Saturday, January 15, 2011
പൊളാന്‍സ്‌കിയും ഫത്തിഹ് അക്കിനും-mathrubhumi
സമകാലിക ലോകസിനിമയിലെ വിഖ്യാതസംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ 2010 ലെ ഇന്ത്യയുടെ അന്തര്‍ദേശീയ ചലച്ചിത്ര മേളയുടെ ശ്രദ്ധാകേന്ദ്രമാവുന്നു. ഇവ മിക്കവയും വിഖ്യാതമായ ചലച്ചിത്രമേളകളില്‍ പുരസ്‌ക്കാരങ്ങള്‍ നേടിയെടുത്തവയാണ്. ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ ശ്രദ്ധ നേടിയ ചിത്രങ്ങളും പ്രേക്ഷകരില്‍ പ്രതീക്ഷയുണര്‍ത്തുന്നുണ്ട്.
ലോക സിനിമാ ചരിത്രത്തില്‍ മായ്ക്കാനാവാത്ത സര്‍ഗാത്മക മുദ്രകള്‍ പ്രതിഷ്ഠിച്ച ഇതിഹാസ സംവിധായകരില്‍ ഇന്നും സക്രിയരായ രണ്ടു സംവിധായകരുടെ ഏറ്റവും പുതിയ രചനകള്‍ ഗോവന്‍ ചലച്ചിത്ര മേളയിലെത്തുന്നുണ്ട്. 'നൈഫ് ഇന്‍ദ വാട്ടര്‍', ചൈനാ ടൗണ്‍, റോസ് മേരീസ് ബേബി, പിയാനിസ്റ്റ് തുടങ്ങി സിനിമാ ചരിത്രത്തിലെ ക്ലാസിക്കുകളായി വാഴ്ത്തപ്പെടുന്ന രചനകളുടെ കര്‍ത്താവായ പൊളാന്‍സ്‌കിയുടെ ഏറ്റവും പുതിയ സിനിമയായ 'ദ ഗോസ്റ്റ് റൈറ്റര്‍, ആണ് ഇത്തവണ മേളക്കെത്തുന്നത്.
ഈ വര്‍ഷത്തെ ബര്‍ലിന്‍ ചലച്ചിത്ര മേളയില്‍ മികച്ച സംവിധായനുള്ള സില്‍വര്‍ ബെയര്‍ പുരസ്‌ക്കാരം നേടിയ ഈ സിനിമ ഒരു ത്രില്ലറിന്റെ ഘടനയില്‍ ചില രാഷ്ട്രീയ പ്രസ്താവനകള്‍ നടത്താനാണ് ഉദ്യമിക്കുന്നത്. യുദ്ധ കുറ്റകൃത്യങ്ങള്‍ അന്താരാഷ്ട്ര കോടതിയുടെ വിചാരണ നേരിടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആത്മകഥയെഴുതുന്ന അപര എഴുത്തുകാരന്റെ കഥയാണ് 'ഗോസ്റ്റ് റൈറ്റര്‍'.
റോബര്‍ട്ട് ഫാരി ന്റെ 'ദ ഗോസ്റ്റ് ' എന്ന പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമായ ഈ സിനിമ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിനേയും ഭാര്യ ചെറിബ്ലെയറിനേയും ഓര്‍മിപ്പിക്കുന്ന വിധമാണ് ഒരുക്കിയതെന്നത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ആത്മകഥയെഴുതുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയും ഭാര്യയുടെയും അമേരിക്കന്‍ വിധേയത്വത്തെ അവരുടെ സി.ഐ.ഐ ബന്ധവുമായി കൂട്ടിയിണക്കാന്‍ ശ്രമിച്ചുകൊണ്ടാണ് സമകാലിക അന്തര്‍ദ്ദേശീയ രാഷ്ട്രീയത്തെ കുറിച്ച് ഈ സിനിമ പ്രസ്താവനകള്‍ നടത്താനൊരുങ്ങുന്നത്.
