പാഥേയം എന്ന ചിത്രത്തിന്, ആ ചിത്രം പുറത്തിറങ്ങുമ്പോള്‍ ഇല്ലാതിരുന്ന ഒരു പ്രത്യേകത ഇന്നുണ്ട്. ദുഃഖകരമായ ഒരു പ്രത്യേകത. എന്താണെന്നോ, പ്രതിഭാധനനായ സംവിധായകന്‍ ഭരതനും മമ്മൂട്ടിയും അവസാനമായി ഒന്നിച്ച ചിത്രമാണ് പാഥേയം. ഒപ്പം ലോഹിതദാസും. അതിനു പുറമേ, മലയാളം കണ്ട ഏറ്റവും മഹാനായ നടന്മാരിലൊരാളായ ഭരത്‌ഗോപി നീണ്ട കാലത്തെ ഇടവേളയ്‌ക്കു ശേഷം അഭ്രപാളികളില്‍ തിരിച്ചെത്തിയ സിനിമ കൂടിയായിരുന്നു, പാഥേയം. പാഥേയം നിര്‍മിച്ചതും ഗോപിയായിരുന്നു.
പാഥേയത്തിനു ശേഷം പലതരത്തില്‍ നിലനില്‌പിനായുള്ള ചാഞ്ചാട്ടങ്ങള്‍ നടത്തേണ്ടി വന്ന ഭരതന് മമ്മൂട്ടിയുമൊത്തൊരു ചിത്രം ഒരുക്കാന്‍ കഴിഞ്ഞില്ല. പാഥേയം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഭരതന്‍ അന്തരിക്കുന്നതെങ്കിലും ആ വര്‍ഷങ്ങള്‍ മുഴുവന്‍ ദൗര്‍ഭാഗ്യമെന്നു പറയട്ടെ, മമ്മൂട്ടി എന്ന നടനു വേണ്ടി ഒരു ഉജ്വലകഥാപാത്രത്തെക്കൂടി ഒരുക്കാന്‍ ആ സംവിധായകപ്രതിഭയ്‌ക്കു കഴിഞ്ഞില്ല. എങ്കിലും, വലിയൊരു നഷ്‌ടബോധത്തിനു കാരണമില്ല. എന്തെന്നാല്‍, പത്തോ ഇരുപതോ വര്‍ഷത്തിലൊരിക്കല്‍ മാത്രം ഉണ്ടാകുന്നത്ര മികവാര്‍ന്ന, പണിക്കുറ തീര്‍ന്ന കഥാപാത്രമായിരുന്നു പാഥേയത്തിലെ ചന്ദ്രദാസ്.
1991ല്‍ പുറത്തുവന്ന അമരമാണ് ഭരതനും മമ്മൂട്ടിയും ലോഹിതദാസും ഒരുമിച്ച ആദ്യചിത്രം. ആ ചിത്രത്തിലെ അച്ചൂട്ടി എന്ന കഥാപാത്രത്തെ മലയാളി നെഞ്ചേറ്റി. ഇരുന്നൂറു ദിവസം പിന്നിട്ട് അമരം വന്‍വിജയമായിത്തീര്‍ന്നു. അതോടെ മമ്മൂട്ടി-ഭരതന്‍-ലോഹിടീമിന്റെ മറ്റൊരു ചിത്രം മലയാളി കാത്തിരിക്കാനും തുടങ്ങി.
ഇതിനിടെയാണ്, ശാരീരികതളര്‍ച്ച മൂലം വര്‍ഷങ്ങളായി സിനിമാരംഗം വിട്ടുനിന്നതിനാലും, ചികിത്സകള്‍ക്കായി ഏറെ പണം മുടക്കേണ്ടിവന്നതിനാലും സാമ്പത്തികമായി ആകെ തളര്‍ന്ന ഭരത്‌ഗോപിയെ രക്ഷപ്പെടുത്താനും വീണ്ടും രംഗത്തുകൊണ്ടുവരാനും ചില സ്‌നേഹിതര്‍ ശ്രമം തുടങ്ങിയത്. ആ ചിന്ത ഒടുവില്‍ അവസാനിച്ചത്, ഭരത്‌ഗോപി ഒരു സിനിമ നിര്‍മിക്കുക എന്ന ആശയത്തിലാണ്. സാമ്പത്തികമായി പലരും സഹായിക്കാനുണ്ടായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള നടന്മാര്‍ ഡേറ്റ് നല്‍കാന്‍ തയ്യാറും. സാമ്പത്തികവിജയം ഏറെക്കുറെ ഉറപ്പിക്കാന്‍ പറ്റുന്ന ഒരു ടീമായിരുന്നു പിന്നെ വേണ്ടിയിരുന്നത്. അക്കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമായിരുന്നു, മമ്മൂട്ടി-ലോഹി-ഭരതന്‍. അങ്ങനെയാണ് പാഥേയം എന്ന ചിത്രത്തിന്റെ പിറവി.
എഴുത്തുകാരനായ ചന്ദ്രദാസായാണ് മമ്മൂട്ടി പാഥേയത്തില്‍ അഭിനയിച്ചത്. യൗവ്വനത്തില്‍ കല്‍ക്കട്ടയില്‍ താമസിച്ചിരുന്ന അയാള്‍ അവിടെ വച്ച്, ഒരു കാമുകീകാമുകന്മാരെ പരിചയപ്പെട്ടു. ബംഗാളിന്റെ ക്രൂരതകളിലൊന്നായ ഒരു പേമാരിനാളില്‍ അവരിലെ കാമുകിക്ക് നിവൃത്തിയില്ലാതെ ചന്ദ്രദാസിന്റെ വസതിയില്‍ അഭയം പ്രാപിക്കേണ്ടി വരുന്നു. അവര്‍ തമ്മില്‍ ശാരീരികബന്ധമുണ്ടായി. കാമുകനെ ഉപേക്ഷിച്ച്, അവര്‍ ചന്ദ്രദാസിനെ വിവാഹം ചെയ്‌തു. എന്നാല്‍, ഒരു കുഞ്ഞുണ്ടായ ശേഷം ഈഗോക്ലാഷില്‍ അയാളുമായുള്ള ബന്ധം അവസാനിപ്പിച്ച് അവര്‍ പഴയ കാമുകനെ തേടിപ്പോയി. അയാള്‍ അവരെ സ്വീകരിക്കുകയും ചെയ്‌തു.
പിന്നീട് നാം കാണുന്നത് വലിയ എഴുത്തുകാരനായ ചന്ദ്രദാസിനെയാണ്. അയാള്‍ ഊട്ടിയില്‍ ഒരു സ്‌കൂള്‍ ഫങ്‌ഷന് ഉല്‍ഘാടകനായി എത്തുന്നു. അവിടെ വച്ച് അയാളുടെ തന്നെ പ്രൊമിത്യൂസ് എന്ന കവിത നാടകമാക്കിയ ഹരിത എന്ന പെണ്‍കുട്ടിയെ അയാള്‍ പരിചയപ്പെടുന്നു. അവര്‍ തമ്മിലുള്ള ബന്ധം വളര്‍ന്നുവരുമ്പോള്‍ അയാളറിയുന്നു, അയാളുടെ തന്നെ മകളാണ് ഹരിതയെന്ന്.
അയാളുടെ പഴയ ഭാര്യയും ഭര്‍ത്താവും രംഗത്തെത്തുന്നു. അവര്‍ ബലമായി മകളെ കൂട്ടിക്കൊണ്ടുപോകുന്നു. ചന്ദ്രദാസ് മകളുടെ പേരില്‍ അവകാശമുന്നയിച്ച് കോടതിയില്‍ കേസ് കൊടുക്കുന്നു. കോടതി മകളോടു ചോദിച്ചു, ആരെ വേണം. സ്വന്തം അച്ഛനെ വേണോ, അതോ ഉയിരും ഉടലും നല്‍കി വളര്‍ത്തിയ വളര്‍ത്തച്ഛനെ വേണോ. അവള്‍ തെരഞ്ഞെടുക്കുന്നത് സ്വന്തം അച്ഛനെയാണ്. എന്നാല്‍, തന്റെ പ്രവൃത്തി എത്രയോ ജീവിതങ്ങള്‍ക്കു മേലുള്ള ആഘാതമാണെന്നു തിരിച്ചറിയുന്ന ചന്ദ്രദാസ് മകളെ അവളുടെ വളര്‍ത്തച്ഛനു തന്നെ തിരികെ നല്‍കാന്‍ തീരുമാനിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
1993ലാണ് പാഥേയം ഇറങ്ങിയത്. ബന്ധങ്ങളിലെ വൈചിത്ര്യങ്ങളിലും ശക്തികളിലും ഊന്നുന്ന പ്രമേയമായിരുന്നു പാഥേയത്തിന്റേത്. അതിലെ ചന്ദ്രദാസ് ജീവിതത്തില്‍ പല വിരുദ്ധഘട്ടങ്ങളെ അഭിമുഖീകരിച്ചയാളാണ്. അതുതന്നെയാണ് ആ കഥാപാത്രത്തിന്റെ പ്രത്യേകതയും. അയാളുടെ ഗുരുതുല്യനായ കവി വന്ന് ഒരിക്കല്‍ ചോദിക്കുന്നുണ്ട്, നീ വിപ്ലവം പാടിയവനല്ലേ, ഇന്നെന്തുപറ്റി എന്ന്.
ഈയൊരു വൈരുദ്ധ്യത്തിന്റെ സംഘര്‍ഷമാണ് ആ കഥാപാത്രത്തിന്റെ ജീവന്‍. ഏകാകിയായിരിക്കുമ്പോഴും ഓര്‍മകളിലെ കൂട്ടിന്റെ ഭാരം താങ്ങേണ്ടിവരുന്ന, നിസ്സംഗനായിരിക്കുമ്പോഴും പണ്ട് വിപ്ലവകവിയായിരുന്നതിന്റെ സംഘര്‍ഷം പേറേണ്ടിവരുന്ന, അച്ഛനായിരിക്കുമ്പോഴും അനപത്യതാദുഃഖം അനുഭവിക്കേണ്ടിവരുന്ന ദ്വന്ദ്വമനസ്സ്. ഈ ഇരട്ടമുഖത്തിന്റെ വ്യഥാപരിതാപങ്ങളും സംഘര്‍ഷങ്ങളും മമ്മൂട്ടിയുടെ മുഖവും ശരീരവും പകര്‍ത്തിക്കാട്ടി.
സൗമ്യമായ ചലനങ്ങളാണ് പ്രശസ്‌തനായ ചന്ദ്രദാസിലുടനീളം കാണാവുന്നത്. അദ്ദേഹം പൊതുവെ നിസ്സംഗനാണ്. ആ നിസ്സംഗത ചലനങ്ങളില്‍ മമ്മൂട്ടി സ്വാംശീകരിച്ചു. ഉള്ളിലെ ക്ഷോഭം വാക്കുകളായി ഇടയ്‌ക്കിടെ പുറത്തു ചാടും. അപ്പോഴും ശരീരം ഇളകിയാടുകയല്ല, വാക്കുകളിലും അവ വരുന്ന രീതിയിലുമാണ് ആ ക്ഷോഭം പ്രകടമാകുക. ചന്ദ്രദാസിനെ ഉള്ളറിഞ്ഞ മമ്മൂട്ടി അതീവഭദ്രമായി ആ കഥാപാത്രത്തിനു ജീവന്‍ നല്‍കി.
എഴുത്തുകാരന്റെ ഭാവചലനങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ വല്ലാത്തൊരു കൃത്യത മമ്മൂട്ടി എന്നും പാലിക്കാറുണ്ട്. അത് അക്ഷരങ്ങളിലെ ജയദേവനും കരിയിലക്കാറ്റുപോലെയിലെ ഹരികൃഷ്‌ണനും ശ്യാമയിലെ വിശ്വനാഥനും മതിലുകളിലെ ബഷീറും ഒക്കെ തെളിയിച്ചിട്ടുമുണ്ട്. പാഥേയത്തിനു മുമ്പ് മമ്മൂട്ടി അവതരിപ്പിച്ച എഴുത്തുകാരൊക്കെ ഗദ്യകാരന്മാരായിരുന്നു. എന്നാല്‍, പാഥേയത്തില്‍ മമ്മൂട്ടി കവിയായി. കവിയുടേതായ രൂപഭാവഗരിമകള്‍ മേക്കപ്പിലൂടെ കൈവരിച്ച മമ്മൂട്ടിയുടെ കഥാപാത്രം കവിയുടെ പെരുമാറ്റം ആ നടന്റെ നിരീക്ഷണസമര്‍ഥമായ ചലനങ്ങളിലൂടെ ഉള്‍ക്കൊണ്ടു.
പാഥേയത്തിന് മറ്റ് ചില പ്രത്യേകതകള്‍ കൂടി ഉണ്ടായിരുന്നു. കൈതപ്രം- രവി ബോംബെ ടീമിന്റെ ഉജ്വലഗാനങ്ങള്‍, ചിപ്പി എന്ന നടിയുടെ അരങ്ങേറ്റം, ഒടുവിലാന്റെ മികച്ച പ്രകടനം. ഏറെക്കാലത്തെ ഇടവേളയ്‌ക്കു ശേഷം മമ്മൂട്ടിയും നെടുമുടി വേണുവും ഒന്നിച്ച ചിത്രം തുടങ്ങിയ പ്രത്യേകതകള്‍. ടൈപ്പ് വേഷങ്ങളില്‍ മനംമടുത്ത് ചലച്ചിത്രജീവിതം തന്നെ ഉപേക്ഷിച്ച് പിറവത്തെ വീട്ടില്‍ ഒതുങ്ങിക്കൂടിയ ലാലു അലക്‌സ് എന്ന നടന്‍ അത്യുജ്വലമായ അഭിനയം കാഴ്‌ചവച്ച് തന്റെ തിരിച്ചുവന്ന, ആ വരവ് ആഘോഷമാക്കി മാറ്റിയ സിനിമ കൂടിയാണ് പാഥേയം. മമ്മൂട്ടി നേരിട്ടുവിളിച്ച്, ലാലൂ, നിനക്കു മാത്രമേ ഈ കഥാപാത്രത്തെ അവതരിപ്പിക്കാനാവൂ എന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് അഭിനയിപ്പിക്കുകയായിരുന്നു ലാലു അലക്‌സിനെ.
No comments:
Post a Comment