ളവരെന്ന് കരുതപ്പെടുന്നവര്‍ പോലും പുലര്‍ത്തിയ കുറ്റകരമായ നിസംഗത കോള്‍സ്‌കിയുടെ മിക്കവാറും സിനിമകളിലും അന്തര്‍ധാരയായി പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമീണദൃശ്യങ്ങളുടെ പ്രാദേശികഭാവങ്ങള്‍ ഇങ്ങനെ അടിസ്ഥാനപരമായി പ്രകാശിപ്പിക്കുന്നത് അന്തര്‍ദേശീയമായ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെയാണ്. പോളണ്ടില്‍ നിന്നുള്ള കോള്‍സ്‌കിയുടെ സിനിമകളാണ് റെട്രോസ്​പക്ടീവ് വിഭാഗത്തില്‍ ഗോവയില്‍ ഏറ്റവും ശ്രദ്ധ നേടുന്നത്.

ഗബ്രീയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസിന്റെ 'മക്കോണ്ട' യോട് സാദൃശ്യം പുലര്‍ത്തുന്ന ഒരത്ഭുത പ്രദേശം കോള്‍സ്‌കി തന്റെ സിനിമകളില്‍ നിര്‍മ്മിക്കുന്നുണ്ട്. 'അത്ഭുതകരമായ പ്രദേശം' എന്നാണ് കോള്‍സ്‌കിയുടെ ഒരു സിനിമയുടെ പേരുതന്നെ. തന്റെ കുട്ടിക്കാലത്ത് മുത്തശ്ശിക്കൊപ്പം കോള്‍സ്‌കി കഴിഞ്ഞുകൂടിയ പോളണ്ടിലെ ഗ്രാമപ്രദേശത്തിന്റെ സ്മരണയുണര്‍ത്തുന്ന പ്രദേശമാണിത്. ആത്മകഥാപരമായ അനുഭവങ്ങളുടെ അനുരണനം അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സിനിമകളില്‍ പ്രകടമാണ്. ഈ പ്രദേശത്ത് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സ്ഥിരമായി ഒരേ അഭിനേതാക്കള്‍ തന്നെയാണ്.



അതിശയലോകത്തെ അവധാനതയോടുകൂടിയ റിയലിസ മാതൃകയില്‍ ചിത്രീകരിക്കുന്ന കോള്‍സ്‌കിയുടെ മിക്ക സിനിമകളും ചലച്ചിത്ര കലയെക്കുറിച്ചുള്ള സിനിമകള്‍ കൂടിയാണ്. 'ദ ഹിസ്റ്ററി ഓഫ് സിനിമ ഇന്‍ ദ വില്ലേജ് ഓഫ് പോപ്പിലാവി' പോലുള്ള സിനിമകളിലൂടെ ചലച്ചിത്ര ചരിത്രത്തെ തന്റെ അത്ഭുതലോകവുമായി കോള്‍സ്‌കി നിബന്ധിക്കുന്നു. റിയലിസത്തിന്റെ രേഖീയ ആഖ്യാന മാതൃകയെ അട്ടിമറിച്ചുകൊണ്ട് കോള്‍സ്‌കിയുടെ ചിത്രങ്ങളില്‍ കടന്നുവരുന്ന സ്വപ്‌നദൃശ്യങ്ങളും ഡോക്യു-ഫുട്ടേജുകളും ചലച്ചിത്രചരിത്രത്തെയും ചലച്ചിത്ര ജനുസ്സുകളെയും ഓര്‍മിപ്പിക്കുന്നവയാണ്.

'ഹിസ്റ്ററി ഓഫ് സിനിമ'യില്‍ ആദ്യകാല ചലച്ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഏറെയുണ്ട്. 'കീപ്പ് എവേ ഫ്രം ദ വിന്‍ഡോ'യില്‍ ജൂതപെണ്‍കുട്ടിയുടെ ഓര്‍മചിത്രങ്ങളായി കടന്നുവരുന്ന ദൃശ്യങ്ങള്‍ നേരിട്ടുള്ള ആഖ്യാനത്തെ ഖണ്ഡിച്ചുകൊണ്ടാണ് കടന്നുവരുന്നത്. 'പോര്‍ണോഗ്രാഫി' പോലുള്ള ചിത്രങ്ങള്‍ തുടങ്ങുന്നതുപോലും ഇത്തരം ദൃശ്യങ്ങളില്‍ നിന്നാണ്. ചലച്ചിത്രമെന്നത് യാഥാര്‍ത്ഥ്യത്തിന്റെ
പകര്‍പ്പെടുക്കലല്ലെന്നും വ്യത്യസ്തമായൊരു കലായാഥാര്‍ത്ഥ്യമാണെന്നുമുള്ള തിരിച്ചറിവാണ് കോള്‍സ്‌കിയുടെ ചലച്ചിത്ര അന്വേഷണങ്ങളെ മുന്നോട്ടു നയിക്കുന്നത്.

2008 ല്‍ ഗോവയില്‍ നടന്ന ചലച്ചിത്രമേളയില്‍ കോള്‍സ്‌കിയുടെ 'ജാസ്മിനം' എന്ന സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. തന്റെ മുന്‍കാലസിനിമകളില്‍ നിന്ന് വ്യത്യസ്തമായി തന്റെ അത്ഭുതലോകത്തുനിന്നും മാറി വ്യത്യസ്തമായ ഒരന്തരീക്ഷ സൃഷ്ടിക്ക് ഈ സിനിമയില്‍ കോള്‍സ്‌കി മുതിരുന്നുണ്ട്. എന്നാല്‍ തന്റെ കയ്യൊപ്പു ശൈലി ഈ സിനിമയിലും അദ്ദേഹം തുടരുകയും ചെയ്യുന്നു. ഒരു മിണ്ടാമഠത്തില്‍ ചിത്രങ്ങളും മറ്റും പുതുക്കിയെടുക്കാനെത്തുന്ന സ്ത്രീയും അവരുടെ മകളായ് കൊച്ചുപെണ്‍കുട്ടിയും അവിടുത്തെ സന്യാസിമാരെ നിരീക്ഷിക്കുന്നതാണ് ഈ ചിത്രത്തിന് പ്രമേയമാകുന്നത്.

പിന്നീട് ഈ സന്യാസിമാരുടെ വിശുദ്ധ രഹസ്യങ്ങളുടെ ഉള്ളറകളിലേക്കുള്ള സഞ്ചാരമായി ഈ സിനിമ മാറുന്നു. ഇതോടെ ദൈവങ്ങളുടെയും മാലാഖമാരുടെയും ദുഷ്ടശക്തികളുടെയും ഇടമെന്ന നിലയില്‍ ഇതള്‍വിരിയുന്ന കോള്‍സ്‌കിയുടെ അത്ഭുതലോകം ഈ സിനിമയിലും ഇടം കാണുന്നു. ഗ്രാമത്തില്‍ ഒരു വേശ്യയ്ക്കു തുല്യമായ ജീവിതം നയിക്കുന്ന യുവതിയുടെ ശരീരത്തില്‍ ക്രിസ്തുവിന്റെ അഞ്ചു തിരുമുറിവുകള്‍ പ്രത്യക്ഷപ്പെടുന്നതുമായി ബന്ധപ്പെട്ടിട്ടുണ്ടാവുന്ന സംഭവങ്ങളാണ് 'എ മിറാക്കുലസ് പ്ലേസി'ന് വിഷയമാകുന്നത്. ക്രിസ്ത്യന്‍/പേഗന്‍ വിശ്വാസങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ചിത്രീകരണത്തിലൂടെ ഈ ചിത്രം അന്വേഷിച്ചു ചെല്ലുന്നത് രണ്ടാം ലോകമഹായുദ്ധകാലത്തെ ജൂതകൂട്ടക്കൊലയില്‍ തന്നെയാണ്.

ഹോളോകോസ്റ്റിനെ എതിര്‍ക്കുന്നതില്‍ ക്രിസ്തീയ സഭകള്‍ പുലര്‍ത്തിയ കുറ്റകരമായ അനാസ്ഥയെ ഈ ചിത്രം സവിശേഷമായി ഓര്‍മ്മിപ്പിക്കുന്നുണ്ട്. 'തിരുമുറിവുകള്‍' മായ്ച്ചുകളയാന്‍ യുവതിയെ സഹായിക്കുന്ന അത്ഭുതജലത്തെ തിരിച്ചറിയാന്‍ പെട്ടെന്ന് ദൈവത്തില്‍ വിശ്വാസം കണ്ടെത്തുന്ന ഗ്രാമീണജനതയ്്ക്ക് കഴിയുന്നില്ല. തിരുമുറിവ് പ്രത്യക്ഷപ്പെട്ട യുവതിയെ ആദ്യം ദൈവസ്​പര്‍ശമേറ്റവളായും പിന്നീട് ദുര്‍മന്ത്രവാദിനിയായും കാണുന്ന ജനക്കൂട്ടത്തിന് ആഴത്തിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ കാണാനാവുന്നില്ല. പേഗന്‍ വിശ്വാസത്തിന്റെതായ തിരിച്ചറിവിന്റെ തലവും രാഷ്ട്രീയവും നിലപാടെടുക്കലിന്റെ ഒരു പ്രത്യേക ബിന്ദുവില്‍ ഈ സിനിമയില്‍ സംഗമിക്കുന്നു.

സിനിമയെടുക്കുന്ന യന്ത്രം ലൂമിയര്‍ സഹോദരന്‍മാരെക്കാള്‍ മുമ്പേ പോപ്പിലാവി എന്ന കോള്‍സ്‌കിയുടെ സ്വന്തം അത്ഭുതഗ്രാമത്തിലെ ഒരു കൊല്ലന്‍ നിര്‍മ്മിച്ചുവെന്ന സങ്കല്പത്തില്‍ നിന്നാണ് 'ഹിസ്റ്ററി ഓഫ് സിനിമ ഇന്‍ ദ വില്ലേജ് ഓഫ് പോപ്പിലാവി' ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നത്. കോള്‍സ്‌കി കുടുംബത്തിന് പോളണ്ടിലെ ആദ്യകാല സിനിമാ പ്രദര്‍ശനവുമായുള്ള ബന്ധം ഈ സിനിമക്ക് ആത്മകഥാപരമായ ഗൃഹാതുരത്വം സമ്മാനിക്കുന്നുണ്ട്.

രൂപരേഖയില്‍ മാത്രം അവശേഷിക്കുന്ന ഈ സിനിമായന്ത്രം കൊല്ലന്റെ വരുംതലമുറകളെ മുഴുവന്‍ സൃഷ്ടിപരതയാല്‍ ആവേശിക്കുന്നതാണ് ഈ ചിത്രത്തിന്റെ കേന്ദ്ര പ്രമേയമാകുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ രണ്ടു പയ്യന്‍മാരില്‍, കൊല്ലന്റെ കുടുംബത്തില്‍ പെട്ടയാളാണ് സമകാലികതയില്‍ സിനിമായന്ത്രത്തെ കുറിച്ച് അന്വേഷിക്കുന്നത്. ക്ഷയരോഗബാധിതനായ സുസ്‌റ്റെക്ക് എന്ന ഈ ബാലന്റെ രോഗത്തെയും അവന്റെ കളിക്കൂട്ടുകാരനായ സ്റ്റാസെക്കിന്റെ അറിയാതെയുള്ള മൂത്രമൊഴിക്കല്‍ ശീലത്തെയും വരെ മാറ്റുംവിധം ചലച്ചിത്രകലയുടെ ശേഷികള്‍ അവരുടെ ജീവിതങ്ങളെ പരിണമിപ്പിക്കുന്നു.

ഗ്രാമത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന സുസ്‌റ്റെക്കിന്റെ അമ്മാവനും കുതിരയും മഞ്ഞില്‍ ഉറച്ചുനില്‍ക്കുന്ന ഒരു ദൃശ്യം ഈ സിനിമയിലെ സര്‍ റിയല്‍ അന്തരീക്ഷത്തിന്റെ കൃത്യമായ സൂചകമാണ്. ഈ രണ്ടു ബാലന്‍മാരും ചേര്‍ന്ന് സിനിമ പ്രദര്‍ശിപ്പിക്കാനാരംഭിക്കുമ്പോള്‍ പ്രതിമകളെപ്പോലെ ഉറച്ചുപോയ അമ്മാവനും കുതിരയും ജീവനിലേക്ക് തിരിച്ചുവരുന്നു. സിനിമായന്ത്രത്തിന്റെ ആകര്‍ഷണവലയത്തില്‍ പെടുന്നതോടെ പ്രണയവും ലൈംഗികതയും അപ്രസക്തമാകുന്നതിന്റെ രസകരമായ ദൃശ്യങ്ങള്‍ സിനിമയുടെ സര്‍ഗാത്മകതയാല്‍ ഭൂതാവേശിതരായ ഇതിലെ കഥാപാത്രങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നു.

കോള്‍സ്‌കിയുടെ ചിത്രങ്ങളിലെ ആവര്‍ത്തിക്കുന്ന ഭൂഭാഗദൃശ്യങ്ങളും പ്രമേയങ്ങളും ഒരു കൈയൊപ്പുശൈലിയുടെ ഭാഗമായി വാഴ്ത്തപ്പെടുമ്പോഴും വിമര്‍ശനത്തിനിരയാകുന്നുണ്ട്. മുഖ്യ പ്രമേയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം തന്റെ സ്ഥിരം വിഷയങ്ങളോടുള്ള മമത കോള്‍സ്‌കിയുടെ സിനിമകള്‍ വ്യക്തതയില്ലാതാകുന്നുവെന്ന് അധിക്ഷേപിക്കാവുന്നതാണ്. എന്നാല്‍ കൂട്ടക്കൊലയെ നേരിട്ട് ചിത്രീകരിക്കുന്ന കീപ്പ് എവേ ഫ്രം ദവിന്‍സോ എന്ന സിനിമ ഒരു യഥാര്‍ഥ സംഭവത്തിന്റെ ഉള്ളലിയിക്കുന്ന ദൃശ്യഭാഷ്യമാണ്.

കുട്ടികളില്ലാത്ത ദമ്പതിമാരുടെ ഭവനത്തിലേക്ക് രണ്ടാംലോക മഹായുദ്ധകാലത്ത് ഒരു ജൂതയുവതി അഭയം തേടിയെത്തുന്നതും തുടര്‍ന്ന് ഒളിവ് ജീവിതത്തിനിടെ ഗര്‍ഭിണിയായി ഒരു കുട്ടിയെ പ്രസവിക്കുന്നതാണ് ഈ സിനിമയുടെ മുഖ്യ പ്രമേയം. ഹോളോകാസ്റ്റ് സിനിമകളുടെ സ്ഥിരം ശൈലിയില്‍ നിന്നുമാറി അഭയം നല്‍കുന്ന ദമ്പതിമാരുടെ ജീവിതത്തില്‍ യുവതിയുടെ കടന്നുവരവ് സൃഷ്ടിക്കുന്ന സംഘര്‍ഷത്തിലാണ് സിനിമ ഊന്നുന്നത്.

സ്ത്രീത്വത്തിന്റെയും മാതൃത്വത്തിന്റെയും തീക്ഷ്ണ ഭാവങ്ങളെ അതിജീവനത്തിന്റെ രാഷ് ട്രീയ സമസ്യകളുമായി ബന്ധിപ്പിച്ചുകൊണ്ടാണ് കോള്‍സ്‌കിയുടെ ഈ സിനിമ വ്യത്യസ്തമാകുന്നത്. കോള്‍സ്‌കിയുടെ ലളിതസുന്ദര ചിത്രങ്ങളിലൊന്നായ ജാസ്മിനം ഇവിടെ അദ്ദേഹത്തിന്റെ റെട്രോയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമകളുള്‍പ്പടെ എട്ടു സിനിമ ഉള്‍ക്കൊള്ളുന്ന പാക്കേജ് ഗോവയില്‍ പ്രദര്‍ശിപ്പിക്കുന്ന റെട്രോകളില്‍ ഏറ്റവും സമ്പൂര്‍ണമായതാണ്. അത്ഭതുസ്ഥലികളുടെ രാഷ്ട്രീയ വിവക്ഷകള്‍ അനുഭവിച്ചറിയാന്‍ കോള്‍സ്‌കിയുടെ റെട്രോ ഗോവന്‍ പ്രേക്ഷകര്‍ക്ക് അപൂര്‍വ്വ അവസരമാണ് നല്‍കുന്നത്

No comments: