ചെറിയ ഒരു കാലപരിധിയിലാണ് സഞ്‌ജയ്- ബോബി സഹോദരങ്ങള്‍ എഴുതി രാജേഷ് പിള്ള സംവിധാനം ചെയ്‌ത ട്രാഫിക് അരങ്ങേറുന്നത്. ഒരു പകലും അല്പം രാത്രിയും അതിനിടെ കടന്നുവരുന്ന ഇത്തിരി ഫ്ലാഷ്‌ബാക്കും. ബൈക്കില്‍ യാത്ര ചെയ്‌തിരുന്ന റെയ്‌ഹാനും (വിനീത് ശ്രീനിവാസന്‍) രാജീവും (അസിഫ് അലി) ട്രാഫിക് സിഗ്നലില്‍ വച്ച് ഒരു അപകടത്തില്‍ പെടുന്നു. സിഗ്നല്‍ തെറ്റിച്ച് പാഞ്ഞുവന്ന ഒരു കാര്‍ അവരെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോവുകയായിരുന്നു.
ടെലിവിഷന്‍ ചാനലില്‍ ജോലി ചെയ്യുന്ന റെയ്‌ഹാന്‍ സൂപ്പര്‍ സ്റ്റാര്‍ സിദ്ധാര്‍ഥ് ശങ്കറിനെ (റഹ്‌മാന്‍) ഇന്റര്‍വ്യൂ ചെയ്യാനായി പോകുമ്പോഴാണ് അപകടമുണ്ടായത്. അപ്പോള്‍ അതേ സിഗ്നലില്‍ മറ്റൊരു കാറില്‍ ഡോ. ഏബലും (കുഞ്ചാക്കോ ബോബന്‍) ട്രാഫിക് ഡ്യൂട്ടിയുള്ള പൊലീസ് കോണ്‍സ്റ്റബിളായി സുദേവനും (ശ്രീനിവാസന്‍) ഉണ്ട്. കൈക്കൂലിക്കേസിലെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് സുദേവന്‍ ആദ്യമായി ജോലിക്കെത്തിയ ദിവസമാണത്.
പാലക്കാടുള്ള ആശുപത്രിയില്‍ സിദ്ധാര്‍ഥ് ശങ്കറിന്റെ മകള്‍ ഹൃദ്രോഗവുമായി മല്ലടിച്ചുകൊണ്ടിരിക്കുകയാണ് അപ്പോള്‍. റെയ്‌ഹാന്റെ പിതാവും (സായ്‌കുമാര്‍) പ്രണയിനിയും (സന്ധ്യ) അവരുടെ കുടുംബവും അവന്‍ ആദ്യമായി അവതരിപ്പിക്കുന്ന അഭിമുഖം കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. വിധി എന്നോ യാദൃശ്ചികത എന്നോ (അല്ലെങ്കില്‍, അതായിരിക്കാം ജീവിതം) പറയാവുന്ന ഒന്ന് ഇവരുടെയെല്ലാം ജീവിതങ്ങളെ കൂട്ടിക്കലര്‍ത്തുന്നു. വേദനയും വിരഹവും സ്നേഹവും കാമവും ചതിയും പ്രതികാരവുമെല്ലാം നിറഞ്ഞ ഒരുപിടി സംഭവങ്ങളിലൂടെയാണ് പിന്നെ നമ്മള്‍ യാത്ര ചെയ്യുന്നത്; അമ്പരപ്പിക്കുന്ന- വേദനിപ്പിക്കുകയും ചെയ്യുന്ന ഒരു യാത്ര.
PLUSES
ഒരുപക്ഷേ, സംവിധായകനു പോലും ഓര്‍ക്കാന്‍ ഇഷ്‌ടം തോന്നാത്ത ഹൃദയത്തില്‍ സൂക്ഷിക്കാന്‍ (2005) ആണ് രാജേഷ് പിള്ള സംവിധാനം ചെയ്‌ത ആദ്യചിത്രം. അതില്‍ നിന്ന് ട്രാഫിക്കില്‍ എത്തുമ്പോള്‍ സംവിധാനകലയില്‍ ഈ ചെറുപ്പക്കാരന്‍ എത്തിപ്പിടിച്ചിരിക്കുന്ന ഉയരം ആരെയും അമ്പരപ്പിക്കുന്നതാണ്. (അഭിനേതാക്കള്‍ സംവിധായകന്റെ കൈയിലെ കരുക്കളാണെന്നൊക്കെ വാചകമടിക്കുമെങ്കിലും താരശോഭ കാണുമ്പോള്‍ മുട്ടില്‍ പനി വരുന്ന സംവിധായകരാണ് നമുക്കുള്ളതില്‍ നല്ല പങ്കും. അവര്‍ രാജേഷിന്റെ കൈയില്‍ നിന്ന് എന്തെങ്കിലും പഠിച്ചെടുത്താല്‍ അവര്‍ക്കും നന്ന്, മലയാളസിനിമയ്‌ക്കും നന്ന്.)
എഴുന്നു നില്‍ക്കുന്ന അരികുകളും വളവുകളും മാറ്റി രാകി മിനുക്കി മൂര്‍ച്ചപ്പെടുത്തിയ തിരക്കഥ രാജേഷ് പിള്ളയുടെ ജോലി കുറച്ചൊന്നുമല്ല എളുപ്പമാക്കിയത്. ഒരുപക്ഷേ, കെ ജി ജോര്‍ജിന്റെയും പദ്മരാജന്റെയും നല്ല കാലത്തിനു ശേഷം ഇത്ര ലക്ഷണമൊത്ത, വളരെ സിനിമാറ്റിക് ആയ തിരക്കഥ അധികം മലയാളസിനിമകള്‍ക്കൊന്നും ഉണ്ടായിട്ടില്ല. അഭിനേതാക്കളല്ല, കഥാസന്ദര്‍ഭങ്ങളാണ് ഈ സിനിമയില്‍ താരശോഭയോടെ നില്‍ക്കുന്നത്. ബോബിക്കും സഞ്‌ജയ്‌ക്കും അഭിമാനിക്കാം. ക്യാമറാമാന്‍ ഷൈജു ഖാലിദ്, ചിത്രസംയോജകന്‍ മഹേഷ് നാരായണൻ എന്നിവരേയും പേരെടുത്തു പറഞ്ഞ് അഭിനന്ദിക്കേണ്ടിയിരിക്കുന്നു.
കഥയ്‌ക്ക് ശേഷമുള്ള സ്ഥാനത്താണെങ്കിലും മിക്ക കഥാപാത്രങ്ങളും അവരെ അവതരിപ്പിച്ചവരും നമ്മുടെ ഉള്ളില്‍ കയറുക തന്നെ ചെയ്യും. സായ്‌കുമാര്‍, റഹ്‌മാന്‍, ലെന, അസിഫ് അലി, ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, രമ്യ നമ്പീശന്‍, കൃഷ്‌ണ, അനൂപ് മേനോന്‍, റോമ, വിനീത് ശ്രീനിവാസന്‍ എന്നിങ്ങനെ പ്രശസ്തര്‍ മുതല്‍ ഒന്നു രണ്ടു സീനുകളില്‍ വന്ന പേരറിയാത്തവര്‍ വരെ തങ്ങളിട്ട വേഷത്തോട് ആവുന്നത്ര ആത്മാര്‍ഥത പുലര്‍ത്തി. ഒരുപാട് കാലത്തിനു ശേഷം ജോസ് പ്രകാശിനെ കാണാനായത് വളരെ സന്തോഷകരം; അതും കഥയുടെ ഗതി മാറ്റുന്ന ഒരു ഒറ്റ സീന്‍ പ്രകടനം.
ഹൃദയസ്‌പര്‍ശിയായ ഒരുപാട് കഥാസന്ദര്‍ഭങ്ങള്‍ ഇതിലുണ്ട്. മകളേക്കുറിച്ച് ഒരു ചുക്കുമറിയാതെ കൈയടികള്‍ക്കു പിന്നാലെ പോകുന്ന അച്ഛനും മകനെ മരണത്തിനു വിട്ടു കൊടുക്കാന്‍ സമ്മതിക്കേണ്ടിവരുന്ന പിതാവുമൊക്കെ ഏറെക്കാലം നമ്മുടെ മനസ്സില്‍ വേദനയുണ്ടാക്കും.
MINUSES
ഈ സിനിമയ്‌ക്ക് ഒരു കുറവുമില്ല എന്ന് പറയാനാവില്ല. ചിലതൊക്കെ കാണാം. പക്ഷേ, അവയേക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ തോന്നുന്നില്ല. അഥവാ, ആ കുറവുകള്‍ക്കു നേരേ ഞാന്‍ മനഃപൂര്‍വം കണ്ണടയ്‌ക്കുന്നു. അതൊരു പാപമാണെങ്കില്‍ വായനക്കാര്‍ കാരുണ്യത്തോടെ ക്ഷമിക്കുക.
EXTRAS
ക്ലൂസോ സംവിധാനം ചെയ്‌ത പഴയൊരു ഫ്രഞ്ച് സിനിമയാണ് ദ് വേജസ് ഓഫ് ഫിയര്‍ (The Wages Of Fear / Le Salaire De La Peur, Henri- Georges Clouzot, 1953). എണ്ണപ്പാടത്തെ തീയണയ്‌ക്കാന്‍ നൈട്രോ ഗ്ലിസറിനുമായി പോകുന്ന നാല് ട്രക്ക് ഡ്രൈവര്‍മാരുടെ യാത്രയാണ് ക്ലൂസോയുടെ ചിത്രത്തിലെ കേന്ദ്രസംഭവം. മിണ്ടിയാല്‍ പൊട്ടിത്തെറിക്കുന്ന ചരക്കാണ് നൈട്രോ ഗ്ലിസറിന്‍. ഓരോ ലോറി നിറയെ നൈട്രോ ഗ്ലിസറിനുമായി റോഡ് എന്നതിനു മറ്റൊരു വാക്കില്ലാത്തതു കൊണ്ടു മാത്രം ആ പേരു വിളിക്കുന്ന അതിദുര്‍ഘടമാര്‍ഗങ്ങളിലൂടെ നീങ്ങുന്ന ആ നാലു പേരുടെയും മുഖവും ജീവിതവും മരിക്കുന്നതുവരെ മനസ്സിലുണ്ടാവും. ജീവിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതുകൊണ്ടു മാത്രം മരണവുമായി കടശ്ശിക്കളിക്കിറങ്ങിയ നാലു പേര്‍. മറ്റൊരു സിനിമയും ഇതുപോലെ എന്നെ പിടിച്ച് ഉലച്ചിട്ടില്ല. ഞാന്‍ കണ്ട മറ്റൊരു സിനിമയും ജീവിതം എന്നു പറയുന്ന സംഗതിയെ ഇത്ര പച്ചയായി define ചെയ്‌തിട്ടില്ല. ദ് വേജസ് ഓഫ് ഫിയര്‍ കണ്ട ദിവസത്തെ ഞെട്ടലിനേക്കുറിച്ച് ട്രാഫിക് ഓര്‍മപ്പെടുത്തി. രാജേഷ് പിള്ളയ്‌ക്കും ബോബി-സഞ്‌ജയ് സഹോദരങ്ങള്‍ക്കും നന്ദി.
പരസ്‌പരം കടന്നു പോകുന്ന നാലു കഥകള്‍ കോര്‍ത്തിണക്കി അലെജാന്‍ഡ്രോ എന്ന മെക്സിക്കന്‍ സംവിധായകന്‍ ഒരുക്കിയ ബാബേലിലെ (Babel, Alejandro González Iñárritu, 2006) ആഖ്യാനതന്ത്രം ട്രാഫിക്കില്‍ ഉപയോഗിച്ചിട്ടുണ്ട്. ബട്ടര്‍ഫ്ലൈ ഓണ്‍ എ വീല്‍ എന്ന കനേഡിയന്‍ ചിത്രത്തെ അതേപടി കോപ്പി ചെയ്ത്കോക്ക്ടെയില്‍ ആക്കി മിടുക്കനായ അനൂപ് മേനോന് ഇന്‍സ്‌പിരേഷനും മോഷണവും തമ്മിലുള്ള വ്യത്യാസം ഈ സിനിമ കാണുമ്പോള്‍ മനസ്സിലാകുമെന്ന് കരുതാം. (അനൂപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്; അദ്ദേഹത്തിന്റെ മടുപ്പിക്കുന്ന know-all ഭാവം മാറ്റി വച്ച് കൃത്യമായ അഭിനയം.)
സമാനതകളില്ലെങ്കിലും രഞ്ജിത് ശങ്കറിന്റെ പാസഞ്ചറിനെയും ഈ ചിത്രം ഓര്‍മിപ്പിക്കുന്നുണ്ട്. ശ്രീനിവാസന്‍, യാത്ര തുടങ്ങിയ പൊതുഘടകങ്ങളാകാം കാരണം. എന്നാല്‍, പാസഞ്ചറിന്റെ അത്ര പ്രകാശമാനമല്ല ട്രാഫിക് പറയുന്ന കാര്യങ്ങള്‍. പാസഞ്ചര്‍ കഴിഞ്ഞപ്പോള്‍ ഒരു ആശ്വാസത്തോടെയാണ് നമ്മള്‍ തിയറ്റര്‍ വിട്ടതെങ്കില്‍ ഈ ചിത്രത്തിലെ പല കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും നമ്മുടെ ഹൃദയത്തെ കൊളുത്തിവലിച്ചുകൊണ്ടിരിക്കും.
രാജേഷ് പിള്ള, ബോബി, സഞ്‌ജയ്, സായ്‌കുമാര്‍, റഹ്‌മാന്‍, ലെന, അസിഫ് അലി എന്നിവരെ ഞാന്‍ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കുന്നു; ഈ ചിത്രത്തിന്റെ മുന്നിലും പിന്നിലും ചെയ്‌ത ജോലിയുടെ പേരില്‍ അവരോടുള്ള സ്നേഹം ഇങ്ങനെയല്ലാതെ പ്രകടിപ്പിച്ചാല്‍ അതു വളരെ ഉപരിപ്ലവവും ഹൃദയശൂന്യവും ആയിപ്പോകുമെന്നതുകൊണ്ട്.
LAST WORD
പരീക്ഷണങ്ങളെയും പുതുമകളെയും ഭയക്കാത്ത പുതുരക്തം മലയാളസിനിമയില്‍ ചൂടു പിടിച്ചു വരുന്നുണ്ടെന്നും ആ ചോരയോടുന്ന തലച്ചോറുകളില്‍ രണ്ടാം തരമല്ല, ഒന്നാം തരം പ്രതിഭ തന്നെ പ്രവര്‍ത്തനനിരതമാണെന്നും ഇനി നമുക്ക് ആരുടെ മുഖത്തു നോക്കിയും പറയാം. EXCELLENT movie; do not miss it
No comments:
Post a Comment