ഒരു ത്രില്ലറിന്റെ ഘടനയെ സാര്‍ഥകമായി ഉപയോഗിക്കുന്ന ഈ സിനിമ അസാധാരണമായ വിധത്തില്‍ സിനിമയുടെ ദൃശ്യഭാഷയെ പരിവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് പറയാനാവില്ല. എങ്കിലും വിവാദങ്ങുടെ കളിക്കുട്ടുകാരനായ പൊളാന്‍സ്‌കി പുതിയ സിനിമയിലും വിവാധവിഷയങ്ങളെ തന്നെ പ്രമേയമാക്കുന്നതിലൂടെ സൃഷ്ടി പ്രക്രിയയില്‍ 'തന്റെ ഇട'ത്തിന് അദ്ദേഹം നല്‍കുന്ന പ്രാധാന്യത്തെയാണ് എടുത്തു കാട്ടുന്നത്.
35 ലധികം സിനിമകളിലൂടെ ഫ്രഞ്ച് സിനിമയിലെ ഇതിഹാസങ്ങളിലൊന്നായി മാറിയ ബെര്‍ട്രാന്‍ഡ് ടവേണിയറുടെ, കാന്‍ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'ദ പ്രിന്‍സസ് ഓഫ് മോണ്ട്‌വെന്‍സ്വറാ'ണ് ഇത്തവണ ഗോവയിലെത്തുന്നത്. നവോത്ഥാന കാലഘട്ടത്തില്‍ കത്തോലിക്കരും പ്രോട്ടസ്റ്റന്റ് വിഭാഗക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയ കഥയാണ് ടവേണിയര്‍ തന്റെ പുതിയ സിനിമയില്‍ ചിത്രീകരിക്കുന്നത്.
സമകാലീക പ്രതിഭകള്‍
കാന്‍ ചലച്ചിത്രമളേയില്‍ നിന്നുള്ള പക്കേജിന്റെ ഭാഗമായി ഗോവയിലെത്തുന്ന ചിത്രമാണെങ്കിലും തായ് നവതരംഗ സംവിധായകരില്‍ പ്രമുഖനായ അപിചാറ്റ് പോണ്ട് വീരസേത്തകൂലിന്റെ ' അങ്കിണ്‍ ബൂണ്‍മീ ഹൂ കാന്‍ റികോള്‍ ഹിസ് പാസ്റ്റ് ലൈവ്' എന്ന സിനിമ ഇവിടെ മത്സര വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ഷത്തെ കേരളാ ചലച്ചിത്രമേളയില്‍ ഇദ്ദേഹത്തിന്റെ റെട്രാസ്പിക്ടീവ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകത്തിലെ വിഖ്യതാ ചലച്ചിത്ര മേളകളുടെ ഓമനയായി മാറിയിട്ടുള്ള ഈ ചലച്ചിത്രകാരന്റെ പുതിയ ചിത്രമായ ' അങ്കിണ്‍ബൂണ്‍മീ' കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ പാം നേടിയതാണ്.
പെന്‍ എക് രത്താനരുങ്ക് വിസിത് സസക്കത്തിയേങ്ങ്, നോണ്‍സി നിമിബൂത്തര്‍ തുടങ്ങി തായ് നവതരംഗ പ്രസ്ഥാനത്തിലെ വിഖ്യാത സംവിധായകരില്‍ ഏറ്റവും വ്യത്യസ്തമായ ദൃശ്യഭാഷ തീര്‍ത്ത സംവിധായകനായാണ് വീരസേത്തകുല്‍ അറിയപ്പെടുന്നത്. ട്രോപ്പിക്കല്‍ മലഡി' ' ബ്ലിസ്പുളി യുവേഴ്‌സ്' സിന്‍ഡ്രംസ് ആന്റ് എ സെഞ്ചറി തുടങ്ങിയ അദ്ദേഹത്തിന്റെ പ്രമുഖ ചലച്ചിത്രങ്ങളെല്ലാം തന്നെ പ്രമേയ സ്വീകരണത്തിലും പരിചരണരീതിയിലും തനിമ പുലര്‍ത്തുന്നവയാണ്.ദൃശ്യ പരിചരണം കൊണ്ട് സ്വവര്‍ഗ പ്രണയം പോലെ തായ് സിനിമയില്‍ സെന്‍സര്‍ര്‍ഷിപ്പ് ക്ഷണിച്ചുവരുത്തുന്ന പ്രമേയങ്ങളാലുമാണ് അപ്പിചാറ്റ് പോങ് വ്യത്യസ്തനാകുന്നത്. അദ്ദേഹത്തിന്റെ മുന്‍കാല ചിത്രങ്ങളില്‍ നിന്നും ഭിന്നമായി താരതമ്യേന ലളിതമായ ശൈലി പിന്തുടരുന്ന 'അങ്കിണ്‍ ബൂണ്‍മീ...' മരണാസന്നനായ നായക കഥാപാത്രം തന്റെ പ്രിയപ്പെട്ടവരുമൊത്തുള്ള തന്റെ മുന്‍കാല ജീവിതത്തെ വിശകലനം ചെയ്യുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 2011ല്‍ തായ്‌ലാന്‍ഡിനെ ഓസകാര്‍ അവാര്‍ഡില്‍ പ്രതിനിധീകരിക്കുന്നത് ഈ സിനിമയാണ്.
തുര്‍ക്കി - ജര്‍മ്മന്‍ സംവിധായകനായ ഫത്തിഹ് അക്കിന്‍ മാസ്റ്റര്‍ ക്ലാസിനു വേണ്ടി ഗോവയിലെത്തുന്നുണ്ട്. ഇതിനു പുറമെ 2009 ലെ വെനീസ് ചലച്ചിത്രമേളയില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിയ 'സോള്‍ കിച്ചണ്‍' എന്ന സിനിമയും ഗോവയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. തുര്‍ക്കി - ജര്‍മ്മന്‍ പാരമ്പര്യങ്ങളുടെ ഏറ്റുമുട്ടലിനെ സവിശേഷമായ ആഖ്യാന നവീനതയില്‍ ചിത്രീകരിച്ച് കേരളത്തില്‍ ഏറെ പ്രശ്തമായ ഹെഡ് ഓണിന്റെ സംവിധായകന്റെ പുതിയ ചിത്രം കൂറെക്കൂടി മെരുങ്ങിയ ചലച്ചിത്രഭാഷയിലാണ് പ്രേക്ഷകരോട് സംസാരിക്കുന്നത്.
ഈ വര്‍ഷം കാനില്‍ ജൂറി പുരസ്‌കാരം നേടിയ മഹ്മത് സലേ ഹറൂണിന്റെ ' എ സ്‌ക്രീമിങ്ങ് മാനും ' ജപ്പാനിലെ സമകാലിക സംവിധായകരില്‍ ജനുസ്സുകളുടെ മിശ്രണത്തിലെ മാന്ത്രികത കൊണ്ട് ശ്രദ്ധിക്കപ്പെട്ട താക്കേഷി കിത്താനോയുടെ 'ഔട്ട് റേജും'ഗോവയിലെത്തുന്നുണ്ട്. കിത്താനോയുടെ സിനിമയും കാനിലെ ഇത്തവണത്തെ മത്സരവിഭാഗത്തിലുള്‍പ്പെട്ടിരുന്നു. യാക്കൂസാ ആക്്ഷന്‍ സിനിമകളുടെ പാരമ്പ്യരത്തെ പിന്തുടരുന്ന ഔട്ട് റേജ് കിത്താനോയുടെ മുന്‍കാല ചിത്രങ്ങളുടെ വിപ്ലവകരമായ വ്യത്യസ്ഥത പലര്‍ത്തുന്നുണ്ടെന്ന് പറയാനാവില്ല. കണ്ണില്‍ കത്തുന്ന അക്രമരംഗങ്ങളുടെ സമൃദ്ധി ഈ ചിത്രത്തിലുണ്ടെങ്കിലും കിത്താനോ തന്റെ തന്നെ ശൈലിയുടെ തടവകാരനായതായി ഈ ചിത്രത്തിന്റെ പ്രേക്ഷകനു തോന്നിയാല്‍ അത്ഭുതപ്പെടാനില്ല.
സമകാലിക സിനിമയിലെ വിഖ്യാത സംവിധായകരുടെ നിരയില്‍ ശ്രദ്ധേയനായ ഹുവാന്‍ ജോസ് കം പനെല്ലയുടെ 'ദ സീക്രട്ട് ഇന്‍ ദെയര്‍ ഐസ്' ഇത്തവണ മേളക്കെത്തുന്നുണ്ട്. 2010 ല്‍ ഏറ്റവും മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കാര്‍ നേടിയ ഈ സിനിമ അധികാര പ്രയോഗത്തിന്റെ പ്രത്യയശാസ്ത്രത്തെ തീക്ഷണമായി വിശകലനം ചെയ്യുന്ന സിനിമയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment